ഓർമ്മകൾ - മിനി ടീച്ചർ


ഓർമ്മക്കുറിപ്പ്
*മിനി ബേബി*


I

വെളിച്ചത്തിലേക്ക്


അമിതമായ തിരക്ക് അത്ര നല്ലതൊന്നുമല്ല. എവിടേക്കെത്താനാണ് നമ്മുടെ ഈ ഓട്ടം. നീണ്ടു നീണ്ടു പോകുന്ന ഈ ലോക് ഡൗൺ ജീവിതത്തിലെ ഏറ്റവും വലിയ പാഠമാണ്. തിരക്കില്ലെങ്കിലും മനസ്സിൽ ഇരുട്ടാണ്. കൊറോണ എന്ന ഇരുട്ട്. എന്തൊക്കെയോ അശുഭചിന്തകൾ അനുവാദം ചോദിക്കാതെ...... ചില രാത്രികളിൽ പാതി മയക്കത്തിൽ ഇരുട്ടിൽപ്പെട്ട് തപ്പിത്തടയാറുണ്ട് ഞാൻ. എങ്ങും ഒരു തരി വെളിച്ചം പോലുമില്ല. കൈ പിടിക്കാൻ ആരുമില്ല. ഭീതിയോടെ ചുരുണ്ടു കൂടുമ്പോൾ വലിയ ശബ്‌ദത്തോടെ വെളിച്ചത്തിന്റെ അല എന്നെ മൂടുന്നത് സ്വപ്നം കണ്ട് ഞെട്ടി ഉണരാറുണ്ട്. പണ്ടെങ്ങോ എന്നിലേക്കിറങ്ങിയത് വെളിച്ചം..... 

പാവാട നിറമുള്ള ബാല്യത്തിന്റെ കൈ പിടിച്ചു ഞാൻ എത്തുക എപ്പോഴും അമ്മ വീട്ടിലാണ്
തീരാത്ത ഓർമകളുടെ കലവറ. തലമുടിയുടെ നടുവിലെ വകച്ചിൽ പോലെ പാടവരമ്പ്‌. പാടത്തേക്കിറങ്ങുന്നിടത്തു് പടിക്കെട്ടുകളാണ്. ഇറങ്ങിചെല്ലുന്നതു കൈത്തോട്ടിലേക്ക്. അത് എന്റെ ശാന്തിതീരമാണ്. വെള്ളത്തിൽ പിടക്കുന്ന ചെറുമീനുകളെ നോക്കി എത്ര നേരം വേണമെങ്കിലും ഞാനിരിക്കും. ആ പാടവരമ്പിലൂടെയാണ് പഠിക്കാൻ പോയ ചാച്ചൻമാർ വരുന്നത്. അധികം പ്രായവ്യത്യാസമില്ലാത്ത അവരുടെ ഇണക്കങ്ങളും പിണക്കങ്ങളും നല്ല നേരമ്പോക്കായിരുന്നു. വീടിന് ചുറ്റും പലരുചികളുള്ള മാവുകൾ........ കശുമാവിൻ തോട്ടം. അവിടെയൊക്കെ ചുറ്റി നടക്കുമ്പോൾ മനസുനിറയെ പേടിയാണ്. എന്നാലും സവാരി വേണ്ടെന്ന് വെക്കില്ല. ഏകാന്തതയിലങ്ങനെ നടക്കാൻ ചെറുപ്പത്തിലും എനിക്കിഷ്ടമായിരുന്നു. തഴച്ചു വളർന്ന ആ വൃക്ഷങ്ങൾ എന്തൊക്കെയോ കിന്നാരം പറഞ്ഞിരുന്നു...            വയസ്സായ അപ്പനും അമ്മയും മാത്രമായിരിക്കും മിക്കവാറും വീട്ടിൽ. ചാച്ചൻമാർ കിടക്കുന്നത് തണ്ടികയിലാണ്. വീടിനോട് ചേർന്നുള്ള കെട്ടിടമാണ് തണ്ടിക. അമ്മ കൂനിക്കൂനിയാണ് നടക്കുക. വലിയ വൃത്തിയിലൊന്നുമല്ല ആഹാരം പാകം ചെയ്യുക. പക്ഷെ ആ രുചിക്കൂ ട്ടുകൾ എന്നും അദ്ഭുതമായിരുന്നു. നിത്യവഴുതനങ്ങ മെഴുക്കുവരട്ടി......... ഇരുമ്പ്ചട്ടിയിൽ വറക്കുന്ന ഉണക്കമീൻ....... അമ്മയൊന്നു തൊട്ടാൽ മതി. കരിപിടിച്ച അടുക്കളയിലെ ഓരോ പാത്രത്തേയും, കരിക്കട്ടകളെപോലും ഞാൻ സ്നേഹിച്ചു. അമ്മ വിളമ്പിത്തരുന്ന ചോറ് എനിക്ക് അമൃതായിരുന്നു. അപ്പനും അമ്മയ്ക്കും കൂട്ടായി എത്ര ദിവസം വേണമെങ്കിലും ഞാൻ അമ്മവീട്ടിൽ കഴിയും.
അപ്പൻ ജഗജില്ലിയാണ് കെട്ടോ. രാവിലെ 5മണിക്ക് ഉണരും. സൈക്കിൾ ചവിട്ടിയാണ് 2കിലോമീറ്റർ അകലെയുള്ള പലചരക്ക് കടയിൽ പോകുന്നത്. ചിട്ടയുള്ള ജീവിതം. കണക്കുകളൊക്കെ കിറുകൃത്യം. സന്ധ്യക്ക്‌ നീണ്ട പ്രാർത്ഥന. ആഹാരം കഴിഞ്ഞാൽ ഉടനെ കിടക്കും. മച്ചിട്ട മുറി ഒരു അറ പോലെയാണ്. മുറിയിൽ 3കട്ടിലുണ്ട്. എങ്കിലും ഞാൻ തറയിലാണ് കിടക്കാറ്. ഒരു വശത്തെ കട്ടിലിൽ അപ്പൻ. മറുവശത്തു അമ്മ. അമ്മയുടെ കട്ടിലിൽ നിന്ന് കുഴമ്പിന്റ നേർത്ത ഗന്ധം. വാർദ്ധക്യത്തിന്റെ ഞരങ്ങലും മൂളലും എനിക്ക് താരാട്ടുപാട്ടാണ്‌. മുറിയിൽമുഴുവൻ കുറ്റാകൂരിരുട്ടാണ്. പുതച്ചുമൂടി ആ സുരക്ഷിതവലയത്തിൽ ഞാൻ സുഖ സുഷുപ്തിയിലേക്കു യാത്രയാകും
ആ ഉറക്കത്തിൽ നിന്ന് ഞാൻ ഉണരുക ഒരു വലിയ ശബ്‌ദത്തിന്റെ അകമ്പടിയോടെയാണ്. ഒപ്പം വെളിച്ചത്തിന്റെ വലിയ അലയും. തലയ്ക്കു മുകളിൽ സൂര്യൻ ഉദിച്ചതുപോലെ തോന്നും. പ്രഭാതവെളിച്ചം സൗമ്യമാണെങ്കിലും എനിക്കതു കഠിനമായിരുന്നു. കണ്ണുകൾ എത്ര ഇറുക്കി അടച്ചാലും പുതച്ചു മൂടിയാലും ഉണരാതിരിക്കാൻ കഴിയില്ല. മുറിയിലെ മരക്ക തകാണ് പ്രതി.  ഒരു ഭീമാകാരൻ തന്നെയായിരുന്നു ആ കതക്. അത് തുറക്കുന്ന ശബ്‌ദം താഴെയുള്ള പാടം കടന്ന് ദൂരേക്ക്‌... വളരെ ദൂരേക്ക്‌ സഞ്ചരിക്കുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. ഈ ലോക്ക് ഡൗൺ ഒരു ഉറക്കമാണ്. ഉണർത്താൻ വലിയ വെളിച്ചത്തിന്റെ അല നമ്മെ തേടി വരാതിരിക്കില്ല. നന്മയുടെ ദീപം തെളിയാതിരിക്കില്ല. നമുക്ക് കാത്തിരിക്കാം പ്രിയപ്പെട്ടവരെ.


