പോസ്റ്റുകള്‍

ഏപ്രിൽ, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഇന്ദുസുധീഷ് -അവരുടെ ജാലകങ്ങൾ

ഇമേജ്
അവരുടെ ജാലകങ്ങൾ ........................................... പ്രണയത്തിന്റെ ജാലകങ്ങൾ തുറന്നിട്ടവർക്ക്, പതിഞ്ഞ കാൽപ്പാട് ഭൂമിയുടെ ഹൃദയത്തോടെരിയും നെരിപ്പോടിൽ ചേർത്തു വയ്ക്കാൻ, സമയം കണ്ടെത്തിയവർക്ക്, നിറഞ്ഞ പൂക്കളും പുഞ്ചിരിയും ജീവിതത്തിലൊറ്റക്ക് നേടിയ കരുതലും കരുത്തും മാത്രം ചൊരിഞ്ഞ്, ഊഷ്മളമായ സൗരഭ്യമാർന്ന് ഊഷരത്തെയും പ്രതിരോധിച്ചവർക്ക്, എഴുതാൻ വിട്ടു പോയ പേജുകൾ പോലും ഒരു വലിയ ആകാശത്തിന്റെ നനുത്ത                                          കടലിൽ, ചിന്തകൾ ചിറകു വച്ചു പറന്ന  മോഹത്തിന്റെ   ചിത്രങ്ങളത്രേ... അടഞ്ഞ വാതിലിലും   പിരിഞ്ഞ കാലം മുന്നോട്ടു വരുന്ന വഴികൾ ചൂണ്ടി, ഇനിയും എഴുതേണ്ട മനസിന്റെ  ഭാരം കുറച്ച് അവർ: അവരോ, എവിടെയാണവർ? കൃതജ്ഞയ്ക്കു കാക്കാതെ മുൻഗണന നോക്കാതെ, അവർ മുൻപേ പറന്നുവല്ലോ.?                          ഇന്ദുസുധീഷ്

കവിത - ശ്രീലാ അനിൽ

ഇമേജ്
ജാലക കാഴ്ചകൾ എന്റെ ജാലകങ്ങൾ ഇത്ര വിശാലമായി തുറക്കാൻ കഴിയുമെന്ന് ഞാനറിഞ്ഞത് വാതിലുകൾ കൊട്ടിയടയ്ക്കപ്പെട്ടപ്പോഴാണ്  വീട്ടകത്ത് ഇത്രയേറെ അറകൾ തുറക്കപ്പെടുന്നില്ലെന്ന് ഇവിടെ ഞാനറിയാത്ത ഇടങ്ങൾ ധാരാളം ഉണ്ടെന്നും അറിഞ്ഞതും ഇപ്പോഴാണ് ജാലകം കാട്ടിത്തരുന്ന ആകാശത്തിന് ഇത്രയേറെ കാണാക്കാഴ്ചകളെ ഉള്ളിൽ നിറയ്ക്കാനാവുമെന്നറിയുന്നുമുണ്ടിപ്പോൾ ഒറ്റക്കിളി ഊയലാടുന്ന തുഞ്ചാണിയറ്റം ഇടയ്ക്കിടെ കുണുങ്ങിയിളകുന്ന മാവിലകൾ ഞങ്ങളിവിടെ കുറെ കായായി നീളുന്നുവെന്ന് പറയുന്ന മുരിങ്ങപ്പൂവ് പൂത്തു കെട്ടോ ഇനി മുള്ളു പഴമായ് ചുവക്കാമെന്ന് റെമ്പുട്ടാൻ  ഇടയ്ക്കിടെ ഞാൻ ഇവിടെ വരാറുണ്ടെന്നൊരണ്ണാറക്കണ്ണൻ ഒന്നു കാതോർത്താൽ എത്രയെത്ര ശബ്ദ ജാലങ്ങൾ കാണാതെ പോയഎത്ര പക്ഷിക്കൂട്ടങ്ങൾ ആകാശ മേഘങ്ങൾക്കിത്ര ഭംഗിയോ നിറങ്ങളുടെ പൂരക്കാഴ്ച ആകാശത്തേക്കു തുറക്കുന്ന ഒരു കിളിവാതിലുണ്ടെങ്കിൽ ജീവിതത്തെ പൂട്ടാൻ ആർക്കാവും? ....... ശ്രീലാ അനിൽ...............

വിഷ്ണു കെ ആർ

ഇമേജ്
ദി സെൽഫി ,,,,,,,,,,,,,,,,,,,,,,,,, അച്ഛൻ്റെ കണ്ണാടിയിൽ നോക്കി ആദ്യം തെളിഞ്ഞു പിന്നെ അതു മാഞ്ഞു. അവൻ്റെ കണ്ണാടിയിൽ നോക്കി അവതാരമായി തെളിഞ്ഞു ഒരിക്കലും മാഞ്ഞതേയില്ല. ഉറ്റവർ കണ്ടാൽ അത് കരഞ്ഞു തീർക്കും. വിഷ്ണു കെ ആർ

