കുത്തൊഴുക്ക് -ഗീത മുന്നൂർക്കോട്


നോക്കുകുത്തി
    ........................
 ഗീത മുന്നൂർക്കോട്

രാത്രിഞ്ചരന്മാരുടെ നഖരനഖങ്ങൾ
നിലാപ്പെണ്ണിന്റെ നീലഞരമ്പുകൾ
കോറി മുറിച്ച് ചീറ്റിച്ചിതറിയതിന്റെ
നിണപ്പാടുകൾ
പതിഞ്ഞിട്ടുണ്ടെന്റെ ഉടയാടകളിൽ…

മുക്കുവത്തിയുടെ നെഞ്ചുടഞ്ഞ വേദന
തിരമാലകളിൽ കലർന്നൂറിയപ്പോൾ
മുത്തും പവിഴവും വാരിക്കോരാൻ
ജീവിതത്തിന്റെ ചേർക്കുണ്ടുകളിലേക്ക്
ഊർന്നിറങ്ങുന്ന അരയക്കരുത്തിന്റെ
മുദ്രകളടിച്ചിട്ടുണ്ടെന്റെ
കരൾത്തടങ്ങളിൽ…

തെങ്ങിൻ കള്ളിന്റെ പതപ്പിൽ
കാതോർത്ത് കുതിക്കുന്ന കാൽ വളയത്തിലൂടെ
ഇറ്റിറ്റുടയുന്ന ലഹരിത്തുള്ളികൾ
തുളുമ്പുന്നുണ്ടെന്റെ മാർത്തടങ്ങളിൽ…

വിശപ്പ് കൊത്താംകല്ലാടുന്ന കൽപ്പടവുകളിൽ
കൽ വെട്ടിയുടെ കൈത്തഴമ്പുകൾ
പുഴുകുത്തിപ്പഴുത്തൊലിക്കുന്നുണ്ടെന്റെ
നിറകൺത്തടങ്ങളിൽ...

വെയിക്കുടങ്ങളിൽ നൊമ്പരം തിളക്കും വഴി
ചവിട്ടി നീന്തുന്ന കുഞ്ഞുകാലുകളുടെ
പിളരുന്ന വരകൾ
നീറുന്നുണ്ടെന്റെ നഗ്നപാദങ്ങളിൽ…

തലങ്ങും വിലങ്ങും വണ്ടിപ്പെട്ടികളിൽ
മദ്ദളം കൊട്ടിപ്പാടുന്ന കുഞ്ഞു വയറുകളിലൂടെ
ചോർന്നിറങ്ങി
ഉള്ളം കൈയ്യുകളിലൂടെ
ചെറിയ നാണയക്കലമ്പലുരുളുന്നത്
എന്റെ ഗ്രഹണിക്കനത്തിലമ്ലം ചേർക്കുന്നുണ്ട്…

എന്നിട്ടും
ഒരു പിടി പൊരിഞ്ഞ മണ്ണ് 
വായിൽ തിരുകിയിറക്കാനാകാതെ
തിരിച്ചറിവുകളിൽ പുളയുന്ന എന്റെ സ്വത്വം
പൊള്ളക്കുടത്തിന്റെ
ഉരുണ്ട ഉണ്ടക്കണ്ണുകളിലൂടെ
അകർമ്മണ്യസത്വമായി…
വെറുമൊരു നോക്കുകുത്തി!
                    oo
  
കുത്തൊഴുക്ക്
    ***************
*ഗീത മുന്നൂർക്കോട്*

കുടമുല്ലയരിപ്പല്ലിൽ
ചിരിച്ചുരുണ്ട
ബാല്യത്തിൽ നിന്നും
ചെഞ്ചായം
ചീന്തിയെടുത്ത്
മനസ്സടുക്കിൽ 
പെറ്റുപെരുകാൻ
കാത്തുസൂഷിച്ചിരുന്നു

അരുവിയൊഴുക്കായി
പാടിനടന്ന 
കൌമാരസരസ്സിൽ
നിന്നുമൊരു
രാഗത്തുണ്ടും 
നുള്ളി എടുത്തിരുന്നു!

യൌവ്വനം തുടിച്ച
പേരാലിലകളോട്
മർമ്മരത്താളം കടം കൊണ്ടു!

മോഹാകാശത്തു നിന്നും
പ്രണയക്കിളികളെ
വിരുന്നൂട്ടിയുന്മാദം പൂണ്ടു!

ഉരുണ്ടുകൂടിയ 
ജീവിതത്തിലേക്ക്
മേഘമൽഹാർ 
തൊടുത്തു നിന്നു !

ഒരു തുണ്ടു ചിന്ത
പൊട്ടിച്ചെടുത്തതിൽ പാതി
നുണഞ്ഞിറക്കിയതേ
തുടക്കമിട്ട കുത്തൊഴുക്ക്
ആശയക്കടലലകൾ
അലറിവരുന്നു
കവിതയിലേക്ക്!

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ലാത്തിയും വെടിയുണ്ടയും - പാഠ വിശകലനം. കവളങ്ങാടൻ

കവിക്കൂട്ടം മാസിക മാർച്ച് 2021

കവിത - ഗാഥ