II

സുന്ദരി മാവ് 
ഒരു ഫയൽചിത്രം


ഞാൻ പെൻഷൻ പറ്റിയത് വലിയ തിരക്കിലേക്കായിരുന്നു. തിരക്കൊക്കെ കുറഞ്ഞപ്പോൾ ഞാൻ എന്നെ ഒരു ചട്ടക്കൂട്ടിലാക്കി വീടിന്റെ അകത്തളങ്ങളിൽ തളച്ചിട്ടു. ഇതാണെന്റെ സ്വർഗം എന്ന് ചൊല്ലി ആ പൊട്ടക്കുളത്തിൽ സസുഖം വാണു. ഇടയ്ക്കിടയ്ക്ക് കൂട്ടുകാർ പുറത്തേക്ക് വരൂ എന്ന് പറഞ്ഞ് വിളിച്ചു. വെള്ളത്തിന്‌ മുകളിൽ വന്ന് ചിരിച്ച് കാണിച്ച് ഞാൻ വീണ്ടും ഊളിയിട്ടു. ഇപ്പോഴിതാ ഒരു മാഷ് ചൂണ്ടയുമായി കുളത്തിനരികിൽ ഇരിപ്പാണ്. നമ്മുടെ റെജി മാഷ്. രക്ഷപെടാനുള്ള മാർഗമാണ് ഈ ഓർമക്കുറിപ്പുകൾ
പെൻഷൻ പറ്റുന്നതിനുമുമ്പേ വ്യായാമത്തിന്റെ ഭാഗമായി  ഞാൻ സായാഹ്നസവാരി തുടങ്ങിയിരുന്നു. ഫസ്റ്റ് ഇമ്പ്രെഷൻ തീരെയില്ലാത്ത ആളാണ് ഞാൻ എന്നെനിക്കു തോന്നാറുണ്ട്. ഒരു ഭാവക്കാരി എന്നതിൽ കവിഞ്ഞു ആരും എന്നെ വിലയിരുത്താറില്ല. വൈകുന്നേരത്തെ നടപ്പ് നാട്ടുകാരിൽ ഒരു ചെറിയ മതിപ്പൊക്കെ ഉണ്ടാക്കി. ചെറു പുഞ്ചിരിയിലൂടെ അവർ എന്നോട് സംവദി ക്കാൻ തുടങ്ങി. വഴിയിലെ  ചെടികളും മരങ്ങളും ആസ്വദിച്ചു കാണുന്ന ഓരോ വീടുകളുടെയും മാനമറിഞ്ഞു തനിയെ..... ഞാനങ്ങനെ ലയിച്ച് നടക്കും. പല വഴികളുണ്ടായിരുന്നു എനിക്ക്. വ്യത്യസ്തകാഴ്ചകളിൽ കണ്ണും നട്ട് നടക്കുക എത്ര രസകരമാണ്. ലോക്ക് ഡൗൺ ആ സാധ്യതകൾ ഇല്ലാതാക്കി. എർണാ കുളം ഗ്രീൻ സോനാക്കിയതിന്റെ പിറ്റേന്ന് ഞാനിറങ്ങി. ഞങ്ങളുടെ പഴയ വീടിന്റെ സമീപതുകൂടിയായിരുന്നു അന്നത്തെ യാത്ര. ആളനക്കമില്ലാതെ കിടക്കുന്ന ആ വീട്ടിലേക്ക് ഞാൻ സ്നേഹത്തോടെ നോക്കി. ചെറിയ ഗേറ്റ് തുറന്നു കിടക്കുന്നു ഞാൻ വെറുതെ അകത്തേക്ക് കയറി. മുറ്റത്തെ മാവിൻചുവട്ടിൽ ഏറെ കൊതിച്ചുണ്ടാക്കിയ ഇരിപ്പിടത്തിൽ ഇരുന്നു.
വീട് വിറ്റു എന്ന് കേട്ടപ്പോൾ  വലിയ വിഷമമൊന്നും തോന്നിയില്ല. അടുപ്പമില്ലാഞ്ഞിട്ടല്ല. വാസ്തവത്തിൽ അത്രയും അലിഞ്ഞു ചേർന്ന വേറൊരു വീട് ഉണ്ടായിട്ടില്ല. കല്യാണം കഴിഞ്ഞ് രണ്ട് ആഴ്ച പോലും കഴിയുന്നതിന് മുൻപാണ് വീടിന് കല്ലിട്ടത്‌. പുതുമണം മാറാത്ത ആഭരണങ്ങളും ചിട്ടികളും ഒക്കെ സഹായിച്ചിട്ടാണ് അതൊന്നു പൂർത്തിയായത്. ഞങ്ങളുടെ സ്വപ്‌നങ്ങൾ പൂവണിഞ്ഞു തുടങ്ങിയത് അവിടെ വെച്ചാണ്. ഞാനേറെ സ്നേഹിച്ച സൗന്ദര്യമുള്ള ഒരു വീട് തന്നെയായിരുന്നു അത്. അടിച്ചും തുടച്ചും മിനുക്കിയും വീട്ടിലിരിക്കാനായിരുന്നു എനിക്കേറെ ഇഷ്ടം. എന്നിട്ടും എന്തേ വിഷമം തോന്നിയില്ല എന്ന്  ചോദിച്ചാൽ നിവൃത്തികേടുകൊണ്ടോ നിർബന്ധബുദ്ധി കൊണ്ടോ അല്ല വിറ്റത്. പുതിയ ഒരെണ്ണം പണിയാനാണ്. വേറെയും ഉണ്ട് കാരണം. ഞാനൊന്നു പുറകോട്ടു ക്ലിക്ക് ചെയ്യുകയാണ്.
തിരക്കുകളില്ലാത്ത കൊച്ചുഗ്രാമത്തിൽ ഒരേക്കറിൽ ഒരു വീടുണ്ടായിരുന്നു. പഴമയുടെ ഗന്ധം പേറി നിന്ന മച്ചിട്ട വീട്. ഞാൻ ജനിച്ചതവിടെയായിരുന്നു. എന്റെ ബാല്യവും കൗമാരവും പൂവിട്ടത് അവിടെയാണ്. നിറഞ്ഞ മരങ്ങൾക്കിടയിലൂടെ ചുറ്റി നടക്കാൻ നല്ല രസമായിരുന്നു.എന്തെല്ലാം ഫലവൃക്ഷങ്ങളായിരുന്നു അവിടെ. ഇന്നും ആ വീടും പുരയിടവും ഒരു ചിത്രമായി മനസ്സിലുണ്ട്. വീടിന്റെ മുൻപിൽ വിശാലമായ വഴി. അത് അവസാനിക്കുന്നത് പൊതു ഇടവഴിയിലേക്കാണ്. ഡാഡി എപ്പോഴും പറയും "മോളേ നിന്റെ കല്യാണത്തിന് ആ ഇടവഴി വരെ പന്തലിടും "                     അണിഞ്ഞൊരുങ്ങി വരാനൊന്നിച്ചു ആ വഴിയിലൂടെ വരുന്നത് ഞാൻ പലവട്ടം സ്വപ്നം കണ്ടു. എന്റെ മോഹങ്ങൾ പൂവണിഞ്ഞില്ല. എന്റെ കല്യാണ ആവശ്യത്തിനുതന്നെ ആ വീട് വിൽക്കേണ്ടി വന്നു. വിറ്റു കഴിഞ്ഞ് അവിടെ താമസിച്ച ഒരു ദിവസം പോലും ഞാൻ കര യാതിരുന്നിട്ടില്ല. ഹൃദയം നുറുങ്ങുന്ന വേദനയായിരുന്നു. ആ വീടിന്റെ ഭിത്തിയിൽ തലോടി ഞാൻ എത്ര വട്ടം മാപ്പ് പറഞ്ഞെന്ന് എനിക്കറിയില്ല. വീട്ടിൽ നിന്ന് ഇറങ്ങുന്നതിന്റ തലേന്ന് ഉറങ്ങിയില്ല. എന്റെ കല്യാണ ആൽബത്തിൽ ഒരു ചിത്രമാകാൻ പോലും എന്റെ പ്രിയപ്പെട്ട വീടിന് കഴിഞ്ഞില്ലല്ലോ. ദുഃഖത്തിന്റെ പാരമ്യത്തിൽ  എത്തിച്ച ആ ഓർമകൾ മരിക്കാതിരുന്നതുകൊണ്ടാവാം ഈ വീടിന്റെ നഷ്ടം എന്നെ തളർത്താതിരുന്നത് എന്ന് ഞാൻ കരുതുന്നു.
ഞാൻ പറയാൻ വന്നത് ഈ വീടിന്റെ മുറ്റത്തെ മാവിനെക്കുറിച്ചാണ്. വീട് പണിത ഉടൻ ഭർത്താവ് മുറ്റത്തൊരു മാവ് നട്ടു. അത് വലുതായത് ഞങ്ങളുടെ മുൻപിലാണ്. അങ്കണതൈമാവ് ആദ്യമായി പൂത്തപ്പോഴും മാമ്പഴം തന്നപ്പോഴും ഉത്സവമായിരുന്നു വീട്ടിൽ. നല്ല മുഴുത്ത മാമ്പഴം. പല വട്ടമായി പൂക്കുന്ന മാവിൽ മാസങ്ങളോളം മാമ്പഴം ഉണ്ടാകും. കാണെക്കാണെ അത് വലുതായി. രണ്ടാം നിലയിലെ ജനാലയിലൂടെ മാവിനെ തൊടാൻ എനിക്കിഷ്ടമായിരുന്നു. മാമ്പഴം തിന്നാൻ വരുന്ന കിളികളുടെ ശബ്‌ദം ഉണർത്തുപാട്ടായി. മാവ് പിന്നെയും വളർന്നു. വീടിന് മുകളിൽ പടർന്നു. ശരിക്കും ഒരു കുട പോലെ. പച്ചക്കുട പിടിച്ച വീട്. സത്യത്തിൽ ആ മാവ് വീടിന്റെ ഒരു ഭാഗമായി മാറുകയായിരുന്നു. വീട്ടിൽ വന്നുപോകുന്ന അതിഥികളാരും മാവിനെ പറ്റി രണ്ട് വാക്ക് പറയാതെ പോയില്ല. എന്റെ കൂട്ടുകാരുടെ ഇഷ്ട്ട ഇരിപ്പിടമായിരുന്നു ഇത്. മാവിനും ഇരിപ്പിടത്തിനും ഇടയിൽ ആമ്പൽപൂക്കൾ വിരിഞ്ഞു നിൽക്കുന്ന ഒരു കുളമുണ്ടായിരുന്നു. വീട് വിറ്റപ്പോൾ മാവ് ഒരു നഷ്ട്ടബോധമായി എന്നെ പൊതിഞ്ഞു
വീടുവാങ്ങിയവർ വളരെ നല്ലവരാണ്. അവർ ഈ മാവിനെ സ്നേഹിക്കും. ഒരു പക്ഷേ ഞങ്ങളേക്കാൾ..... ഈ വീടിന്റെ ഏറ്റവും വലിയ സൗഭാഗ്യം മാവ് തരുന്ന കാറ്റും തണലും തണുപ്പുമാണ്. ആ വർഷമായിരുന്നു മാവ് ഏറ്റവും കൂടുതൽ കായ്ച്ചത്. റോഡിലുടെ ആളുകൾ അതിശയത്തോടെ മാവിനെ നോക്കി നോക്കി പോകുന്നത് കാണാം. കറിക്കു പോലും ഒരു മാങ്ങാ ഞാൻ പറിച്ചില്ല. വീട് വാങ്ങിയവർക്ക് കൊച്ചുകുട്ടികളുണ്ട്. അവർ മതിയാകുവോളം തിന്നട്ടെ. അടുത്ത് തന്നെയാണ് ഞങ്ങൾ വീട് പണിയുന്നത്. ഇനിയും വരാലോ മാവ് കാണാലോ... ഞാനങ്ങനെ ദിവാസ്വപ്നങ്ങളിൽ മുഴുകി നടന്നു. വീട്ടുടമസ്ഥൻ വിദേശത്താ ണ്‌. അവധിക്കാലത്തു മാത്രമേ വീട്ടിലുണ്ടാകൂ. പെട്ടെന്നൊരുദിവസം അദ്ദേഹം കയറി വന്നു.        "  മാവ് വെട്ടുകയാണ്. മാവിന്റെ വേരുകൾ വീടിന് ദോഷം ചെയ്യും. ബഡ്ഡ് ചെയ്യണമെങ്കിൽ ചെയ്തോളു "           ശരിക്കും ഇടിവെട്ടേറ്റതുപോലെയായി. അവിശ്വസനീയമായതെന്തോ കേട്ടതുപോലെ... ഒറ്റ ശ്വാസത്തിൽ മാവിനെപ്പറ്റി എന്തെല്ലാം പറഞ്ഞു എന്ന് എനിക്കുതന്നെ അറിയില്ല. ജനാലയിലൂടെ ഞാൻ മാവിനെ നോക്കി. നിറയെമാങ്ങകളുമായി പച്ചപ്പിന്റെ ഒരു കോട്ട പോലെ.. എന്റെ കണ്ണുകൾ നിറഞ്ഞു വന്നു. എന്തു പറഞ്ഞിട്ടും കാര്യമില്ല. ഇവിടെയുള്ളതൊന്നും ഇനി ഞങ്ങളുടേതല്ല. എല്ലാ അവകാശവും തീറെഴുതി കൊടുത്തുകഴിഞ്ഞല്ലോ
മാവ് വെട്ടുന്നതിന്റെ തലേന്ന് ഉറങ്ങാതെ മാവിനെ നോക്കി കിടന്നു. എന്തൊരു പ്രൗഡിയാണ് എന്റെ സുന്ദരിമാവിന്. രാവിലെ പിരിയാനാവാതെ ഞാനതിനെ തൊട്ടു നിന്നു. അതിന്റെ പരുക്കൻ ശരീരത്തിൽ വിരലോടിച്ചു. മാവ് വെട്ടുന്നതിനു സാക്ഷിയാവാൻ നിന്നില്ല. ഒഴിവാക്കാനാകാത്ത ഒരു പരിപാടി. എത്ര നന്നായി. വൈകിട്ട് വീട്ടിലേക്ക് വരാൻ തന്നെ മടിയായിരുന്നു. വഴിയിലേക്ക് വണ്ടി തിരിഞ്ഞപ്പോൾ ഞാൻ പാളി നോക്കി. മുറ്റത്തു തെളിഞ്ഞ വെളിച്ചം. സുന്ദരിമാവിന്റെ ശരീരവും കൈകളും  വിരലുകളും അരിഞ്ഞരിഞ്ഞു കൂട്ടിയിരിക്കുന്നു. ഹൃദയത്തിൽ തീയാളുന്നു. ശരീരത്തിൽ ചൂടും. ഞങ്ങൾ പോകുന്നതുവരെ   കാത്തിരിക്കാമായിരുന്നു അവർക്ക്. അന്നും ഉറങ്ങിയില്ല. എത്രയുംവേഗം അവിടെനിന്നിറങ്ങാൻ തിടുക്കമായി. മനസ്സ്കൊണ്ട് മാവിനൊപ്പം ഞാൻ പടിയിറങ്ങികഴിഞ്ഞിരുന്നു.       .... ഞാൻ മാവ് നിന്ന ഭാഗത്തേക്ക്‌ നോക്കി.ഒരു അടയാളം പോലുമില്ല. എല്ലാം ടൈലിട്ടു ഭംഗി വരുത്തിയിരിക്കുന്നു. ടൈലിനെ തട്ടിത്തെറിപ്പിച്ചു  ഭൂമിക്കടിയിൽനിന്ന് ആ മാവ് ഉയർത്തെഴുന്നേറ്റു വന്നിരുന്നെങ്കിൽ എന്ന്  ഞാൻ ഭ്രാന്തമായി ചിന്തിച്ചു.... 