ഷാനി - രണ്ടു കവിതകൾ

ഇമേജ്
ഒന്നുമില്ലായ്മ തൻ ഗർത്തങ്ങളിൽ ആഴ്ന്നിറങ്ങിയ വേരുകൾ ആത്മാവിൽ ചിന്തകൾ കൊണ്ടൊരു കോട്ട തീർത്ത നേരം തോന്നിയ ഒറ്റപ്പെടലിന്റെ ഭാരം അതളക്കുവാൻ ഒരളവുകോൽ ആരാലും ഇതുവരേയും കണ്ടു പിടിക്കാത്ത ഒന്ന് സമയ കാലഭേദമില്ലാതെ ആരിലേക്കും വന്നെത്തുന്നത് പ്രഭാത സൂര്യന്റെ പൊൻകിരണം തട്ടുന്ന നേരത്താവാം മധ്യാഹ്നത്തിന്റെ ചൂടിൽ പൊള്ളുന്ന കാലത്താവാം അതല്ലെങ്കിൽ അന്തിവെയിലിലെ പൊന്നിലേക്ക് കണ്ണും നട്ടിരിക്കുമ്പോഴാകാംക്ഷണിക്കപ്പെടാത്ത അതിഥിയായെത്തി കീഴടക്കുന്നത് കാത്തിരിക്കുക                  ഷാനി                2 ചിലരങ്ങനെയാണ് കാരുണ്യം വഴിയുന്ന കണ്ണുകളുണ്ടെങ്കിലും കാഴ്ചകൾ മങ്ങിയതാണ് പുകച്ചു - മരുകൾക്കുള്ളിൽ കുടുങ്ങിയവരാണവർ സ്നേഹം കൊടുത്തു സ്നേഹം തിരിച്ചു വാങ്ങാനറിയാത്തവർ എന്തിനതു സൂക്ഷിക്കണം മഞ്ഞുമൂടിയ വെൺപുലരികൾ അകത്തു വന്നു തട്ടി വിളിക്കുന്ന നേരത്തും വേനലിൽ വല്ലാതെ വെളിപ്പെട്ടു പോയ ഇടങ്ങളിലെ എഴുന്നു നിന്ന വേരുകളേയും കരിഞ്ഞ പുൽനാമ്പുകളേയും ഓർത്താണവർ വിറകൊള്ളുന്നത് ഓർമ്മകളെല്ലാം വെറുതേ.... നമ്മളില്ലെങ്കിലും  കാലം അതിന്റെ വഴിക്കു തന്നെ തേരുതെളിക്കും....      :        ഷാനി

സുധ തെക്കെമഠം - നടനം

ഇമേജ്
നടനം രാവിന്റെയും പകലിന്റെയും കണ്ണെത്താ ദേശംനോക്കി,  മായക്കാഴ്ചകളുടെ ചിത്രത്തുന്നൽ കൊണ്ട് ഒരു  കൂടാരം നെയ്യണം മുന്നിലെ ഓക്കുമരക്കൊമ്പിൽ ഒരു നക്ഷത്ര വിളക്ക് തൂക്കണം. പിറകിലെ ഒറ്റമരക്കാട്ടിൽ മരം പെയ്യുന്ന താളത്തിന് കാതോർത്ത് നമുക്കിരിക്കണം. നിന്റെ കൺപീലിയിലേക്കിറ്റു വീണ മഴത്തുള്ളി കൊണ്ട് ഞാനൊരു മഴവില്ലുണ്ടാക്കും. ഇലകൾ മൂളുന്ന പുതിയ രാഗത്തിലേക്ക് നമ്മളൊന്നായ് ചുവടു വെയ്ക്കും. ജല ദർപ്പണങ്ങളിൽ നിറങ്ങളെഴുതിച്ചേർത്ത് പൂമൊട്ടുകൾക്കുള്ളിൽ സുഗന്ധം നിറച്ച്, ഇനിയുമുണരാത്ത പുലരിയേയും ഇനിയും മയങ്ങാത്ത സന്ധ്യയേയും വരവേൽക്കാനായി നമുക്കീനടനം തുടരണം         സുധ തെക്കെമഠം

മൂത്തേടം - രാമായണം

ഇമേജ്
ഭൂമിജേ നിനക്കു  സ്വസ്തി ****************** കവി:  **** രാമദേവനു വാമമായവളങ്ങയോദ്ധ്യയിൽ വാഴവേ രാമബീജമതിന്റെ ലാഞ്ഛന പത്നിഭാവമതുജ്ജ്വലം രാമചന്ദ്രനുചാരെനിന്നവൾ കേട്ടുകൊണ്ടൊരു മോഹ, മാ രാമമാർന്ന വനാന്തരേ വിഹരിക്കുവാൻ വഴിയേകണേ സീത: ****** കൊന്നു,തിന്നുവതൊക്കെയും ബലിപിണ്ഡമൂണുകഴിച്ചിടും മന്നിടത്തിലെ, നാകമായിടുമാശ്രമാങ്കണ കാഴ്ചകൾ ഇന്നുമെന്റെ മനസ്സിനുള്ളിലെ രാഗതന്ത്രികൾ മീട്ടിടു- ന്നന്നു നമ്മൾ രതിത്വമാർന്നു നടന്നു നീങ്ങിയ വീഥികൾ രാമൻ: ******* ഭൂമിജേ! തവഹൃത്തടത്തിലെ മോഹജാലമതൊക്കെയും ഭൂമിനാഥനിവന്റെ കല്പനയായിടുന്നൊരു വേളയിൽ ഭാമിനീ! ഭ്രമചിന്തയിൽ മമ രാജ്യലക്ഷ്മി ജയിക്കവേ ഭൂമിയിൽപ്പുതുകാവ്യമായതു മാറുവാൻ വഴിയായിടും. കവി: ***** ആമയങ്ങളകന്നുമാറി മനോജ്ഞചിന്തകളേറവേ രമ്യമാർന്നൊരയോദ്ധ്യകണ്ടതിമോദമോടെ രഘൂത്തമൻ ഹേമചന്ദ്രിക പൂത്തുനിന്നൊരു പൂവനത്തിലുലാത്തവേ പാമരം വചനം ചുമന്നു യഥാർഹവർണ്ണനുമെത്തിനാൻ ഭദ്രനോതിയ വാക്കുകൾക്കു കളംബമൂർച്ചയതാകുമോ? ചൊല്ലിടുന്നു ജനം, പ്രഭോ, തവ കാമിനിക്കപവാദവും ആണ്ടുകൾപ്പലതും കഴിഞ്ഞവൾ പംക്തികന്ധരനോടുമായ്! വീണ്ടതെന്തിനു സീതയെ പ്രഭു, അഗ്നി ചെയ്തൊരു വഞ്ചന. രാമൻ: ****** ലക്ഷ്മണാ, ജനനായക

