കടക്കവട്ടം സ്മരണകൾ

തൃശൂർ പൂരത്തോടനുബന്ധിച്ച് ഒരു കുഴൂർ അനുസ്മരണ
ദേവദാസ് കടയ്ക്കവട്ടം


തൃശൂർ പൂരത്തിലെ തൃപുട വിസ്മയമായിരുന്ന കുഴൂരാശാൻ-(ദേവദാസ്കടയ്ക്കവട്ടം)
പതികാലത്തിലു൦ ത്രിപുടയിലും പൂരപ്രേമികളുടെ   മനം കവർന്ന കലാകാരനായിരുന്നു പത്മഭൂഷൺ കുഴൂർ നാരായണമാരാർ.സൗമ്യമായ പ്രകൃതം, ചിട്ടകളിലെ നിഷ്ഠ, തലയെടുപ്പുള്ള എന്നാൽ ഒട്ടും തലക്കനമില്ലാത്ത പെരുമാറ്റം, പകരം വയ്ക്കാനാവാത്ത വൈദഗ്ദ്ധ്യം ഇതെല്ലാമായിരുന്നു കൊരട്ടിയുടെ അഭിമാനമായിരുന്ന കൂഴൂരാശാൻ.നീണ്ട 41 വർഷം പാറമേക്കാവിൻ്റെ വാദ്യപ്രമുഖൻ.അതിനിടയിൽ 12 വർഷം തൃശൂർ പൂരത്തിന് പാറമേക്കാവിൻ്റെ പഞ്ചവാദ്യ പ്രമാണി- ഇത് അപൂർവ്വo ചില കലാകാരന്മാർക്ക് മാത്രം കൈവരുന്ന ഭാഗ്യമാണ്.
                  പഞ്ചവാദ്യത്തിലെ മർമ്മപ്രധാനമായ വാദ്യോപകരണമാണ് തിമില.കാലം നിരത്തുന്നതും കലാശിക്കുന്നതും തിമിലക്കാരനിലൂടെയാണ്. തിമില പ്രമാണിയാണ് പഞ്ചവാദ്യം നയിക്കുന്നത്. സ്വന്തം കലാപാടവ പ്രദർശനം മാത്രമല്ല പഞ്ചവാദ്യത്തിൽ പ്രധാനം. ഇടത്തും വലത്തും നിൽക്കുന്നവർ, പിന്നിൽ നിൽക്കുന്ന ഇലത്താളക്കാർ, മുന്നിൽ നിൽക്കുന്ന മദ്ദളക്കാർ എന്നിവരുടെയെല്ലാം കഴിവുകൾ പ്രമാണി അറിഞ്ഞിരിക്കണം. മൂന്നാമത്തെ ശംഖോടുകൂടി കാലം നിരത്തിത്തുടങ്ങിയാൽ പിന്നെ പ്രമാണിയുടെ ചലന വേഗത്തിനൊപ്പം മദ്ദളവും ഇടയ്ക്കയും കൊമ്പും  ഇലത്താളവുമെല്ലാം ഇഴുകിച്ചേരുമ്പോഴാണ് പഞ്ചവാദ്യം ഒരു മാസ്മരിക പ്രകടനമായി മാറുന്നത്.ഇവിടെ പ്രമാണിയുടെ നേതൃത്വഗുണം അനിവാര്യതയായി വരുന്നു. ഇത് കുഴൂരാശാനിൽ വേണ്ടുവോളമുണ്ടായിരുന്നു താനും. അദ്ദേഹം വെറുമൊരു പഞ്ചവാദ്യക്കാരൻ മാത്രമായിരുന്നില്ലെന്ന് സാരം. അത് കൊണ്ടൊക്കെത്തന്നെയായിരിക്കണം അനേകം ചെറുതും വലുതുമായ പുരസ്ക്കാരങ്ങൾക്ക് പുറമേ ഇന്ത്യയുടെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ പത്മഭൂഷണും അദ്ദേഹത്തെത്തേടിവന്നത്.2010ലാണ് ഭാരതം പത്മഭൂഷൺ നൽകി അദ്ദേഹത്തെ ആദരിച്ചത്.