ഇന്നിനി നടപ്പ് വയ്യ. ചെറിയ ഗേറ്റ് ചേർത്തടച്ചു ഞാൻ തിരിഞ്ഞു നടന്നു.
5.

പെറുക്കി കൂട്ടിയ ഓർമ്മ ചീന്തുകൾ

അല്ലലും അലച്ചിലുമില്ലാതെ വർത്തമാനകാലത്തിന്റെ സുരക്ഷിതത്വത്തിൽ കഴിഞ്ഞിരുന്ന ഞാനിന്ന് തിരിച്ചുപോകാൻ വഴിയറിയാതെ അലയുകയാണ്. മഴയിൽ നനഞ്ഞുകുതിർന്നു കിടക്കുന്ന വഴിയിലൂടെ നടന്ന് മുത്തുച്ചിപ്പികൾ പെറുക്കിക്കൂട്ടുന്നു. ഡാഡിയെപറ്റി എഴുതണമെന്ന് തോന്നിത്തുടങ്ങിയിരിക്കുന്നു. 

പ്രതാപിയായ അപ്പന്റെ ഇളയ മകൻ. അന്നത്തെ കാലത്ത് പത്താം ക്ലാസ്സിൽ നൂറിൽ നൂറ് മാർക്ക്‌ മേടിച്ച മിടുക്കൻ. അഭിനയം, കഥാപ്രസംഗം, ഫാൻസി ഡ്രസ്സ്‌ എന്നിവയിലൊക്കെ ഒന്നാമൻ. വൈലോപ്പിള്ളി യുടെ' മാമ്പഴം 'കഥാപ്രസംഗമായി എന്നെ പഠിപ്പിച്ചിട്ടുണ്ട്. കഥാപ്രസംഗമത്സരത്തിന് നിറഞ്ഞ കണ്ണുകളോടെ കാണികളെ കരയിപ്പിച്ചുകൊണ്ട് ഞാൻ മാമ്പഴം അവതരിപ്പിച്ചത് ഓർമ്മ വരുന്നു. 
ഡാഡിയുടെ പ്രേതസാന്നിധ്യമുള്ള കഥകൾ കേൾക്കാൻ എനിക്ക് ഒരുപാട് ഇഷ്ട്ടമായിരുന്നു. ഒരേ കഥകൾ തന്നെ പലപ്രാവശ്യം പറയിപ്പിക്കും. 
സണ്ടേസ്കൂൾ അധ്യാപകനായ ഡാഡി പള്ളിമേടയിലെ മുറിയിൽ   കിടക്കുന്നു. രാത്രി ശവക്കോട്ടയിൽനിന്ന് വരുന്ന കാലടി ശബ്‌ദം മുറിയുടെ മുൻപിൽ നിൽക്കുന്നു. വാതിൽ തുറക്കുമ്പോൾ ആരുമില്ല.

രാത്രിയിൽ മീൻ പിടിക്കാൻ പോയ ഡാഡിയുടെ പുറകിൽ ഒരു പെരുച്ചാഴി . ഡാഡി നടക്കുമ്പോൾ  നടക്കും. നിൽക്കുമ്പോൾ നിൽക്കും.അറിയാത്ത വഴിയിലൂടെയൊക്കെ ഡാഡി ചുറ്റി കറങ്ങിയത്രേ. 
ഒരു രാത്രിയിൽ ആരോ തുങ്ങി മരിച്ച മരത്തിന്റെ ചുവട്ടിലൂടെ പോരുമ്പോൾ എന്തോ ശബ്‌ദം. പേടിച്ചരണ്ട്‌ മുകളിലേക്ക് നോക്കിയപ്പോൾ ആരോ തൂങ്ങി നിൽക്കുന്നു. 
ഇങ്ങനെ എത്ര എത്ര കഥകൾ.

ഡാഡി പറഞ്ഞ കഥകളോർത്തു പുറത്തെ മരരൂപങ്ങളെ സൂക്ഷിച്ചു നോക്കി ഉറങ്ങാതിരുന്ന എത്ര എത്ര രാത്രികൾ. 
കന്നി ഇരുപതാം തിയതി ചെറുപള്ളിയിലെ പെരുന്നാൾ. ഞങ്ങൾ കാത്തിരിക്കുന്ന സുദിനം അന്ന് ഡാഡി ഞങ്ങളെ പള്ളിയിൽ കൊണ്ടുപോകും. കൈ നിറയെ സാധനങ്ങൾ വാങ്ങി തരും. ഒരു വർഷത്തേക്കുള്ള ഡ്രസ്സുകളൊക്കെ എടുത്തു തരുന്നത് അന്നാണ്. പള്ളിയുടെ അടുത്തുള്ള മാതാ തിയേറ്ററിൽ സിനിമ കാണിക്കും. ചിലപ്പോ അടുത്ത തിയേറ്ററിലെ സെക്കന്റ്‌ ഷോ യും കഴിഞ്ഞാണ് മടങ്ങാറുള്ളത്. 
അതുപോലെ ഒരു ദിവസമായിരുന്നു അത്. എല്ലാം കഴിഞ്ഞ് ഡാഡി യുടെ ബൈക്കിന്റെ പുറകിൽ അള്ളിപിടിച്ചിരിക്കുകയാണ് ഞാനും സിനിയും. നല്ല തണുത്ത കാറ്റ്. പുറകിലിരിക്കുന്ന തുണിക്കെട്ട് ഞാൻ ഇടയ്ക്കിടയ്ക്ക് തപ്പിനോക്കും. അതിനകത്താണ് മനസ്സ് മുഴുവൻ. എത്രനേരം നോക്കി നടന്ന് തെരഞ്ഞെടുത്തതാ. അത് എങ്ങനെയൊക്കെ തയ്ക്കണമെന്നൊക്കെ ആലോചിച്ചാണ് ഇരുപ്പ്. വീടെത്തി. ഞാനാണ് ആദ്യം ഇറങ്ങിയത്. ബൈക്കിന്റെ പുറകിൽ നോക്കി. അവിടം ശൂന്യം. ഹൃദയം നിന്നുപോകുന്നതുപോലെ തോന്നി. ഡാഡി അപ്പോൾ തന്നെ തിരിച്ചുപോയി. മിടിക്കുന്ന ഹൃദയത്തോടെ ഞങ്ങൾ അവിടെത്തന്നെ നിന്നു. പോയതുപോലെ തന്നെ ഡാഡി മടങ്ങി വന്നു. അന്ന് ഒഴുക്കിയ കണ്ണുനീരിന് കണക്കില്ല. ആ പൊതിയിൽ തുണി മാത്രമല്ല ഞങ്ങളുടെ സ്വപ്നങ്ങളു മുണ്ടായിരുന്നു.