ബാബുരാജ് കളമ്പൂര് . - മരിച്ച വീട്ടിലേയ്ക്ക്

ഇമേജ്
മരിച്ച വീട്ടിലേയ്ക്ക്... ........................................ ബാബുരാജ് കളമ്പൂര് . ........................................ മരിച്ച വീട്ടിലേയ്ക്കുള്ള  വഴി ചോദിച്ചപ്പോൾ, കവലയിൽ നിന്ന വൈയാകരണന്റെ പരിഹാസത്തിരുത്ത്. '' മരിച്ചതു വീടല്ലല്ലോ ... മാധവേട്ടനല്ലേ..?! '' സുഹൃത്തേ.. മാധവേട്ടൻ ഒരു വീടായിരുന്നു. കോശഭിത്തികൾ ദ്രവിച്ച്, തളർന്നു വീണ ഭാര്യയ്ക്കു ചാരിയിരിക്കാൻ ഉറപ്പുള്ള ഭിത്തികളായിരുന്നു. കൗമാരക്കാട്ടിലെ ചെന്നായ്ക്കളെ ഭയന്ന് ഓടിയെത്തുന്ന പെൺമക്കൾക്ക്‌, ബലമുള്ള കതകുകളായിരുന്നു. വേനലിൽ പൊള്ളിയും വർഷത്തിൽ നനഞ്ഞു വിറച്ചും അവർക്കു സുരക്ഷയൊരുക്കിയ മേൽക്കൂരയായിരുന്നു. അതെ ! മാധവേട്ടൻ, ഒരു വീടായിരുന്നു. എനിക്ക് പോകേണ്ടത് ആ, മരിച്ച വീട്ടിലേയ്ക്കു തന്നെയാണ്.

ബിന്ദു ജിജി - കനൽ

ഇമേജ്
കനൽ ................. ഓർമ്മ പുതപ്പിനുള്ളിൽ ഞാൻ ചുരുണ്ടു കിടന്നപ്പോൾ ഒരു പാട് കനലുകളെ സ്വപ്നം കണ്ടു . ചിലത് ആളിക്കത്തിയ തീ നാളങ്ങളുടേതായിരുന്നു ... ഇനിയും കത്താനുള്ളവർ ചാരത്തിനുള്ളിലൂടെ മന്ദഹസിക്കുന്നവർ ഊതി മാറ്റപ്പെടാൻ കാതോർത്തിരിക്കുന്നവർ ജ്വാലയായ് മാറാൻ കൊതിക്കുന്നവർ സൂര്യനേപ്പോലെ കത്തിജ്വലിച്ചവർ നിലാവിന്റെ ശോഭയായ് മാറിയവർ പെരുമഴപ്പെയ്ത്തിലും അണഞ്ഞു പോകാത്തവർ നനുത്ത പ്രകാശം തന്നവർ നക്ഷത്രങ്ങൾക്ക് കീഴെ മറ്റൊരു പ്രകാശമായ് മാറിയവർ ഒരു കൺചിമ്മലിൽ ദഹിപ്പിച്ചവർ സ്വയം തിളങ്ങാൻ ശ്രമിച്ചവർ നിശബ്ദതയെ സ്വയം വരിക്കേണ്ടി വന്നവർ തലമുറകൾക്ക് പ്രകാശം പകർന്നവർ ഇനിയുമൊരു കരിക്കട്ടയാകാൻ കൂട്ടാത്താക്കവർ ഒരു തുള്ളിയിൽ അലിഞ്ഞുപോകാത്തവർ നീറി പടരാൻ വഴിക്കണ്ണുമായ് ഇരിക്കുന്നവർ ചിന്തകളിൽ അഗ്നിയായ് പടർന്നവർ ഇനിയും അണയാത്ത പ്രകാശങ്ങളെ ..... നിങ്ങൾ നാൾവഴികളിലെ ചിന്മുദ്രകൾ          ( ബിന്ദു ജിജി )

ജിനദേവൻ വെളിയനാട് - യാത്രാമൊഴി

ഇമേജ്
യാത്രാമൊഴി  ഓര്‍മ്മിക്കുന്നഴകേലും  സ്മരണകളെന്‍ മനതാരില്‍  മധു തൂകി പെയ്തൊഴിഞ്ഞ  ശിശിരത്തിന്നാത്മ ഭാവം. വന്നെത്തുന്നനുദിനമെന്നില്‍ നീതന്നൊരു വസന്ത കാലം  മായാത്ത തളിര്‍ കിനാവായ്‌ പൂക്കുന്നതു വല്ലരിതന്നില്‍. പൂപോല്‍ മൃദു,ശുദ്ധ പ്രേമം നമ്മില്‍ ചെര്‍ന്നിഴുകി ലയിച്ചു  കതിരിട്ടു സ്വപ്നം,മോഹം  ജീവിക്കാന്‍ പ്രേരണയേകി. കണ്ണീരിന്‍ രുചി ഭേദങ്ങള്‍  ഒന്നൊന്നായ് നമ്മളറിഞ്ഞു  കരകാണാക്കടല്‍ കയത്തില്‍  പലനാളില്‍ മുങ്ങി പൊങ്ങി. എന്നാലതിലില്ലാ ദുഃഖം  രണ്ടില്ല ദുഃഖം നമ്മില്‍  ഒന്നായ്‌ നാമൊത്തുകഴിഞ്ഞു  ഈ സന്ധ്യാ നേരത്തോളം. അടരുന്നു പാഴില പോല്‍ നാം  ജീവിക്കും നാഴികയെല്ലാം  ഓര്‍മ്മിക്കാനോമനിക്കാന്‍ അതിലുള്ളവയൽപ്പം മാത്രം.  ഒരു കാറ്റായ് ജന്മമെടുത്തു  അലയുന്നു വീഥികള്‍ തോറും. ജീവന്റെ നേര്‍ തുടിപ്പിന്‍  അവസാന തന്ത്രി വരേക്കും. പൊട്ടുന്നു തന്ത്രികളൊന്നായ്‌ അഴയുന്നു ജീവിത രാഗം. പിരിയേണം നാം നഭസ്സില്‍  വിരിയേണം താരംപോലെ. ജിനദേവൻ വെളിയനാട്  

