രേഖ ആർ താങ്കൾ - ബോൺസായ്
ബോൺസായ്
നീ എന്റെനേരെ ചൂണ്ടുന്ന വിരൽത്തുമ്പ്
ഉത്തരംമുട്ടിയ എന്നെ
കൊഞ്ഞനം കുത്തുന്നു
ചോദ്യചിഹ്നങ്ങൾ അട്ടഹസിക്കുന്നു
ഞാനെന്താണ് നിന്നോട് ചെയ്തത്?
നീ പോലുമറിയാതെ നിന്റെ
തായ്‌വേരറുത്തതോ
ഉള്ളവേരുകളുടെ പരിധി
വേലികെട്ടിതിരിച്ചതോ?
നിന്റെ ലോകത്തിന്റെ ആഴം കുറച്ചതോ
മഴത്തുള്ളിക്കൊപ്പം
കുറുമ്പുകൾ കാട്ടാതെ
കാറ്റിൻ തലോടലിൽ
കണ്ണിണ മയങ്ങാതെ
വെയിലിന്റെ സ്പർശത്താൽ
നിൻ നിറം മാറാതെ
നിന്റെ വളർച്ചയെ ഇഞ്ചായരിഞ്ഞതോ
ഞാനെന്താണ് നിന്നോട് ചെയ്തത്?
ഋതുക്കളുടെ കുടമാറ്റത്തിനൊപ്പം
വർണ്ണപ്രപഞ്ചമൊരുക്കാൻ
നിനക്ക് കഴിയാതെപോയതോ?
വെളിച്ചത്തേക്ക് എത്തിനോക്കാൻ
അനുവദിക്കാതെ നിന്റെ ശിഖരങ്ങൾ
കറുത്തു തടിച്ചു ചുരുണ്ടുപോയതോ?
നിന്റെ ലോകത്തിന്റെ അതിരുകൾ
എന്റെ കണക്കുകൂട്ടലിൽ
ഒതുങ്ങിയപ്പോൾ
നിനക്ക് നിഷേധിക്കപ്പെടുന്നത്
എന്തൊക്കെയാണ്?
എന്റെ സ്വീകരണമുറിയുടെ ഒരറ്റത്ത്
അഹന്തക്കും അന്തസ്സിനും
ചേരുന്ന വിധത്തിൽ
നിന്നെ പ്രദര്ശനവസ്തുവാക്കിയപ്പോൾ
നിന്റെ ആകൃതിയും പ്രകൃതിയും
ഞാനാണ് നിശ്ചയിക്കുന്നതെന്ന്
അഹങ്കരിച്ചുകൊണ്ട്
ഞാൻ നിന്നെ ഷേപ്പ് ചെയ്തു
നീയെന്റെനേരെ ചൂണ്ടുന്ന
വിരലുകൾക്കുമുന്നിൽ
ഇന്നെനിക്കുത്തരമില്ല !!
രേഖ ആർ താങ്കൾ
ആഹാ
മറുപടിഇല്ലാതാക്കൂ