ഡാഡിക്ക് തടികൂപ്പ് ബിസ്സിനസ്സ് ആയിരുന്നു. അതിലൊക്കെ ലാഭമുണ്ടാക്കാൻ നല്ല മിടുക്ക്. മുള്ളരിങ്ങാടും പറമ്പിക്കുളത്തുമൊക്കെ ഞങ്ങളെ കൊണ്ടുപോയിട്ടുണ്ട്. വനത്തിലൂടെയുള്ള യാത്രയും വനത്തിനകത്തു  ജോലിക്കാർ പാചകം ചെയ്തു തന്ന ആഹാരത്തിന്റെ രുചിയുമൊക്കെ ഇന്നും ഓർക്കുന്നു. 
നാട്ടിലൊക്കെ എല്ലാവർക്കും ഡാഡിയോട് സ്നേഹമാണ്. നല്ല രസികനാണത്രെ. നല്ല വായനശീ ലവുമുണ്ടായിരുന്നു. ലൈബ്രറിയിൽ നിന്ന് പുസ്തകമെടുത്തുകൊണ്ടു വരും. എല്ലാം നോവലുകളാണ്. അതൊന്നും കുട്ടികൾക്ക് വായിക്കാനുള്ളതല്ല. ഒളിച്ചും പാത്തും ഞാൻ വായിച്ച ആദ്യത്തെ നോവലാണ് 'മദീന '. ഡാഡി ഇലക്ഷനോക്കെ നിന്നിട്ടുണ്ട്. പഞ്ചായത്ത് മെമ്പർ ആയിട്ട്. ഇലക്ഷൻ പ്രചാരണത്തിന്റെ ഭാഗമായി ഞങ്ങൾ കലാപരിപാടികൾ അവതരിപ്പിച്ചത് ഓർമ്മ വരുന്നു
വീടിന്റെ മുൻപിൽ ഗീവർ ഗീസ് സഹദായുടെ ഒരു കുരിശിൻതൊട്ടിയുണ്ട്. അതിന്റെ ഒരു ഭാഗത്ത്‌ സ്റ്റേജ് ഉണ്ടാക്കി. ബന്ധുക്കളായ കുട്ടികളും ഉണ്ടായിരുന്നെന്ന് തോന്നുന്നു. പരിപാടികൾ ഗംഭീരം  കാണികൾ ഒത്തിരിയുണ്ടായിരുന്നു. ആത്മവിശ്വാസത്തോടെ ഞങ്ങൾ ഉറപ്പിച്ചു. 
ഡാഡി ജയിക്കും. പക്ഷേ ഡാഡി ജയിച്ചില്ല. 
കൂപ്പിലെ ജീവിതം ഡാഡിയെ ഒരു മദ്യപാനിയാക്കി. എന്റെ ബാല്യകാലസ്വപ്നങ്ങൾക്ക് കറുത്ത നിറം പകർന്നത് ഡാഡിയുടെ മദ്യപാനമാകാം. എന്റെ വിവാഹത്തിന് രണ്ട് വർഷം മുൻപ് ഡാഡി മദ്യപാനം നിർത്തി. അതു വരെ ആ ദുഃഖം താങ്ങിയാണ് ഞാൻ നടന്നത്. 
ഒരു പ്രത്യേകരീതിയിലുള്ള മദ്യപാനമായിരുന്നു ഡാഡിയുടേത്. തുടങ്ങിയാൽ പിന്നെ തുടർന്നുകൊണ്ടേയിരിക്കും. ചിലപ്പോ ഒരു മാസം ചിലപ്പോ രണ്ട് മാസം. ആഹാരമൊന്നും വേണ്ട. മദ്യം മാത്രം മതി. ലഹരിയില്ലാത്ത സമയത്ത് ഞങ്ങൾ കരഞ്ഞു കാല് പിടിക്കും. അപ്പോഴൊക്കെ എത്ര പാവമാണെന്നോ ഡാഡി. പക്ഷെ ഒന്നും ഡാഡിയുടെ നിയന്ത്രണത്തിലല്ല. കുടിക്കാതിരിക്കാൻ ഞങ്ങൾ കുട്ടികൾ കൂടെ പോയിട്ടുണ്ട്. മമ്മിയും ഞങ്ങളും കണ്ണിലെണ്ണയൊഴിച്ചു നോക്കിയിരുന്നിട്ടാണ് ഡാഡി യെ പഴയ അവസ്ഥയിലേക്ക് തിരിച്ചു കൊണ്ടു വരുന്നത്. അപ്പോഴേക്കും ആരോഗ്യവും പണവും എല്ലാം നഷ്ട്ടപ്പെട്ടിട്ടുണ്ടാവും. പിന്നെ ഒരു വർഷം ചിലപ്പോ കുടിക്കില്ല. കുടിക്കാതിരിക്കുമ്പോൾ അതിന്റെ മണം പോലും അലർജിയാണ്.
ഒൻപതു മണിയായാലും ഡാഡി വീട്ടിലെത്തിയില്ലെങ്കിൽ ഉറപ്പിക്കാം. ഡാഡി കുടി തുടങ്ങി. വീടിന്റെ മുൻവശത്തുള്ള ഗ്രില്ലിൽ മുഖം ചേർത്ത് മമ്മിയോടൊപ്പം വഴിയിലേക്ക് നോക്കി ഞാൻ നിൽക്കും. അനിയത്തിക്കു ട്ടികളൊക്കെ ഉറക്കമായിട്ടുണ്ടാവും. സമയം നീളുന്തോറും എന്റെ ഭയം വർദ്ധിക്കും. വേദപുസ്തകം നെഞ്ചോടു ചേർത്ത് കണ്ണുനീർ ഒലി പ്പിച്ചുകൊണ്ട് നിൽക്കുന്ന എന്റെ രൂപം ഇ ന്നോർക്കുമ്പോൾ സഹതാപം തോന്നുന്നുണ്ട്.
എന്ത് വിഷമം ഉണ്ടായാലും വേദപുസ്തകം നെഞ്ചോടു ചേർത്തുപിടിച്ചാൽ പരിഹാരം ഉണ്ടാവുമെന്ന് ആരാണ് എനിക്ക് പറഞ്ഞു തന്നതെന്ന് ഓർമ്മയില്ല. ഒരു പക്ഷെ ഡാഡി യുടെ അമ്മയാകും. എന്റെ തലതൊട്ടമ്മ. അമ്മക്ക് കൊച്ചുമക്കളിൽ എന്നോടായിരുന്നു ഏറ്റവും പ്രിയം. എനിക്ക് അമ്മ ജീവനായിരുന്നു. അമ്മ ഒരിക്കലും മരിക്കരുതേ എന്ന് ഞാൻ എന്നും പ്രാർത്ഥിക്കുമായിരുന്നു. എവിടെ പോയാലും അമ്മ എന്നെ കൊണ്ടുപോകും. കോതമംഗലത്തുള്ള വെല്യമ്മായിയുടെ വീട്ടിൽ പോകുന്നതാണ് എനിക്ക് ഏറ്റവും ഇഷ്ട്ടം. ആനച്ചിറ വീട് എന്നും എനിക്ക് അദ്ഭുതമായിരുന്നു. അവിടെ എത്ര മുറികളുണ്ടെന്നു ഇപ്പോഴും എനിക്കറിയില്ല. അമ്മായിയുടെ സ്നേഹം, വാത്സല്യം ഒക്കെ തെളിഞ്ഞ ഓർമ്മ. പലഹാരം വെക്കാനായി ഒരു ചെറിയ മുറി തന്നെയുണ്ടായിരുന്നു അവിടെ. പല തരം പലഹാരങ്ങൾ. അച്ചപ്പം, കുഴലപ്പം, ഉണ്ട, പല തരം ഉപ്പേരികൾ, പല നിറത്തിലുള്ള ബിസ്‌ക്കറ്റുകൾ,..... ചുരുട്ട് അവിടുത്തെ ഒരു സ്പെഷ്യൽ പലഹാരമാണ്. ഇപ്പോൾ ചെന്നാലും അവിടെ ചുരുട്ട് ഉണ്ടാകും. അമ്മയുടെ ഉപ്പു ബിസ്‌ക്കറ്റ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്. അവിടെ എത്തിയാൽ ആ പലഹാരമുറിയിലേക്ക് അമ്മ എന്നെ കൊണ്ടുപോകും. ഇഷ്ട്ടം പോലെ കഴിക്കാം. കോതമംഗലത്തെ ഏറ്റവും പ്രതാപിയായിരുന്നു ചാച്ചൻ. രണ്ടു മൂന്നു ബസ്സു കൾ, പമ്പ് എന്നിവയൊക്കെ ഉണ്ടായിരുന്നു. ഞങ്ങൾ കുട്ടികളോട് കൂട്ടുകൂടാൻ വലിയ ഇഷ്ട്ടമായിരുന്നു ചാച്ചന്. ഞങ്ങളെ നിരത്തിയിരുത്തി പേൻ ചീകി കൊന്നതൊക്കെ ഓർമ്മ വരുന്നു. എത്ര വലിയ വീടുകൾ കണ്ടാലും എന്റെ മനസ്സിൽ ആനച്ചിറ വീടിന്റെ പ്രതാപം അംഗീകരിച്ചു കൊടുക്കാൻ പ്രയാസമാണ്. സിമന്റിട്ട വിശാലമായ മുറ്റം, വിവിധതരം പക്ഷികൂടുകൾ... എന്റെ അമ്മായിയുടെ വീടാണ് എന്ന്  അഭിമാനത്തോടെ ഓർത്തു സമപ്രായക്കാരായ  അമ്മായിയുടെ കൊച്ചുമക്കളോടൊത്തു കളിച്ചു നടന്ന കാലം കഴിഞ്ഞ ജന്മത്തിലായിരുന്നോ?
കുറച്ച് ദിവസം താമസിച്ചിട്ടു ഞാനും അമ്മയും കൈ നിറയെ പലഹാരങ്ങളുമായി തിരിച്ചുപോകും. രാത്രി അമ്മയുടെ മുറിയിലാണ് ഞാൻ കിടക്കുന്നത്. അമ്മ ഉറക്കത്തിൽ ഒന്ന് മൂളിയാൽ പോലും ഞാൻ ഞെട്ടി ഉണരും. അമ്മക്ക് വയസ്സ് ഏറുന്തോറും എന്റെ ആധി വർധിച്ചു വന്നു.. ഒരു ദിവസം അമ്മ വല്ലാതെ കരയുന്നത് കെട്ട് ഞാൻ ഞെട്ടി ഉണർന്നു. എന്തോ കുഴപ്പമുണ്ട്. കരഞ്ഞു കൊണ്ടു ഞാൻ ഡാഡി യെ വിളിച്ചു. പെട്ടെന്ന് തന്നെ വല്യപ്പച്ചന്മാരും വല്യമ്മച്ചിമാരും എത്തി. മുറിയിൽ നല്ല തിരക്ക്. എന്ത് ചെയ്യണമെന്ന് ഒരു രൂപവുമില്ലാതെ ഞാൻ ഓടിനടന്നു. പിന്നെ വേദപുസ്തകം നെഞ്ചോട്ചേർത്ത് ഏങ്ങലടിച്ചു കരയാൻ തുടങ്ങി. അമ്മയുടെ ചെവിയിൽ പ്രാണി പോയതായിരുന്നു. രംഗം ശാന്തമായപ്പോഴും ഞാൻ വേദപുസ്തകത്തിൽ മുഖമമർത്തി കരയുകയായിരുന്നു. എല്ലാവരും കൂടിയിരുന്ന് എന്നെ കളിയാക്കി. അമ്മ മരിക്കുമ്പോൾ ഞാൻ ക്രൈസ്‌തവ മഹിളാലയത്തിൽ പഠിക്കുകയാണ്. സുഖമില്ല എന്നു പറഞ്ഞാണ് എന്നെയും സുജയേയും കൂട്ടാൻ വന്നത്. വീടിനടുത്തെത്തിയപ്പോൾ ആൾക്കൂട്ടം കണ്ട് അലമുറയിട്ടുകൊണ്ടു വീട്ടിലേക്കോടിയ പച്ചപാവടക്കാരിയെ ഞാനോർക്കുന്നു.
ഡാഡി യുടെ മദ്യപാനം എന്നിൽ ഒട്ടേറെ മാറ്റങ്ങൾ ഉണ്ടാക്കി. എവിടെച്ചെന്നാലും മറ്റുള്ളവർക്ക് ചോദിക്കാനുള്ള വിശേഷമായി അത്. വേദനയിലേക്ക് കൈ ചൂണ്ടാനാണല്ലോ എല്ലാവർക്കും ഇഷ്ടം. അ വധിക്ക് നാട്ടിലുള്ളപ്പോഴൊക്കെ ഡാഡിയുടെ മുറിയുടെ തൊട്ടടുത്ത മുറിയിലാണ് ഞാൻ കിടക്കാറ്. മമ്മിയുടെ തേങ്ങൽ ഒരു താരാട്ടുപാട്ടായി എന്നെ പൊതിയുമ്പോൾ ഞങ്ങൾ ആറുപേരുടെ അവസ്ഥ എന്തായി തീരും എന്നോർത്ത് ഉറങ്ങാതെ കിടന്നിട്ടുണ്ട് ഞാൻ.
അവസാനകാലത്തു  ഡാഡി എന്റെ കൂടെയായിരുന്നു. ജീവിച്ച് കൊതിതീർന്നില്ല ഡാഡിക്ക്. മരിക്കുന്നതിന് രണ്ടാഴ്ച മുൻപ് ലിസ്സി ആശുപത്രിയിലേക്ക് പോകുന്ന വഴി ഞാനാ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി. വയസ്സാകുമ്പോൾ മനുഷ്യർക്ക്‌ കുട്ടികളുടെ മുഖം വരുമോ ? ഞാൻ ഡാഡി യോട് ചേർന്നിരുന്നു. ആ കൈകൾ എന്റെ കൈക്കുള്ളിലാക്കി. നിസ്സഹായതയോടെ അപ്പോൾ എന്നെ നോക്കിയ നോട്ടം നനവായി മനസ്സിലുണ്ട്.
മരിക്കുന്നതിന് ഒരാഴ്ച മുൻപ് മമ്മിയോട് പറഞ്ഞു "ഇവൾക്ക് സ്കൂളിൽ പോകുന്നതിന് മുൻപും കിടക്കാൻ പോകുന്നതിന് മുൻപും എന്റെ അടുത്തൊന്നു വന്നാലെന്താ "ഞാനത് ശീലിച്ചുവന്നതായിരുന്നു. എന്നിട്ടും അന്ന് ഡാഡി യോട് പറയാതെയാണ് പോയത്. സ്കൂളിൽ ചെന്ന് ഒരു മണിക്കൂർ കഴിഞ്ഞില്ല. ഫോൺ വന്നു. 'ഡാഡി ക്ക് സുഖമില്ല '. ഒരു യാത്രപോലും പറയാതെ ഡാഡി എന്നെ വിട്ടുപോയി ക്കഴിഞ്ഞിരുന്നു