കവിത - സ്വപ്നാറാണി

ഇമേജ്
മരണം ഒരിക്കൽ മാത്രം സംഭവിക്കുന്ന ഒന്നല്ല . പെയ്യുന്ന മഴകളൊന്നും  നനയാതെ, മഞ്ഞിന്റെ കുളിരറിയാതെ വെയിലിന്റെ തിളക്കമോ നിലാവിന്റെ സ്‌നിഗ്ദ്ധതയോ കാണാതെ പോകുന്ന വർഷങ്ങൾ! പൂക്കൾക്ക് ചന്തമില്ലാത്ത, പറവകൾക്ക് ചിറകുകളില്ലാത്ത, പുഴകൾക്ക് ഒഴുക്കില്ലാത്ത അത്തരം ദിനങ്ങളെ മരണമെന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടത്! ജീവിതത്തിലില്ലാതെ പോയവ നിമിഷങ്ങളാവാം ദിവസങ്ങളോ വർഷങ്ങളോ ആവാം. എങ്കിലും അവ മരണത്തിന്റെ  ഓർമ്മദിനങ്ങളായിരുന്നു. സ്വയമില്ലാതെ പോകുന്ന ലോകത്തിന്റെ. തിരിച്ചറിവായിരുന്നു. സ്വപ്ന

കവളങ്ങാടൻ

ഇമേജ്
ജനിതക രേഖ കുരങ്ങു മുത്തശ്ശീ മരങ്ങളിൽ നിന്ന് ഇലകളിൽ നിന്ന് കറുത്തമണ്ണിന്റെയുറവയിൽ നിന്ന് എനിക്കു നീ തന്ന  വിശിഷ്ട പൗരത്വ രഹസ്യ രേഖയും കളഞ്ഞു പോകയോ ? കരിങ്കല്ലുചെത്തിച്ചതുരത്തിൽച്ചേർത്തു പണിഞ്ഞു വച്ചൊരാത്തടവറകളിൽ  പതിഞ്ഞുപോയ നിൻ പുരാതന രൂപം മതിലുകൾക്കകത്തുടഞ്ഞ നിന്നുടൽ പ്രണയവേദനക്കടലുകൾക്കുമേലുരുകി വീണനിൻ ജനിതക മുദ്ര മറന്നു പോയി ഞാൻ  കവിത കൊണ്ടു നീ എനിക്കു നെയ്തൊരാപ്പതാകയിലെന്തേ  പരിഭവത്തിന്റെ പരാജയ ചിഹ്നം ?  കറുത്ത കല്ലുകൾ കൊരുത്ത ജന്മങ്ങളലങ്കരിച്ചൊരാപ്പെരുവഴികളിൽ അഭയമർത്ഥിച്ചു നടന്നഭാഷകൾ വഴിമറന്നു പോയ്  വഴിയടഞ്ഞുപോയ് വിശുദ്ധവാക്കിന്റെയതിരുകൾക്കകത്തിടറി  വീഴുന്ന വിശപ്പുകാലുകൾ മരിക്കാത്ത വാക്ക്  മരുക്കളും ഗിരിനിരകളും കടന്നൊരു കൊടുങ്കാറ്റായ്ക്കുതറിയെത്തുമെന്നറിയാതെ ഞാനും കൊതിച്ചു പോകുന്നു കവളങ്ങാടൻ

കവിത -രമ്യാ സുമേഷ്

ഇമേജ്
ശിഥിലമാം മാനസത്തെപ്പുഞ്ചിരിയാൽ തലോടി  അവളെൻ ചാരത്തണഞ്ഞു എത്ര കണ്ടാലും മതിവരാത്ത നിൻ കിളി കൊഞ്ചൽ കേട്ടു ഞാൻ ആനന്ദിച്ചു പിന്നെയും പിന്നെയും നിൻ കാലടി  ആരവം കേട്ടു ഞാൻ നടുമുറ്റത്തിരുന്നു നിന്നിലെ സ്പന്ദനങ്ങൾ എന്നിലെ താളരാഗം  കൊതിയോടെ ഞാൻ കാതോർത്തിരുന്നു. - രമ്യാ സുമേഷ്

റെജീലാ ഷെറിൻ

ഇമേജ്
എന്റെ പകലുകൾ വിരസവും രാത്രികൾ നിദ്രയുടെ കൂടപാശത്തിലും ഇരവും പകലും വഴിമാറട്ടെ നിന്നെക്കുറിച്ചുള്ള ചിന്തകൾ നിറഞ്ഞ്തുളുമ്പട്ടെ എന്റെ കാലത്തേയും സമയത്തേയും കനിവായി നീ ഒഴുക്കിവിട്ടാലും കടലിന് ഞാൻ കാണുന്ന നീലനിറത്തേയും ചിലപ്പോഴൊക്കെ അതിനുണ്ടെന്ന് തോന്നുന്ന പച്ചനിറത്തേയും മോഹിച്ച് ഞാൻ നിൽക്കുമ്പോൾ ഒരൊറ്റ ആലിംഗനത്താൽ  എന്നെ സ്വതന്ത്രമാക്കിയ നിറങ്ങളില്ലാത്ത മഹാസമുദ്രമേ കാലമെന്നവാക്കിനു മതീതം വളർന്നൊരു ബിന്ദുവിൽ നിന്ന്കൊണ്ട് നിന്നിലെ പുരുഷാംശത്തെ അറ്റമില്ലാതെ ഞാൻ പുണരട്ടെ റെജില ഷെറിൻ