              കാലം നിരത്തി കൊട്ടിക്കയറി അഞ്ചാമത്തെ ഖണ്ഡമാകുമ്പോഴാണ് പതി കാലത്തിലെത്തുക. കാലം നിരത്തിക്കയറുമ്പോൾ ചിലർ കീഴ്പ്പോട്ട് വലിക്കാറുണ്ട്. എന്നാൽ, കുഴൂരാശാൻ ആ കാലത്തിലൂടെ തന്നെ പോകാറാണ് പതിവ്. ആശാൻ്റെ ത്രിപുട പ്രസിദ്ധമാണ്. പലപ്പോഴും ത്രിപുട ആവർത്തന ദൂഷ്യമുള്ളതും ആസ്വാദ്യ കുറവുള്ളതുമാകാറുണ്ടെങ്കിലും കുഴൂരാശാൻ്റെ ത്രിപുട തികച്ചും വ്യത്യസ്തവും എന്നും ആസ്വാദനക്ഷമതയുള്ളതുമായിരുന്നു.അന്നമനട പീതാംബരമാരാർക്ക് ശേഷം ത്രിപുടയിൽ ഇത്രയും വിസ്മയം തീർത്ത കലാകാരനുണ്ടായിരുന്നോ എന്ന കാര്യം സംശയമാണ്.അദ്ദേഹത്തിൻ്റെ ത്രിപുട വൈദഗ്ധ്യം സംഗീതാത്മകമായി പരിസരത്തെ കീഴടക്കുമ്പോൾ തൃശൂർപൂരത്തിനിടയിലെ നാദ പ്രപഞ്ചമായി അത് മാറുന്നു. ആ മികവിൽ കൂടെ നിൽക്കുന്നവരുടെ കുറവുകൾ കൂടി അതിലലിഞ്ഞില്ലാതാകുന്നു.
          ക്ഷേത്ര വാദ്യകലാരംഗത്ത് പത്മഭൂഷൺ ലഭിച്ച ഏക വ്യക്തിയാണ് കുഴൂർ നാരായണമാരാർ.ജന്മദേശമായ കുഴൂരിൻ്റേയും താമസസ്ഥലമായ കൊരട്ടിയുടേയും പേര് ലോക ഭൂപടത്തിൽ സ്ഥാനം പിടിക്കാൻ കാരണക്കാരനായ അദ്ദേഹത്തെ നാട്ടുകാർ സ്നേഹബഹുമാനങ്ങളോടെ ഓർമ്മിക്കുന്നു. 2011 ആഗസ്റ്റ് 11 ന് ആ നാദവിസ്മയം അരങ്ങൊഴിഞ്ഞെങ്കിലും ഓരോ പൂരം വരുമ്പോഴും ആ പതികാലവും ത്രിപുടയും മേള പ്രേമികൾ ഉൾത്തരിപ്പോടെ ഓർത്തെടുക്കുന്നു. ഓരോ മേളപ്പെരുക്കത്തിലും അദ്ദേഹത്തിൻ്റെ നൂറ് കണക്കിന് ശിഷ്യഗണങ്ങൾ തങ്ങളുടെ ആചാര്യന് നന്ദിപൂർവ്വം സ്മരണാഞ്ജലിയർപ്പിക്കുന്നു. അദ്ദേഹത്തിൻ്റെ പേരിൽ ആരംഭിച്ച കുഴൂർ നാരായണ മാരാർ ഫൗണ്ടേഷൻ സൗജന്യമായി നടത്തുന്ന പഞ്ചവാദ്യ പരിശീലനം ആ യുഗപ്രഭാവൻ്റെ ഗുണശീലത്തിൻ്റെ തുടർച്ചയായി നമുക്ക് കണക്കാക്കാവുന്നതാണ്..

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ലാത്തിയും വെടിയുണ്ടയും - പാഠ വിശകലനം. കവളങ്ങാടൻ

കവിക്കൂട്ടം മാസിക മാർച്ച് 2021

കവിത - ഗാഥ