ഈ ബെർളി ഇത് എവിടെപ്പോയി കിടക്കുന്നോ? ഗീതചേച്ചി ആടിന് പുല്ല് മുറിക്കാനും പോയി. ഒരു ഞായറാഴ്ച എന്തെല്ലാം പണികളുള്ളതാ. 
ഞാനാകെ പ്രതിസന്ധിയിലായി. താമസിയാതെ ബെർളി എത്തി. ആഹാ സന്തോഷം ഒന്ന് കാണേണ്ടതായിരുന്നു. ബെർളിയെ കാവലിരുത്തി ഞാൻ വല തേടിപ്പോയി. വല കാണാനില്ല.
വലിയൊരു ചരുവം തയ്യാറാക്കി അതിൽ വെള്ളം ഒഴിച്ചു. എരണ്ടകുഞ്ഞുങ്ങളെ അതിൽ നിക്ഷേപിച്ചു. ഇടക്ക് വിശ്രമിക്കാൻ ഒരു തടിക്കഷണവും ഇട്ടു കൊടുത്തു
എരണ്ടക്കുഞ്ഞുങ്ങൾ ഉത്സാഹത്തോടെ വെള്ളത്തിൽ  തുഴഞ്ഞു. വെള്ളത്തിലിട്ടുകൊടുത്ത അരിയും ഗപ്പിയും ഒന്നും അവർ തിന്നുന്നത് കണ്ടില്ല. ഇതിനിടെ എരണ്ടകളെക്കുറിച്ചുള്ള ഒരു ഗവേഷണം തന്നെ ബെർളി നടത്തി. വളർത്താൻ ശ്രമിച്ചവരൊക്കെ പരാജയപ്പെട്ട കഥയാണ് കൂടുതലും കേട്ടത്. ഇന്റർനെറ്റ്‌ പരതി. അവർ പായലാണത്രെ ഭക്ഷിക്കുന്നത്. ബെർളി പായൽ തേടിപ്പോയി. എറണ്ടകുഞ്ഞുങ്ങളെ ഒരു മുറം കൊണ്ട് മൂടി ഞാനെന്റെ ജോലികളിലേക്ക് പ്രവേശിച്ചു. ഇടയ്ക്കിടയ്ക്ക് എറണ്ടകൾ ഉയർന്നുപൊങ്ങി മുറത്തിന്റെ ചെറിയ വിടവിലൂടെ പുറത്തേക്കു ചാടി. പുറത്ത് ചാടുന്ന കുഞ്ഞുങ്ങളെ തിരിച്ചു ചാരുവത്തിൽ നിക്ഷേപിക്കേണ്ട ചുമതല എന്നിലായി. 
"ഒന്നും വേണ്ടായിരുന്നു "എന്റെ മനസ്സ് പരിതപിച്ചു.
ഇടക്ക് ഫ്രെഡി സുഖവിവരങ്ങൾ അന്വേഷിക്കാൻ വന്നു. 
"എരണ്ട കുഞ്ഞുങ്ങളുടെ അമ്മ വീടിന് ചുറ്റും പറന്നു നടക്കുന്നുണ്ട് അമ്മേ. കുഞ്ഞുങ്ങളെ കൊണ്ടുപോയിരുന്നെങ്കിൽ നന്നായിരുന്നു. "
കാക്കപ്രായം കഴിയുന്നതുവരെ വരെ വളർത്തിയിട്ടു സ്വതന്ത്രമാക്കാമെന്നായിരുന്നു ബെർളി പറഞ്ഞിട്ട് പോയത്. 
കുഞ്ഞുങ്ങളെ കൊണ്ടുവരമായിരുന്നു എന്ന് ഞാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ പൂർണ്ണസുരക്ഷ ഗീതചേച്ചി ഏൽക്കുമെന്നാണ് വിചാരിച്ചത്. ഇതിപ്പോൾ.... 
എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി.
പായലുമായി ബെർളി എത്തി. കൂടെ അവന്റെ കളിക്കൂട്ടുകാരായ ശ്രീക്കുട്ടനും ഉണ്ണിക്കുട്ടനും. പായൽ വിതറിയ കുളത്തിനരികിൽ അവർ എറണ്ടകൾക്ക് കാവലിരുന്നു. പായൽ തിന്ന് വെള്ളത്തിൽ തിമർത്തു നടക്കുന്ന അവ നല്ലൊരു കാഴ്ച യായിരുന്നു. സുഭദ്ര ചേച്ചിയുടെ വീട്ടിൽ പോയി മൂന്ന് കുഞ്ഞുങ്ങളെക്കൂടി അവർ വാങ്ങി. 
നിറഞ്ഞ സന്തോഷത്തിനിടയിൽ ആകാശത്തു അമ്മയുടെ ദീനരോദനം. എല്ലാവരും ആ കരച്ചിലിന് ചെവി കൊടുത്തു. അന്തരീക്ഷം ആകെ മാറി. എന്ത് ചെയ്യണം എന്ന ചർച്ചകളായിരുന്നു പിന്നീട്. ഫ്രെഡിയും സംഘത്തിൽ ചേർന്നു. 
പരീക്ഷണാർത്ഥം മൂന്നു കുഞ്ഞുങ്ങളെ ദൂരെ നിർത്തി കാക്കകളെ ഓ ടിച്ചു അവർ ചുറ്റും നിന്നു. അതാ.. അമ്മ പറന്നു വരുന്നു. കുട്ടികളെ ചിറകിനടിയിൽ ഒതുക്കി അത് എങ്ങോട്ടോ പോയി. അടുത്ത അവസരത്തിനായി സംഘം കാത്തുനിന്നു. അധികം വൈകിയില്ല. പക്ഷിയമ്മ പിന്നെയും പറന്നു വന്നു. മൂന്നു കുഞ്ഞു ങ്ങളെകൂടി അമ്മക്ക് മുൻപിൽ വെച്ചുകൊടുത്തു. പുഷ്പകവിമാനത്തിലെന്നപോലെ അമ്മയുടെ ചിറകിൽ അള്ളിപ്പി ടിച്ചിരിക്കുന്ന കുഞ്ഞുങ്ങളെ നോക്കി സംഘം സ്വയം മറന്നുനിന്നു. എന്റെ ഉള്ളിൽ എന്തോ നനഞ്ഞു. അതിനൊപ്പം വഴിയേ പോയ വയ്യാവേലി ഒഴിഞ്ഞു പോയതിന്റെ ഗൂഢസന്തോഷവും ചിറകടിച്ചു.