ഒരു കൊതുകിന്റെ നിരാസം-കെ. എൻ. സുരേഷ്‌കുമാർ

ഇമേജ്
ഒരു കൊതുകിന്റെ നിരാസം --------------=======--------=== കെ.  എൻ.  സുരേഷ്‌കുമാർ  കറുത്തുമെലിഞ്ഞ  ഒരു ചെറ്റക്കൊതുക് എന്നെ കുത്തിയിട്ടു പറഞ്ഞു; 'ചോര കുടിച്ച് ഞാൻ നിന്നെ  വിശുദ്ധനാക്കുകയാണ് കുത്തുമ്പോഴുള്ള വേദന നിർവൃതിയാണ്! നീ കണ്ണടയ്ക്കുക' ഒരു ചെമ്പൻ വിദേശിക്കൊതുക് എന്നെ ചുംബിച്ചിട്ടു പറഞ്ഞു; 'നിന്റെ നീലഞരമ്പുകളിലെ സ്വപ്നങ്ങൾ മുഴുവൻ ഞാൻ കട്ടെടുക്കുകയാണ് മോഷ്ടിക്കപ്പെടുന്നവൻ ഭാഗ്യവാനാണ്! നീ ഉറക്കം നടിക്കുക' കുടിച്ചുകൊഴുത്ത  ഒരു സ്വദേശി കൊതുക്   എന്റെ കാലിൽ  കൊളുത്തിയിട്ടു പറഞ്ഞു; 'നിന്റെ ചിന്തകളിൽ ഞാൻ മായം ചേർക്കുകയാണ് മായം ചേരാത്ത ഒന്നും ശുദ്ധമല്ല! സത്യം മായമാണ്, മായയും! ചുവന്നു തുടുത്ത  ഒരു പെൺകൊതുക് എന്റെ ഹൃദയത്തെ  കഷ്ണിച്ചിട്ടു പറഞ്ഞു; 'നിന്റെ ചോര കുടിക്കില്ല കാരണം, ഞാൻ ചത്തുപോകും' ========================= വാക്കാണെൻ സമരായുധം എന്ന സമാഹാരത്തിൽ നിന്ന് sureskumar@kaumudi.com ഫോൺ 9495530156

കുത്തൊഴുക്ക് -ഗീത മുന്നൂർക്കോട്

ഇമേജ്
നോക്കുകുത്തി     ........................  ഗീത മുന്നൂർക്കോട് രാത്രിഞ്ചരന്മാരുടെ നഖരനഖങ്ങൾ നിലാപ്പെണ്ണിന്റെ നീലഞരമ്പുകൾ കോറി മുറിച്ച് ചീറ്റിച്ചിതറിയതിന്റെ നിണപ്പാടുകൾ പതിഞ്ഞിട്ടുണ്ടെന്റെ ഉടയാടകളിൽ… മുക്കുവത്തിയുടെ നെഞ്ചുടഞ്ഞ വേദന തിരമാലകളിൽ കലർന്നൂറിയപ്പോൾ മുത്തും പവിഴവും വാരിക്കോരാൻ ജീവിതത്തിന്റെ ചേർക്കുണ്ടുകളിലേക്ക് ഊർന്നിറങ്ങുന്ന അരയക്കരുത്തിന്റെ മുദ്രകളടിച്ചിട്ടുണ്ടെന്റെ കരൾത്തടങ്ങളിൽ… തെങ്ങിൻ കള്ളിന്റെ പതപ്പിൽ കാതോർത്ത് കുതിക്കുന്ന കാൽ വളയത്തിലൂടെ ഇറ്റിറ്റുടയുന്ന ലഹരിത്തുള്ളികൾ തുളുമ്പുന്നുണ്ടെന്റെ മാർത്തടങ്ങളിൽ… വിശപ്പ് കൊത്താംകല്ലാടുന്ന കൽപ്പടവുകളിൽ കൽ വെട്ടിയുടെ കൈത്തഴമ്പുകൾ പുഴുകുത്തിപ്പഴുത്തൊലിക്കുന്നുണ്ടെന്റെ നിറകൺത്തടങ്ങളിൽ... വെയിക്കുടങ്ങളിൽ നൊമ്പരം തിളക്കും വഴി ചവിട്ടി നീന്തുന്ന കുഞ്ഞുകാലുകളുടെ പിളരുന്ന വരകൾ നീറുന്നുണ്ടെന്റെ നഗ്നപാദങ്ങളിൽ… തലങ്ങും വിലങ്ങും വണ്ടിപ്പെട്ടികളിൽ മദ്ദളം കൊട്ടിപ്പാടുന്ന കുഞ്ഞു വയറുകളിലൂടെ ചോർന്നിറങ്ങി ഉള്ളം കൈയ്യുകളിലൂടെ ചെറിയ നാണയക്കലമ്പലുരുളുന്നത് എന്റെ ഗ്രഹണിക്കനത്തിലമ്ലം ചേർക്കുന്നുണ്ട്… എന്നിട്ടും ഒരു പിടി പൊരിഞ്ഞ മണ്ണ്  വായിൽ തി

രതീഷ് കൃഷ്ണ - ഇലമുളച്ചി

ഇമേജ്
കവിത /    ഇലമുളച്ചി  പന്ത്രണ്ടിലന്തിപ്പഴവും  എഴുപത്പൈസയും                                     കൊടുത്തുവാങ്ങിയ  മയിൽപ്പീലി പെറ്റില്ല.  മാനം കണ്ടുകാണുമെന്നും  സാമൂഹ്യ പാഠത്തിൽവെച്ചാൽ  പതിവുപോലെ പെറൂല്ലെന്നും  കൂട്ടുകാരി ; ട്രൗസർ പോക്കറ്റിലെ  അണ്ണാറക്കണ്ണന്  കൊടുത്തൂ ഇത്തിരി  മാമ്പഴച്ചാർ.  പക്ഷിക്കുഞ്ഞുങ്ങൾക്ക്  വെള്ളം കൊടുക്കാൻ  കവുങ്ങിൽ വലിഞ്ഞുകേറി  കാലിൽ പ്ലാസ്‌റ്ററിട്ട ചേട്ടന്,  പെറാത്ത മയിൽപ്പീലി നൽകി  ഇരുപത്തിയഞ്ച് പൈസയും  പോക്കറ്റിലിട്ട് നടന്നു.  രണ്ടിലന്തിവടയും  അഞ്ച് ഗ്യാസുമുട്ടായീം      നുണഞ്ഞ്  കരച്ചിൽ  ചവച്ചമർത്തി.  അവളാണിലമുളച്ചി തന്നത്  പുട്ടാൻപുളിയൊന്നവൾക്കും  കൊടുത്തു ; മൂന്നു നെല്ലിക്കയും.  ഒരിക്കലും തുറക്കാത്ത  പാഠപുസ്തകത്തിൽ  അത് കിളുർത്തു.  അവസാനമായതിന്റെ  വേരുകൾകണ്ടത്  ഒരു മഴക്കാലത്ത് ; സ്കൂളിൽനിന്ന്  ഞങ്ങളെല്ലാരും  അവളെ കാണാൻ  പോയപ്പോഴായിരുന്നു.  എല്ലാരേയുംപോലെ  (ഞാനും) ഉറങ്ങിക്കിടന്ന                                 അവൾക്കൊരുമ്മ കൊടുത്തു.  പേരക്കയുടെ മണവും  തുപ്പലിന്‌ ഗ്യാസ്മുട്ടായുടെ  ചവർപ്പും.  എവിടെയാണാവോ  ഇലമുളച്ചി കിളുർത്ത  പാഠപുസ്തകം ? തുറന്നു നോക്ക

