രേഖ ആർ താങ്കൾ


അവളാണ് ശരി 

തിളച്ചുമറിയുന്നതൊക്കെ 
അടക്കിയൊതുക്കാഞ്ഞതുകൊണ്ട്   പ്രഷർകുക്കറായില്ല 

കാലത്തിന്റെ റെഡിമെയ്ഡ്ഷോപ്പിലെ കുപ്പായങ്ങളണിയാൻ 
കൂട്ടാക്കാഞ്ഞതിനാൽ 
പ്രച്ഛന്നവേഷമത്സരത്തിൽ 
ഒന്നാമതായില്ല 

ഉമ്മറപ്പടിയിലെ 
കെടാവിളക്കാകാഞ്ഞതിനാൽ കരിന്തിരി കത്തിയില്ല 

ഭൂമിയുടെ അച്ചുതണ്ട് 
തന്റെ  മുതുകിലല്ലെന്ന് 
തിരിച്ചറിഞ്ഞതിനാൽ 
കൂനിയപുറത്താരും കുതിര കയറിയില്ല

ചോദ്യചിഹ്നങ്ങളുടെ കൂർത്തഅഗ്രം അകത്തേക്കാക്കി 
ഒതുക്കി വയ്ക്കാഞ്ഞതിനാൽ പഴയതൊക്കെ തിരഞ്ഞു ചെന്നപ്പോൾ മുറിവേറ്റില്ല 

അകത്തളത്തിലെ ഇരുട്ടിൽ 
ഇഴജീവികളെ
മറികടന്നതിനാൽ
പുറത്തെ ഭീകരരൂപങ്ങൾ പേടിപ്പെടുത്തിയില്ല 
 
വിഷപ്പല്ല് പറിച്ചെടുത്ത് 
മകുടിയൂതി ശീലിച്ചതിനാൽ 
പാമ്പുകൊത്തി മരിക്കാതെ 
അവൾ ഇന്നും ജീവിച്ചിരിക്കുന്നു 

രേഖ  ആർ താങ്കൾ


ഒറ്റമുറി 

എനിയ്ക്കൊരൊറ്റമുറി മതി പറന്നുയരുമ്പോൾ
തല തട്ടിലിടിക്കാത്ത 
മേഘപാളികളിൽ 
ഊളിയിട്ടുയരുമ്പോൾ 
ഭാരമില്ലാതെ പറന്ന് 
സ്വയം  മറന്ന് 
ഞാനെന്ന  ജീവബിന്ദു 
അലിഞ്ഞില്ലാതെയാവുന്ന  
ഒറ്റമുറി 

ആഴക്കടലിൽ 
മുങ്ങിത്താഴുമ്പോൾ 
പവിഴപ്പുറ്റുകളുടെ 
വർണപ്രഭയിൽ കോരിത്തരിച്ച്  ചുഴിയിൽപ്പെട്ട് 
വട്ടംകറങ്ങി 
ശ്വാസംമുട്ടി പിടയുമ്പോൾ 
രക്ഷിക്കാൻ 
ഒരു കച്ചിത്തുരുമ്പുപോലും
കിട്ടാത്ത ഒരു മുറി 

എന്നിലെയെന്നെ 
തന്നിലേക്കാവാഹിച്ച് 
ഒന്നായിത്തീരവേ 
പൂത്തിറങ്ങുന്ന 
പിച്ചകപ്പൂക്കളുടെ 
മാസ്മരഗന്ധത്തിൽ 
ഉന്മാദിയാവാൻ 
എനിയ്ക്കൊരു 
ഒറ്റമുറി  മാത്രം മതി 

                 രേഖ

എന്നെ   പിന്തുടരുമ്പോൾ 

എന്റെ  അക്ഷരങ്ങളിലൂടെ 
നീ  പിന്തുടരുന്നത് 
ഞാൻ  പിന്നിട്ട  പാതകളാണ് 
കടന്നുവന്ന  മരുഭൂമിയിലെ 
മണൽക്കാറ്റ് 
നിന്റെ  കണ്ണുകളിൽ 
വീശിയടിക്കും 
എന്റെ  സങ്കല്പങ്ങൾ 
നിന്നിൽ പൂവായ്  വിരിയും 
അവയുടെ നിറച്ചാർ്ത്തിൽ 
നീന്തിത്തുടിക്കവേ 
തേൻകുടങ്ങൾ 
നിനക്കായ്  തുളുമ്പും 
തണുത്തുറഞ്ഞ ശിശിരത്തിലെ 
എന്റെ  ഉഷ്‌ണകമ്പളം 
നിനക്ക് തലവഴി  മൂടാം 
അപ്പോൾ നീ അറിയുന്നത് 
എന്റെ കുളിരാണ് 
കൂരിരുട്ടിൽ  മറഞ്ഞിരിക്കുന്ന 
കൂർത്തതിളക്കങ്ങൾ 
ആഴ്ന്നിറങ്ങി 
നീ ചോരവാർന്ന് 
മരിക്കരുത് 
അത്  എനിക്കുള്ളതാണ് 
ചിതറിത്തെറിക്കുന്ന 
ചുമന്ന പൂക്കളാൽ 
കാലമിടുന്ന  പൂക്കളത്തിൽ 
എന്നെങ്കിലും സുഗന്ധം  മണക്കും 

                 രേഖ  ആർ താങ്കൾ

അഭിപ്രായങ്ങള്‍

  1. അജ്ഞാതന്‍2020, മേയ് 7 9:18 AM


    Nice...ith pole ulla nalla kavithakal aa thoolikayil ninnum iniyum janmum kollatte....all the best

    മറുപടിഇല്ലാതാക്കൂ
  2. അക്ഷരങ്ങളെ പ്രണയിക്കുന്ന ടീച്ചർക്ക് ഇനിയും നല്ല നല്ല കവിതകൾക്ക് ജന്മം നൽകാൻ കഴിയട്ടെ

    മറുപടിഇല്ലാതാക്കൂ
  3. നന്നായിട്ടുണ്ട് ...രേഖേ .....

    മറുപടിഇല്ലാതാക്കൂ
  4. വളരെ നന്നായിട്ടുണ്ട്. പ്രിയ കൂട്ടുകാരിയെ ഓർത്ത് അഭിമാനിക്കുന്നു. ഇനിയും നല്ല നല്ല കവിതകൾ പ്രതീക്ഷിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  5. ഞങ്ങളുടെ സങ്കല്പങ്ങൾ നിന്നിൽ പൂവായ് വിരിയട്ടെ രേഖേ

    മറുപടിഇല്ലാതാക്കൂ
  6. കവിത നന്നായിട്ടുണ്ട്,അഭിനന്ദനങ്ങൾ, നിന്നിൽ അഭിമാനിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  7. എല്ലാ കവിതകളും നന്നായിരിക്കുന്നു ആശംസകൾ 🌹🌹🌹

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ലാത്തിയും വെടിയുണ്ടയും - പാഠ വിശകലനം. കവളങ്ങാടൻ

കുടിയൻ - അൻസിഫ് ഏലംകുളം