7

അനർഘനിമിഷം 


എല്ലാവർക്കും ഒരു ആൺകുട്ടിയെങ്കിലും വേണം എന്ന പക്ഷക്കാരിയാണ് ഞാൻ. അത് പെൺകുട്ടികളോട് സ്നേഹമില്ലാഞ്ഞിട്ടല്ല. ചെറുപ്പത്തിലെപ്പോഴോ ഞാനറിയാതെ എന്റെ ഉള്ളിൽ വേദനയായി വേരുറച്ചുപോയ ചില നഷ്ടബോധങ്ങളിൽ നിന്ന് ഉളവായതാണ്. ഞങ്ങൾ ആറു പെൺകുട്ടികളാണ്. ഒരു ആൺകുട്ടിക്ക് വേണ്ടിയുള്ള ഡാഡിയുടെയും മമ്മിയുടെയും കാത്തിരിപ്പ് എനിക്ക് തന്ന സമ്മാനങ്ങളാണ് എന്റെ അനിയത്തികുട്ടികൾ. മമ്മി ആൺകുട്ടികളെ കാണുമ്പോൾ കൊതിയോടെ നോക്കി നിൽക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. നോക്കിലും വാക്കിലുമൊക്കെ ആ ആഗ്രഹം തെളിഞ്ഞു നിന്നു. ഓരോ പ്രസവം കഴിയുമ്പോഴും മമ്മിയുടെ കണ്ണുകൾ നിറയുന്നതും ചുണ്ടുകൾ വിതുമ്പുന്നതും ഞാൻ കണ്ടു. 
ഞാനും സുജയും പള്ളിയിൽ പോകുമ്പോഴൊക്കെ ഉരുകി വീണ മെഴുകുതിരി തിന്നുമായിരുന്നു. ദൈവത്തിനു എണ്ണ കൊണ്ടുപോകുന്ന പുഴുവിനെ തൊട്ട് ആ എണ്ണ നെറ്റിയിൽ വെക്കുമായിരുന്നു. അങ്ങനെയൊക്കെ ചെയ്താൽ എന്താഗ്രഹമുണ്ടെങ്കിലും സാധിക്കുമത്രേ. 
സുജ എന്താണ് പ്രാർഥിച്ചിരുന്നത് എന്ന് എനിക്കറിയില്ല. ഞാൻ പ്രാർഥിച്ചിരുന്നത് രണ്ട് കാര്യങ്ങൾ മാത്രം 
"ഡാഡിയുടെ മദ്യപാനം മാറ്റിത്തരണേ "
"എനിക്കൊരു കുഞ്ഞാങ്ങള ഉണ്ടാവണേ "അഞ്ചു ആങ്ങളമാരുടെ ഓമനപെങ്ങൾ ആയിരുന്നു മമ്മി. കാണാൻ കൊതിച്ചുണ്ടായ പെൺകുട്ടി. 
ഡാഡിയുടെ ജാതകത്തിൽ പുത്രദുഃഖിതൻ എന്ന് ഉണ്ടായിരുന്നത്രെ. എത്ര ഗുണമില്ലെങ്കിലും വേണ്ടില്ല ഒരു മകനെ കിട്ടിയാൽ മതി എന്നായിരുന്നു ഡാഡി ക്ക്. മകനേ ഉണ്ടാവില്ല എന്നായിരുന്നു അതിന്റെ അർത്ഥമെന്ന് ആരറിഞ്ഞു.
ജിനിയെ മമ്മി പ്രസവിച്ചത് വീട്ടിലാണ്. അന്നെനിക്ക് ആറ് വയസ്സ്. മമ്മിയുടെ കരച്ചിലും ആളുകളുടെ തിരക്ക്കൂട്ടലും കണ്ട് ഞാൻ പുറത്തുകൂടി നടന്നു. വയറ്റാട്ടി വന്നിട്ടുണ്ട്. കുട്ടികൾക്കൊന്നും ആ പരിസരത്തേക്ക് പ്രവേശനമില്ല. എനിക്ക് വയറുവേദന എടുക്കുന്നുണ്ടായിരുന്നു. പലവട്ടം ഞാനത് പറയുകയും ചെയ്തു. ആരും കേട്ടമട്ട് ഭാവിച്ചില്ല. ഇടയ്ക്കിടയ്ക്ക് എവിടെയൊക്കെയോ ഡാഡിയേയും കണ്ടു. കുറെയധികം സമയം കഴിഞ്ഞപ്പോൾ ഒരു കുട്ടിയുടെ കരച്ചിൽ. ഞാൻ ഓടിച്ചെന്നു. ആരുടേയും മുഖത്തു വലിയ സന്തോഷമില്ല. ആൺകുട്ടിയാണോ പെൺകുട്ടിയാണോ എന്ന് ആരും എന്നോട് പറഞ്ഞില്ല. ഡാഡി പെട്ടെന്ന് പുറത്തേക്ക്‌ പോകുന്നത് കണ്ടു. ഞാൻ വയറുവേദന മറന്ന് പുറകെ ഓടി. 
"പോവല്ലേ ഡാഡി... പോവല്ലേ... "ഞാൻ ഉറക്കെ കരഞ്ഞു.
ഡാഡിയുടെ പുറകെ പൊതുവഴി വരെ ഞാൻ ഓടി. തിരിഞ്ഞു പോലും നോക്കാതെ ഡാഡി പോയി. 
അന്ന് രാത്രി മൂക്കറ്റം കുടിച്ചാണ് ഡാഡി വന്നത്. 
ഓരോ കുട്ടിയുണ്ടാകുമ്പോഴും ഇത് ആവർത്തിച്ചു. 
ഏറ്റവും ഇളയ അനുജത്തി റിനി ഉണ്ടായത് ആശുപത്രിയിലാണ്.
അന്നെനിക്ക് പതിനാല് വയസ്സ്. വീട്ടിൽ ഞാനും അപ്പനും അനിയത്തികുട്ടികളും മാത്രം. അവരുടെ കളിയും ചിരിയുമൊന്നും ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. മനസ്സ് അങ്ങ് ദൂരെ മമ്മിയുടെ കൂടെയായിരുന്നു. ഇതോടെ പ്രസവം നിർത്തു കയാണ്. ഇതിനകം തന്നെ മമ്മി ഒരു കോലമായിട്ടുണ്ട്. 
ദൈവമേ ഇപ്രാവശ്യമെങ്കിലും 
"ദൈവമേ ഇപ്രാവശ്യമെങ്കിലും ഒരു ആൺകുട്ടിയെ തരില്ലേ? "
ഇടയ്ക്കിടയ്ക്ക് അപ്പന്റെ അടുത്ത് ചെല്ലും 
"അപ്പാ മമ്മി പ്രസവിച്ചോ"? 
ചോദ്യം പല വട്ടമായപ്പോൾ അപ്പൻ പറഞ്ഞത് ഇപ്പോഴും ഓർമ്മയുണ്ട്. 
"ആണായാലെന്താ പെണ്ണായാലെന്താ.. നന്നായാൽ നന്ന്" 'പെൺകുട്ടിയായിരിക്കും'ഞാൻ ഊഹിച്ചു. ആരും കാണാതിരിക്കാൻ പുറത്തെ കുളിമുറിയിൽ കയറി ആവോളം കരഞ്ഞു. പിന്നെ മുഖം കഴുകി പുറത്ത് വന്നു. അനിയത്തിക്കുട്ടികളെ ഞാൻ സഹതാപത്തോടെ നോക്കി.
ബീക്കുട്ടൻ കരയുന്നുണ്ട്. അവളെയും എടുത്തുകൊണ്ട് ഞാൻ അകത്തുപോയി. ആൺകുട്ടിയോടുള്ള കൊതികൊണ്ടാണ് എല്ലാവരും അങ്ങനെ വിളിക്കുന്നത്‌. പിൽക്കാലത്തു് സ്കൂളിൽ വെച്ചു റിനി ബീക്കുട്ടാ എന്ന് വിളിച്ചു എന്നും പറഞ്ഞ് പുകിലുണ്ടാക്കിയിട്ടുണ്ട് അവൾ. പിന്നീട് എത്ര കഷ്ട്ടപ്പെട്ടിട്ടാണെന്നോ റിനി കുഞ്ഞേച്ചി എന്ന് വിളിച്ചുതുടങ്ങിയത്. ഇപ്പോഴും എല്ലാവർക്കും അവൾ ബീക്കുട്ടൻ തന്നെ
കല്യാണാലോചന സമയത്തൊക്കെ "പെൺകുട്ടികൾ മാത്രമുള്ള  വീടാ. അവർക്കും പെൺകുട്ടികൾ മാത്രമേ ഉണ്ടാകൂ "
എന്ന് നാട്ടുകാർ അടക്കം പറഞ്ഞിരുന്നു എന്ന് കേട്ടിട്ടുണ്ട്. 
എന്റെ ഗർഭകാലം പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു. ഒൻപത് മാസവും ആശങ്കയോടെയാണ് അതിജീവിച്ചത്. കോതമംഗലം ബസ്സേലിയോസ് ആശുപത്രിയിലായിരുന്നു ഞാൻ.
പ്രസവമുറിയിൽ മാതാവിന്റെ രൂപത്തിലേക്ക് നോക്കി ഞാൻ കിടന്നു. അടുത്തുള്ള കട്ടിലുകളിൽ അലറികരയുന്ന ഗർഭിണികൾ. 'എല്ലാം സഹിക്കാനുള്ള കെൽപ്പു തരണേ 'ഞാൻ ഉള്ളുരുകി പ്രാർത്ഥിച്ചു. 
ഇടക്കെപ്പോഴോ പരിശോധിക്കാൻ വന്ന നേഴ്സ് "ബ്രീച്ചാ... ബ്രീച്ചാ... ഡോക്ടറെ വിളിക്ക് "എന്നും പറഞ്ഞ് ഓടുന്നത് കണ്ടു. എല്ലാവരുടെയും മുഖത്ത് ഉൽക്കണ്ഠ. എന്റെ ഹൃദയം നിലച്ചുപോകുന്നതുപോലെ എനിക്ക് തോന്നി. എന്റെ വയറ്റിലുള്ളത് കുഞ്ഞ് തന്നെയല്ലേ? അതോ വല്ല മുന്തിരിക്കുലയുമാണോ? (അങ്ങനെ കേട്ടിട്ടുണ്ട് )
എന്താ.... എന്താ... ഞാൻ പലരോടും ചോദിച്ചു. ആരും എനിക്ക് മറുപടി തന്നില്ല. എന്റെ കണ്ണിൽ നിന്ന് കണ്ണുനീർ ധാര ധാരയായി ഒഴുകി. ഒൻപത്   മാസം ഞാൻ സഹിച്ച കഷ്ടപ്പാടുകൾ വീണ്ടും വീണ്ടും ഓർത്തു. പുറത്ത് കാത്തു നിൽക്കുന്ന എന്റെ മമ്മി... ഡാഡി... ഭർത്താവ്.. അനിയത്തികുട്ടികൾ.. ഞാൻ ഏങ്ങലടിച്ചു കരയാൻ തുടങ്ങി. 
അപ്പോഴാണ് കുമാരിചേച്ചി   വന്നത്. എന്റെ അമ്മായിയുടെ മകളാണ്. അവിടെ ലാബിലാണ് ജോലി ചെയ്യുന്നത്. 
"മോൾ പേടിക്കണ്ടാട്ടൊ. കുഴപ്പമൊന്നുമില്ല "
"എന്താ ചേച്ചി ഈ 'ബ്രീച്ചു ' എന്ന് പറഞ്ഞാൽ "ആധിയോടെ ഞാൻ ചോദിച്ചു 
"അതോ. കുട്ടിയുടെ ഊരയാണ് ആദ്യം വരുന്നത്. സാരമില്ല. ഇപ്പോൾ ഡോക്ടർ വരും " 
ഞാൻ ദീർഘമായി നിശ്വസിച്ചു. 
ഡോക്ടർ രമണി അടുത്തെത്തിയതും ഞാൻ പ്രസവിച്ചു. എല്ലാവരുടെയും മുഖത്ത് ആശ്വാസം. അതൊരു വേദനയില്ലാത്ത പ്രസവമായിരുന്നു 
കുഞ്ഞിന്റെ ഓമനമുഖം മുഖത്തോടടുപ്പിച്ചു നേഴ്സ് എന്റെ ചെവിയിൽ മന്ത്രിച്ചു. 'ആൺകുട്ടി'
എന്റെ ഉള്ളിൽ പൂത്തിരി കത്തി. അതുവരെ ജീവിതത്തിലുണ്ടായ എല്ലാ വിഷമങ്ങളും ഞാൻ മറന്നു. പുറത്തെ വാതിൽക്കൽ ഉൽക്കണ്ഠയോടെ കാത്തു നിൽക്കുന്ന മമ്മിയുടെ മുഖം മനസ്സിൽ തെളിഞ്ഞു. ആശ്വാസത്തോടെ ഞാൻ കണ്ണടച്ച് കിടന്നു. എന്റെ ജീവിതത്തിലെ അനർഘനിമിഷമായിരുന്നു അത്.