അച്ചുതൻ വടക്കേടത്ത് - സ്വർഗ്ഗത്തിലെ പക്ഷികൾ

ഇമേജ്
സ്വർ‍ഗ്ഗത്തിലെ പക്ഷികൾ‍. ......................................... നമുക്ക് കാട്ടിലേക്ക് പോകാം അവിടെ, അവിടെ മാത്രം,  സ്വർ‍ഗ്ഗത്തിലെ പക്ഷികൾ ‍,  അവരുടെ ആഹ്ളാദത്തിൻ്റെ,   കുഞ്ഞുനാളിലെ കടങ്കഥകളുടെ,  ചുരുളഴിക്കുന്നുണ്ടാകും. പകിട്ടേറിയ വർണ്ണങ്ങൾ  മേലാകേ വാരി വിതറുന്നുണ്ടാകും. പ്രേമപാരവശ്യത്താൽ ‍  കാമുകിമാരുമൊത്ത് നൃത്തം ചെയ്യുന്നുണ്ടാകും.   നമുക്ക് കാട്ടിലേക്ക് പോകാം. കാട്ടിലെ ഉത്സവം കഴിഞ്ഞു പോരുമ്പോൾ,  ജാലവിദ്യകളുടെ പാദുകം ഊരി വീഴാതെ നോക്കണം.  ഇരുട്ടിൽ‍ പതുങ്ങിയിരിക്കുന്നവർ ‍   നിൻ്റെ സ്വർ‍ണ്ണമുടി മുറിച്ചെടുക്കും  വെള്ളാരങ്കണ്ണുകൾ ‍ചൂഴ്ന്നെടുക്കും നീലക്കുപ്പായം വലിച്ചു കീറും എൻ്റെ കല്ലറയിൽ ‍ അവർ ‍ വീരഗാഥകൾ ‍ എഴുതിവെക്കും!

കവിത - അൽതാഫ് പതിനാറുങ്ങൽ

ഇമേജ്
കവിത / അൽതാഫ് പതിനാറുങ്ങൽ               8848551607 അങ്ങനെയിരിക്കെ, ഒരുനാൾ- നമ്മൾ കൂട്ടിലകപ്പെടും. വറ്റിയ ജലം  പുഴകളായ് വരും കുളങ്ങൾ തോടുകൾ പാടങ്ങളിൽ ചേരും. മുള്ളുകൾ മീനാകും മണൽ പുറ്റുകളിൽ പച്ചച്ചേറു നിറയും  മണ്ണിൽ ജീവന്റെ  മണം പരക്കും. ഞാനും നീയും  പുറത്തിറങ്ങാതെ  പരസ്പരം മിണ്ടും. ആകാശത്ത് പറവകളും  തെരുവിൽ പട്ടികളും നിറയും കുരങ്ങന്മാർ ചുരമിറങ്ങും ആനകൾ റോഡിലേക്കും. വീട്ടിൽ മൈക്രോഗ്രീൻ വളരും ചക്ക പഴുക്കും  മുരിങ്ങയിലയൂരും  ചീര നുള്ളും  അടുപ്പിലെ പുക പൊങ്ങും.  അയൽപക്കത്ത്  ആളുണ്ടെന്നറിയും  ഉപ്പും മുളകും കടം പറ്റും. മതിലുകളിൽ നാം ഉണക്കാനിട്ട വിയർപ്പിന്റെ ഗന്ധം പരക്കും. ഭൂമിയിൽ, നമ്മെക്കാളേറെ  മനുഷ്യത്വമുള്ളവരും  മണ്ണിൽ നമ്മളെപ്പോലെ തന്നെ  മനുഷ്യരുമുണ്ടെന്നറിയും.  എല്ലാമറിഞ്ഞാലും ഒടുക്കം നാം  മണ്ണിനായ് തന്നെ  ഉണർന്നെണീക്കും.