8  

 ഹോംതീയേറ്റർ 

ഇനിയൊരു ജന്മമുണ്ടെങ്കിൽ നീണ്ടമുടിയുള്ള ഒരു പാട്ടുകാരിയായി ജനിക്കണം എനിക്ക്. അത്രക്കുണ്ട് പാട്ടിനോടും മുടിയോടുമുള്ള ഇഷ്ട്ടം. ഞങ്ങളുടെ വീട്ടിലെ പാട്ടുകാരി സിനിയായിരുന്നു. മനസ്സിന് വിഷമം വരുമ്പോഴും ഉറക്കം വരാത്ത രാത്രികളിലും അവളെക്കൊണ്ട് പാട്ട് പാടിക്കും. എപ്പോ പറഞ്ഞാലും, അവൾ പാടും. എന്റെ പാവം കുട്ടി. 
സിനി ശാസ്ത്രിയമായി സംഗീതം അഭ്യസിച്ചിട്ടുണ്ട്. 
വീടിന്റെ അടുത്താണ് ചെമ്മീൻകുത്തു കനാൽ. നല്ല വീതിയുണ്ടതിന്. വെള്ളം നിറഞ്ഞു കിടക്കുന്ന കനാൽ ഭീതിയോടെ മാത്രമേ നോക്കിനിൽക്കാനാവു. പലരും കാൽതെന്നി വീണ് മരിച്ചിട്ടുണ്ട് അവിടെ. കനാൽ ബണ്ടിൽ കൂടി ഏകദേശം ഒന്നൊന്നര കിലോമീറ്റർ നടന്നാൽ മുത്തംകുഴിയായി. അവിടെ സ്വാമിയുണ്ട്. ഞങ്ങളുടെ ബാലാരിഷ്ടത കൾക്കുള്ള എല്ലാ മരുന്നും അവിടെ കിട്ടും. അങ്ങോട്ടുള്ള യാത്ര ഒരു ഹരമായിരുന്നു. ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും ഞങ്ങൾ സ്വാമിയുടെ അടുത്ത് പോകും. ഒരു വശത്തു കനാൽ. മറുവശത്തു ചെരിഞ്ഞു കിടക്കുന്ന പുൽമേട്. അതൊക്കെ കണ്ട് കണ്ട് തിരിച്ചുവരാൻ സമയമെടുക്കും. സ്വാമിയുടെ വീട് മുത്തംകുഴിയിൽ തന്നെയാണ്. മകൾ ലളിതചേച്ചി സംഗീതാധ്യാപിക. ലളിതചേച്ചിയായിരുന്നു സിനിയുടെ ഗുരു. സിനിയുടെ കൂടെ ഞാനും ആ വീട്ടിൽ പോയിട്ടുണ്ട്. അവിടുത്തെ വൃത്തിയും വെടിപ്പും വ്യത്യസ്ത രുചികളുള്ള പലഹാരങ്ങളുമൊക്കെ ഇന്നും ഓർമ്മകളെ തളിർപ്പിക്കുന്നു. സിനിയോട് വലിയ കാര്യമായിരുന്നു. അവിടെ പോയിട്ട് വരുമ്പോൾ സിനി ഒരു പട്ടത്തിക്കു ട്ടിയെപോലിരിക്കും. നീണ്ടമുടിയിൽ കനകാംബരം ചൂടി....... റോഡരികിലുള്ള ഞങ്ങളുടെ വീട്ടിൽ നിറയെ പൂച്ചെടികൾ ഉണ്ടായിരുന്നു. മുല്ല... റോസാ..പിച്ചി.. സൂര്യൻ പൂവ് എന്ന് ഞങ്ങൾ വിളിച്ചിരുന്ന ജെർബെറ..
നിർമ്മല കോളേജിൽ പഠിക്കുമ്പോൾ ഞാൻ കനകാംബരപൂക്കൾ ചൂടിയായിരുന്നു എന്നും പോയിരുന്നത്. സാരിയായിരുന്നു സ്ഥിരം വേഷം. എനിക്ക് ഒരു ഹിന്ദു ഛായയാണെന്ന് മറ്റുള്ളവർ പറയുന്നത് എനിക്കിഷ്ട്ടമായിരുന്നു

ഒരു പാട്ടുകാരനെ വിവാഹം കഴിക്കണമെന്നുണ്ടായിരുന്നു. അത് സാധിച്ചില്ലെങ്കിലും പാട്ട് പാടുന്ന രണ്ട് മക്കളെ കിട്ടി. ഫ്രെഡി വയലിൻ വായിക്കും. അപ്പച്ചനാണ് ഗുരു. അപ്പച്ചന്റെ വയലിൻ ഭദ്രമായി ഇവിടെയുണ്ട്. 

"പത്തുനൂറ് വർഷത്തെ  പഴക്കമുണ്ട് മോളേ ഈ വയലിന്. അന്റോണിയോ വയലിനാണിത്. ലക്ഷങ്ങളാ ഇപ്പോൾ ഇതിന്റെ വില. "അപ്പച്ചൻ ആവർത്തിച്ചുപറയാറുള്ള ഡയലോഗ് 
ഉള്ളിൽ ചിരി വരുമെങ്കിലും ചിരിക്കാറില്ല 
അപ്പച്ചന്റെ ബഡായിയായിട്ടേ എല്ലാവരും ഇതിനെ കരുതാറുള്ളു. ആരുടെയോ മച്ചിൻപുറത്തു മാറാലയിൽ കുരുങ്ങികിടന്ന വയലിൻ ആയിരുന്നു അത്. തറവാട്ടിലെ തടി വിറ്റാണ് അപ്പച്ചൻ വയലിൻ പഠിച്ചത്. അതിന്റെ പേരിൽ വീതം പോലും കിട്ടിയില്ല അദ്ദേഹത്തിന്. ഏതായാലും ആ വയലിൻ അപ്പച്ചന്റെ ജീവാത്മാവും പരമാത്മാവുമായിരുന്നു. 
വിവാഹം കഴിഞ്ഞ് വലതുകാൽ വെച്ച് ഭർത്താവിന്റെ വീട്ടിലേക്ക് കയറുമ്പോൾ   വയലിന്റെ മധുരസ്വരം സുഖമുള്ള ഒരു   സാന്നിധ്യമായിരുന്നു. 
വളരെ ദൂരെയുള്ള വീടുകളിൽ പോലും അപ്പച്ചന് ശിഷ്യൻമാരുണ്ട്. വയലിൻ പഠിപ്പിക്കുക മാത്രമാണ് തന്റെ നിയോഗം എന്ന് കരുതിയിരുന്നത് പോലെയായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. പ്രായം എൺപതു കഴിഞ്ഞിട്ടും അപ്പച്ചന്റെ സ്വഭാവത്തിന് മാറ്റം വന്നില്ല. രാത്രി ഉറക്കം വരുന്നത് വരെ വയലിൻ വായിച്ചുകൊണ്ടിരിക്കും. കേൾക്കാൻ ആരെങ്കിലുമുണ്ടെങ്കിൽ സന്തോഷം ഒന്ന് കാണേണ്ടതാണ്. വയലിന്റെ ചരിത്രം... പ്രാധാന്യം.... സംഗീതം പഠിച്ച വഴികൾ.... 
സ്നേഹവും സഹതാപവും ചിലപ്പോഴൊക്കെ അപ്പച്ചന്റെ മുന്നി ലിരിക്കാൻ പ്രേരിപ്പിക്കാറുണ്ട്. അധ്യാപനവും ഒരു കലയാണെന്ന് അപ്പച്ചനിൽ നിന്നാണ് പഠിച്ചത്. സ്കൂളിൽ കുട്ടികളുടെ മുൻപിൽ നിൽക്കുമ്പോൾ ആ സമർപ്പണബോധം ഒരു ഉൾവിളിയായി തന്നെ പൊതിയാറുണ്ട്. പ്രായാധിക്യവും രോഗവും പിടിമുറുകിയപ്പോൾ മക്കളെല്ലാവരും അപ്പച്ചനെതിരായി. 
"നാണമായിട്ടു പുറത്തിറങ്ങാൻ വയ്യാ. ഇനി വീട്ടിലിരുന്നുള്ള പഠിപ്പിക്കലൊക്കെ മതി." ആരെയെങ്കിലും പഠിപ്പിക്കാതെ അപ്പച്ചന് ജീവിക്കാൻ വയ്യായിരുന്നു. വയലിൻ  തൂത്തു തുടക്കുമ്പോൾ അപ്പച്ചന്റെ കണ്ണുകൾ തിളങ്ങുന്നത് കണ്ടിട്ടുണ്ട്. മരിക്കുന്നതിന്റെ തലേ ദിവസവും പള്ളിയിലെ കുർബാനക്ക്  വയലിൻ വായിച്ചിരുന്നു. 
മരണസമയത്ത് ഒന്നുമൊന്നും അറിയാതെ പള്ളിമേടയിൽ വിശ്രമത്തിലായിരുന്നു  അന്റോണിയോ വയലിൻ. അപ്പച്ചൻ മരിച്ചിട്ടു പത്തു വർഷം കഴിഞ്ഞു. ഈ വയലിൻ അപ്പച്ചന്റെ സാന്നിധ്യമാണ്. അതുകൊണ്ടുതന്നെ കോടികളേക്കാൾ വിലയുണ്ടിതിന്. സ്നേഹമായും നോവാ യും വാത്സല്യമായും പശ്ചാത്താപമായുമൊക്കെ ആ വയലിൻതന്ത്രികൾ പ്രിയപ്പെട്ടവരെ വേട്ടയാടുന്നു. അപ്പച്ചനെ കുറെക്കൂടി സ്നേഹിക്കാമായിരുന്നു. കുറച്ചു സമയം കൂടി അദ്ദേഹത്തോടൊത്തു ചിലവഴിക്കാമായിരുന്നു. 
വൈകിയെത്തുന്ന തിരിച്ചറിവുകൾ മരണം പോലെ തന്നെയാണ്.
അപ്പച്ചന്റെ ആ സംഗീതമാണ് മക്കൾക്ക്‌ പകർന്നു കിട്ടിയത്. ഗൗരവത്തോടെ സംഗീതത്തെ സ്നേഹിച്ചത് ബെർളിയാണ്. പാട്ട് കേൾക്കാനും പേടിച്ചുപാടാനുമൊക്കെ നല്ല ഉത്സാഹം. പുതിയത് പഠിച്ചാൽ ഞാനാണ് ആദ്യത്തെ കേൾവിക്കാരി. അവന്റെ മുഖത്തുനോക്കി സ്വയം മറന്നങ്ങനെ ഇരിക്കും. 
വെറുതെ ഇരിക്കുന്ന ശീലം അവന് പണ്ടേയില്ല. 
പ്ലസ് ടു കഴിഞ്ഞു കണ്ടെത്തിയത് ഹോട്ടൽ നയിൽപ്ലാസയിലെ വെയിറ്റർ ജോലി 
ജോലിക്കുവേണ്ടിയുള്ള അന്വേഷണം ഒരു തമാശയായേ എല്ലാവരും കണ്ടുള്ളു. ഇന്റർവ്യൂവിനു പോകാനൊരുങ്ങിയപ്പോഴാണ് റിയാലിറ്റിയിലേക്ക് വന്നത്. 
"നീ ശരിക്കും പോകുകയാണോ? "
"അതെന്താ അമ്മേ ഞാൻ വെറുതെ പറയുകയാണെന്നാണോ കരുതിയത്? "
"ഇന്റർവ്യൂ സക്സസ്സ്. വെയിറ്ററാകാൻ ചെന്ന അവനെ മതിപ്പോടെ അവർ റിസപ്‌ഷണലിസ്റ്റ് ആക്കി. 
ഒരു ഹോം തിയേറ്റർ വാങ്ങുകയായിരുന്നു അവന്റെ ലക്ഷ്യം. ആദ്യത്തെ ശമ്പളം രണ്ടായിരം രൂപയായിരുന്നു. 
വെറുതെ ഇരിക്കുമ്പോഴൊക്കെ അവൻ കൂട്ടാനും കുറയ് ക്കാനും തുടങ്ങി. ബെർളി യുടെ മനസ്സിന്റെ വേഗതക്കൊപ്പം ഓടാൻ തനിക്കും ഉത്സാഹമായിരുന്നു.
 ഹോം തിയേറ്ററിന്റെ  സാധനങ്ങൾ ഓരോന്നായി  വാങ്ങിതുടങ്ങി. 
ലാഭം നോക്കിയും ക്വാളിറ്റി നോക്കിയും ഒരു ചെറിയ സാധനത്തിനുവേണ്ടി പോലും അനേകം കടകൾ കയറിയിറങ്ങി. 
"ഒരിക്കൽ പറഞ്ഞു 
ഒരു രൂപക്ക്പോലും വിലയുണ്ട് അമ്മേ "
തിരിച്ചറിവുകളിലൂടെ തന്റെ കുട്ടി വളരുകയാണ്. എന്ന് അഭിമാനിച്ചെങ്കിലും രാത്രികളിൽ ഡ്യൂട്ടി ചെയ്യുന്ന മകനെ ഓർത്ത് ഞാൻ ഞെട്ടി ഉണർന്നു.
ഒരു സംഭവം ഓർമ്മ വരുന്നു. നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞു ബെർളി വീട്ടിൽ വന്ന ദിവസം. ഞാൻ മൂല്യനിർണയ ക്യാമ്പിലാണ്. എന്റെ സ്കൂളിലെ സഹപ്രവർത്തക രാജിയും മക്കളും അന്ന് വീട്ടിൽ വരുമെന്ന് പറഞ്ഞിരുന്നു. അവരെ സ്വീകരിക്കാൻ ഞാൻ ബെർളിയെ ഏൽ പ്പിച്ചു. മുവാറ്റുപുഴയിൽ നിന്ന് അവർ പുറപ്പെട്ടപ്പോഴേ ഞാൻ വിളിച്ചു പറഞ്ഞു. സ്റ്റോപ്പിൽ നിന്ന് അവരെ കൂട്ടിക്കോളം എന്ന് ബെർളി പറഞ്ഞു. ഒരു മണിക്കൂർ കഴിഞ്ഞപ്പോ രാജിയുടെ ഫോൺ വന്നു 
"മിനിടീച്ചറെ... ബെർളിയെ വിളിച്ചിട്ട് എടുക്കാത്തതുകൊണ്ട് ഞങ്ങൾ ഒരു ഓട്ടോറിക്ഷ വിളിച്ചിങ്ങു പൊന്നു. കാളിങ് ബെല്ലടിച്ചിട്ടു ആരും എടുക്കുന്നില്ല. "
എന്റെ മനസ്സിൽ തീയാളി 
രാജി പിന്നെയും പിന്നെയും ബെർളിയെ വിളിച്ചുകൊണ്ടിരുന്നു. പ്രതികരണമില്ല 
ആടിന് പുല്ല് മുറിക്കാൻ പോയിട്ട് തിരിച്ചു വന്ന ഗീത ചേച്ചി 
"ബെർളി..... "എന്ന് അലറുന്നത് എനിക്ക് ഫോണിൽ കേൾക്കാം. വാതിലുകളെല്ലാം അകത്തുനിന്ന് പൂട്ടിയിരിക്കുന്നു. 
ഞാൻ ഭ്രാന്ത് പിടിച്ചത് പോലെയായി... 
"പേടിക്കണ്ട മിനിടീച്ചറെ "എന്ന് രാജി ആശ്വസിപ്പിക്കുന്നുണ്ട്. ക്യാമ്പിലെ കൂട്ടുകാർ എന്റെ ചുറ്റുമുണ്ട് 
അപ്പു (ടീച്ചറുടെ മകൻ )എങ്ങനെയോ രണ്ടാം നിലയിൽ കയറി. കമ്പി ഉപയോഗിച്ച് വാതിൽ തുറന്നു. ബെർളിയുടെ അടുത്തെത്തി കുലുക്കി വിളിച്ചു 
ഇവർ എങ്ങനെ അകത്തു കയറി എന്ന് അന്ധാളിച്ചു അവൻ ഞെട്ടി ഉണർന്നു. 
അത്രക്കൊക്കെ അവൻ ബുദ്ധിമുട്ടിയാണ് സ്വന്തം അധ്വാനം കൊണ്ട് ഒരു ഹോം തിയേറ്റർ മേടിക്കണം എന്ന ആഗ്രഹം കൊണ്ടായിരുന്നു. 
ബഹളമയമായ ഒരു ദിവസത്തിന്റെ ഒടുക്കം ഹോം തിയേറ്റർ സജ്ജമായി. 
"അമ്മേ.. ഇവിടെ വന്നിരിക്ക് "
ശബ്‌ദങ്ങൾ പല ദിശകളിലൂടെ ഒഴുകി എത്തി. 
"വെള്ളം ഒഴുകുന്ന ശബ്‌ദം കേൾക്കുന്നില്ലേ അമ്മേ "
"വെടി മുഴങ്ങുന്ന ശബ്‌ദം കേൾക്കുന്നില്ലേ "
എന്റെ കുട്ടിയുടെ ഉത്സാഹത്തിന്റെ ശബ്‌ദമായിരുന്നു വാസ്തവത്തിൽ കേട്ടിരുന്നത്
ഇനി ഒരാഴ്ചയേ ബെർളി നാട്ടിലുള്ളു. പഠനത്തിനായി വിദേശത്തേക്ക് പോകുകയാണ്. 
ശബ്‌ദകോലാഹലങ്ങൾ ഒരിക്കലും തനിക്കിഷ്ട്ടമായിരുന്നില്ല 
എങ്കിലും ഇടയ്ക്കിടയ്ക്ക് ആ ഹോം തിയേറ്റർ ഓൺ ചെയ്യും 
അതിലൂടെ ഒഴുകിവരുന്ന ശബ്‌ദം ബെർളിയുടെ സാന്നിധ്യംമായിരുന്നു. അവന്റെ അധ്വാനത്തിന്റ താളമായിരുന്നു. 
മനസ്സിൽ പ്രാവ് കുറുകുന്നു. 
എന്റെ കുട്ടി വളർന്നു. അവന്റെ ആഗ്രഹങ്ങളും. പഴയ ഹോം തിയേറ്റർ ഇന്ന് വീടിന് മുകളിൽ പൊടി പിടിച്ച് കിടപ്പുണ്ട്. അവന്റെ മുറിയിൽ വിലപിടിപ്പുള്ള  സ്റ്റീരിയോ. പുതിയ ഒരു സ്പീക്കർ ഡിസൈൻ ചെയ്തു കൊണ്ടിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം വിളിച്ചപ്പോ പറഞ്ഞു 
എന്തെല്ലാം വാങ്ങിയാലും എന്റെ മനസ്സിൽ ആ ഹോം തിയേറ്ററിനുള്ള സ്ഥാനം മറ്റൊന്നിനുമുണ്ടാവില്ല. അതിൽ നിന്നൊഴുകിയ പാട്ടിന്റെ അല ഒരു ശമനതാളമായി  ഇപ്പോഴും എനിക്ക് അനുഭവപ്പെടുന്നു.

9

ഗിനിക്കോഴി 

പെൻഷൻ പറ്റി വീട്ടിലിരുന്നു തുടങ്ങിയപ്പോൾ എനിക്കൊരു കോഴിപ്രേമം. മൂത്ത മോളുടെ വീട്ടിൽ നിന്ന് ഒരു സുന്ദരികോഴിയെ കൊണ്ടുവന്നു. അത് പൊരുന്തിയപ്പോൾ മുട്ട വെച്ചു. ഊണിലും ഉറക്കത്തിലും വിരിയാൻ പോകുന്ന കുഞ്ഞുങ്ങളെപ്പറ്റിയായിരുന്നു വിചാരം. ഇരുപത്തൊന്നു ദിവസം കഴിഞ്ഞപ്പോൾ കുഞ്ഞുങ്ങൾ വിരിഞ്ഞു. പിന്നെ ഒരു മണിക്കൂറോളം അവയുടെ കൂടെയാണ് എന്റെ സഞ്ചാരം. ഞാൻ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന സമയം. അവരെ ഓമനിച്ചു ഓരോ പേര് വിളിക്കുന്നതും വഴക്ക് പറയുന്നതുമൊക്കെ ഇളയ മകൾ കൌതുകത്തോടെയാണ് വീക്ഷിച്ചത്. അത്ഭുതത്തോടുകൂടി അതൊക്കെ ബെർളിയോട് 
പറയുകയും ചെയ്തു. എന്നെ കാണുമ്പോൾ മണിച്ചിത്രത്താഴിലെ ശോഭനയെ ഓർമ്മ വരുന്നു എന്ന് ഒരിക്കൽ പറഞ്ഞു. 
"കോഴികൾ ഇണങ്ങില്ല അമ്മേ. അവർക്ക് നമ്മൾ പറയുന്നതൊന്നും മനസ്സിലാവുകയും ഇല്ല "
മോൾ പറയും

ബീക്കുട്ടന്റെ സിന്ധുമതികുഞ്ഞമ്മയെ ആണ് എനിക്ക് ഓർമ്മ വന്നത്. കറുത്ത നിറത്തിലുള്ള ഒരു പിടക്കോഴിയായിരുന്നു അത്. അവൾ മടിയിലിരുത്തി അരിയും ഗോതമ്പും കൊടുക്കും. കെട്ടിപ്പിടിച്ചു ഉമ്മ വെയ്ക്കും. മുട്ട ഇടാൻ കയറിയാൽ കൂട്ടിരിക്കും. അവൾ സ്കൂൾ വിട്ട് ഗേറ്റിൽ എത്തിയാൽ  എ വിടെയായാലും സിന്ധു മതികുഞ്ഞമ്മ ഓടി വന്ന് സ്നേഹപ്രകടനം നടത്തും. മൂർഖൻ പാമ്പ് കൊത്തി അത് ചത്തപ്പോൾ അവൾ സഹിക്കാനാവാതെ കരഞ്ഞത് ഓർക്കുന്നു. ഇനി ഒരിക്കലും ഒരു ജീവികളെയും സ്നേഹിക്കില്ലെന്നു ആ ചെറുപ്രായത്തിൽ തന്നെ അവൾ തീരുമാനിച്ചിരുന്നു.

(തുടരും )

അഭിപ്രായങ്ങള്‍

  1. മിനി ടീച്ചർ.... വായിച്ചു തീരുന്നത് അറിയുന്നില്ല... സുഖമുള്ള വായന..,😍😍

    Binu

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ലാത്തിയും വെടിയുണ്ടയും - പാഠ വിശകലനം. കവളങ്ങാടൻ

കവിക്കൂട്ടം മാസിക മാർച്ച് 2021

കവിത - ഗാഥ