രേഖ ആർ താങ്കൾ - ബോൺസായ്

ഇമേജ്
ബോൺസായ്  നീ  എന്റെനേരെ  ചൂണ്ടുന്ന  വിരൽത്തുമ്പ്  ഉത്തരംമുട്ടിയ  എന്നെ  കൊഞ്ഞനം കുത്തുന്നു  ചോദ്യചിഹ്നങ്ങൾ  അട്ടഹസിക്കുന്നു  ഞാനെന്താണ്  നിന്നോട്  ചെയ്തത്?  നീ പോലുമറിയാതെ  നിന്റെ  തായ്‌വേരറുത്തതോ  ഉള്ളവേരുകളുടെ  പരിധി  വേലികെട്ടിതിരിച്ചതോ?  നിന്റെ ലോകത്തിന്റെ ആഴം  കുറച്ചതോ  മഴത്തുള്ളിക്കൊപ്പം  കുറുമ്പുകൾ കാട്ടാതെ  കാറ്റിൻ തലോടലിൽ  കണ്ണിണ  മയങ്ങാതെ  വെയിലിന്റെ  സ്പർശത്താൽ  നിൻ നിറം മാറാതെ  നിന്റെ വളർച്ചയെ  ഇഞ്ചായരിഞ്ഞതോ ഞാനെന്താണ്  നിന്നോട് ചെയ്തത്?  ഋതുക്കളുടെ  കുടമാറ്റത്തിനൊപ്പം  വർണ്ണപ്രപഞ്ചമൊരുക്കാൻ  നിനക്ക്  കഴിയാതെപോയതോ?  വെളിച്ചത്തേക്ക്  എത്തിനോക്കാൻ  അനുവദിക്കാതെ നിന്റെ ശിഖരങ്ങൾ  കറുത്തു തടിച്ചു ചുരുണ്ടുപോയതോ?  നിന്റെ ലോകത്തിന്റെ അതിരുകൾ  എന്റെ  കണക്കുകൂട്ടലിൽ  ഒതുങ്ങിയപ്പോൾ  നിനക്ക് നിഷേധിക്കപ്പെടുന്നത്  എന്തൊക്കെയാണ്?   എന്റെ  സ്വീകരണമുറിയുടെ  ഒരറ്റത്ത്  അഹന്തക്കും അന്തസ്സിനും  ചേരുന്ന വിധത്തിൽ  നിന്നെ പ്രദര്ശനവസ്തുവാക്കിയപ്പോൾ  നിന്റെ  ആകൃതിയും പ്രകൃതിയും  ഞാനാണ് നിശ്ചയിക്കുന്നതെന്ന്  അഹങ്കരിച്ചുകൊണ്ട്  ഞാൻ നിന്നെ ഷേപ്പ്  ചെയ്തു  നീയെന്റെനേരെ  ചൂണ്ടുന്ന  വിരലുകൾക്

കവിത - ഇന്ദു സുധീഷ്

ഇമേജ്
....... വീട് ....... നഷ്ട്ടപ്പെടും വീടുള്ളോർക്കു കാലമില്ല ദേശവും ; മുൾമുനയെന്നും കൂടില്ലാക്കിളിയുടെ ചിറകറ്റ ദിശാബോധം , നിശബ്ദമാണവരുടെ വശ്യത , ചടുലമാണു  നീക്കങ്ങൾ, വാടക ഗേഹത്തിൽ തുറന്നലയ്ക്കുമവരുടെ വിളികളോയെന്നും  കാണിയില്ലാനാടകത്തിന്റെ  ക്ലൈമാക്സിലെപ്പൊഴേ പിടഞ്ഞു വീണു. വരും പ്രഭാതങ്ങളിൽ വരിഞ്ഞുമുറുക്കും വരൾച്ചയും  മറുകരയെത്തിയ്ക്കും തിരയിളക്കവുംവീണു ഹൃദയത്തിലുറയും കനൽക്കട്ടകൾ. അതിർത്തിയ്ക്കു നേർത്ത  വരപോലുമില്ലാതെ- യെന്നേയവിടവും വിജനം. നറുപുഞ്ചിരിയിൽ നിലാവിനറ്റമില്ലാത്ത കൈപ്പുഴകളിൽ , മയിൽപ്പീലിത്തുണ്ടുകൾ സൗഹൃദത്തിൻ മഴയായ് പൊഴിഞ്ഞൊരു നന്മ വീടാകുന്നതേയവർക്കു സ്വപ്നം, നിരന്തരം ഭംഗമേറ്റുടഞ്ഞ ദു:സ്വപ്നവും. ഇന്ദു സുധീഷ്

കവിത - ഗാഥ

ഇമേജ്
മൗനത്തിൻ വാല്മീകത്തിൽ  സ്വയം പ്രതിഷ്ഠിച്ചതല്ല  വിധിയും കാലവും  കള്ളക്കളികളാൽ  തോൽവിയുടെ  മടിത്തട്ടിലേക്കിട്ടുകൊടുത്തപ്പോൾ  പറ്റിപോയതാണ് ... പ്രതീക്ഷയുടെ  അവസാനശ്വാസം  ചിറകടിച്ചുയരുംവരെ  വിങ്ങിപ്പൊട്ടും   ഹൃദയത്തിന്നറകൾ ... അതിൻ പ്രതിധ്വനിയിൽ  പൊട്ടിയൊഴുകും നയനങ്ങൾ  തീർക്കുമരുവിയിൽ  ഉരുകിയൊഴുകിയൊലിക്കും  ശിരോലിഖിതങ്ങളെല്ലാം. ഗാഥ

കടക്കവട്ടം സ്മരണകൾ

ഇമേജ്
തൃശൂർ പൂരത്തോടനുബന്ധിച്ച് ഒരു കുഴൂർ അനുസ്മരണ ദേവദാസ് കടയ്ക്കവട്ടം തൃശൂർ പൂരത്തിലെ തൃപുട വിസ്മയമായിരുന്ന കുഴൂരാശാൻ-(ദേവദാസ്കടയ്ക്കവട്ടം) പതികാലത്തിലു൦ ത്രിപുടയിലും പൂരപ്രേമികളുടെ   മനം കവർന്ന കലാകാരനായിരുന്നു പത്മഭൂഷൺ കുഴൂർ നാരായണമാരാർ.സൗമ്യമായ പ്രകൃതം, ചിട്ടകളിലെ നിഷ്ഠ, തലയെടുപ്പുള്ള എന്നാൽ ഒട്ടും തലക്കനമില്ലാത്ത പെരുമാറ്റം, പകരം വയ്ക്കാനാവാത്ത വൈദഗ്ദ്ധ്യം ഇതെല്ലാമായിരുന്നു കൊരട്ടിയുടെ അഭിമാനമായിരുന്ന കൂഴൂരാശാൻ.നീണ്ട 41 വർഷം പാറമേക്കാവിൻ്റെ വാദ്യപ്രമുഖൻ.അതിനിടയിൽ 12 വർഷം തൃശൂർ പൂരത്തിന് പാറമേക്കാവിൻ്റെ പഞ്ചവാദ്യ പ്രമാണി- ഇത് അപൂർവ്വo ചില കലാകാരന്മാർക്ക് മാത്രം കൈവരുന്ന ഭാഗ്യമാണ്.                   പഞ്ചവാദ്യത്തിലെ മർമ്മപ്രധാനമായ വാദ്യോപകരണമാണ് തിമില.കാലം നിരത്തുന്നതും കലാശിക്കുന്നതും തിമിലക്കാരനിലൂടെയാണ്. തിമില പ്രമാണിയാണ് പഞ്ചവാദ്യം നയിക്കുന്നത്. സ്വന്തം കലാപാടവ പ്രദർശനം മാത്രമല്ല പഞ്ചവാദ്യത്തിൽ പ്രധാനം. ഇടത്തും വലത്തും നിൽക്കുന്നവർ, പിന്നിൽ നിൽക്കുന്ന ഇലത്താളക്കാർ, മുന്നിൽ നിൽക്കുന്ന മദ്ദളക്കാർ എന്നിവരുടെയെല്ലാം കഴിവുകൾ പ്രമാണി അറിഞ്ഞിരിക്കണം. മൂന്നാമത്തെ ശംഖോടുകൂടി കാലം ന

മുനീർ കടയ്ക്കൽ

ഇമേജ്
*മഴപ്പാറ്റകള്‍* ആകാശച്ചായ്പ്പില്‍ വേനലൊഴിഞ്ഞ  വസന്തങ്ങളില്‍ കാണാം ,   മഴനൂലിനാല്‍ മുളപൊട്ടിയ മണ്‍പിറാവുകൾ മഴപ്പെയ്ത്തിനാല്‍, മാനം വിടരുകയേ വേണ്ടൂ, മണ്ണില്‍,നേര്‍ത്ത ചുഴികളിലൊരു മഴപ്പക്ഷി ചിനയ്ക്കാന്‍ മുകള്‍പരപ്പില്‍, ഇത്തിരി വട്ടത്തില്‍ ഇരുളു തുരന്ന് പരക്കുന്നുണ്ട്, വെണ്‍മയുടെ   വെണ്‍ചിറ പ്രാവുകള്‍. ആകാശം ആകാശമെന്ന നിലവിളിയില്‍ മണ്‍ചിരാതു പൂക്കുന്നു. നേരിന്‍റെ്  നിഴല്‍ചിത്രങ്ങള്‍ നൃത്തമാടുന്നു. മഴ മാറുമ്പോള്‍, രാവൊഴിയുമ്പോള്‍ കാണാം, നിരപ്പിലെല്ലാം മഴപ്പാറ്റകള്‍  ചത്തുമലച്ചു ചിരിച്ചു കിടക്കുന്നത്. ഒടുവിലൊരു ചുരുള്‍ നിവര്‍ത്തുന്നത്, പുതിയൊരു  തുറവി പിറക്കുന്നത്, ഒാര്‍മ്മപ്പെടുത്തലുകള്‍ നല്‍കുന്നത്. പുതുജീവനുകളുടെ, പാതിയടഞ്ഞ ജന്മങ്ങളുടെ, മരണചിത്രങ്ങളാണ് ഒാരോ മഴപ്പക്ഷികളും  തുന്നുന്നത്. മുനീര്‍ കടയ്ക്കല്‍  9400489837 muneerbkadakkal@gmail.com *വേരുകളോളം*   പ്രണയമേ, ആഴത്തില്‍  വേരാഴ്ന്നിറങ്ങുക. ആഴിയില്‍, ചിപ്പിയിലൊരു മുത്തിനോളം ആഴ്ന്നാന്നിറങ്ങുക. പൂവിനൊരു മൊട്ടുപോലെ, അമ്മയിലൊരു കുഞ്ഞുപോലെ, കവിതയിലൊരു ബീജം പോലെ,  വേരാഴ്ത്തുക. •••• പ്രണയമേ, നീയൊരാള്‍ക്ക് ഹൃദയം പങ്കിടുക. ആകാശത്തില്

കവിത - കവളങ്ങാടൻ

ഇമേജ്
ഉച്ചാടനം എത്ര വട്ടം കഴുകിക്കളഞ്ഞു ഞാൻ എത്ര കാലമൊറ്റക്കു നടന്നു ഞാൻ ഇന്നുമെന്റെ പ്രതലങ്ങളിൽ വന്നു സംഘനൃത്ത ചവിട്ടുന്ന വൈറസേ ചീഞ്ഞ വാക്കിന്റെ സാനിറ്ററൈസറിൽ വീണ്ടുമെൻ വിരൽ മുക്കുന്നു ഞാനിതാ പോക പോക നീ പ്രാണഞരമ്പുകൾ ചേർത്തു ഞെക്കിപ്പിടിക്കാതിരിക്ക നീ വയ്യെനിക്കെൻ വിഷാണു സംയുക്തമാം ഗന്ധനാളി ചുരുങ്ങിത്തകരുവാൻ എത്ര പൂവിൻ സുഗന്ധമുണ്ടാകിലും കെട്ടകാലത്തു നീ മൃതി സ്പർശനം ചുണ്ടു ഞാൻ മറയ്ക്കട്ടെ വിളിക്കുവാൻ വ്യർഥ ജന്മത്തിലില്ലിനി വാക്കുകൾ ഇത്ര നാളും പ്രതിരോധ ശക്തിയാൽ തെറ്റിനിന്നു നിന്നോടു ഞാനെങ്കിലും പണ്ടൊരിക്കൽ തെരുവിലലഞ്ഞു ഞാൻ തൊട്ടു നേടിയ സൗഭാഗ്യ വേദന പിൻതുടർന്നു വരാതിരുന്നീടുക ചങ്ങലകൾ, മുറിഞ്ഞു പോയ് ബന്ധനം കവളങ്ങാടൻ