പ്രമോദ് കുറുവാന്തൊടി


വെറുതേ പരസ്പരം..........

ഇവിടെയുറങ്ങാം നമുക്കിനി ,എത്രയോ
നേരമായില്ലേ നടക്കുന്നു, കൈകൾ കോ-
ർത്തകലെയേതോ വെളിച്ചം തിരഞ്ഞു നാം,
ഇനി പിരിക്കാം കൊരുത്തൊരീ വിരലുകൾ

   വഴി മറന്നു നാം,പിന്നോട്ടു പോകുവാൻ
   ചെറിയൊരടയാളമൊന്നും കുറിച്ചതി-
   ല്ലതിലെ വീണ്ടും നടക്കുവാൻ മോഹമി-
   ല്ലായ്കയാലല്ല... വെറുതേ മറന്നതാം

കാടു പൂക്കുന്ന കാലം കടന്നവർ
മേട്ടിലാർക്കുന്ന കാറ്റിൽ ശമിച്ചവർ
കൈത പൂക്കുന്നൊരിടവഴിപ്പച്ചതൻ
നോവു തീർക്കുന്ന കാഴ്ചകൾ കണ്ടവർ

     വഴികളിൽ പൂത്തതുമ്പയും മുക്കുറ്റി
     ചെമ്പരത്തിയും പലതും പറഞ്ഞതും
     പഴികൾ കേട്ടും പതം പറഞ്ഞും കര-
     ഞ്ഞലയുമാമഴത്തഴുകൽ വെടിഞ്ഞതും

 ഓർക്കുകില്ല നാം, ചിതലരിച്ചെന്നോ പൊ-
 ളിഞ്ഞു വീഴുവാൻ കാത്തു നിൽക്കുന്നൊരീ
 പഴയ വഴിയമ്പലത്തിലെ സന്ധ്യയിൽ
 ഭൂതകാലമീ നരയിൽ തിരഞ്ഞവർ .

        ഇവിടെയുറങ്ങാം നമുക്കിന്നു യാത്ര തൻ
        വിശ്രമത്താവളത്തിന്റെ ശാന്തിയിൽ
        യാത്ര ചൊല്ലാതെ രാത്രി തൻ പാതിയിൽ
        നിന്റെ നിദ്രയിൽ നിന്നും നടപ്പു ഞാൻ

ഇരുളിൽ ഞാൻ നടന്നെങ്കിലും പിന്നിലീ
നറുനിലാവെത്തി... നിഴൽ മായ്ച്ചതില്ലയോ?
മുന്നിലേക്കിപ്പൊഴടി വെച്ചിടുമ്പൊഴും
പിന്നിലാ വഴികൾ മാഞ്ഞു പോകുന്നുവോ ?

        കാലമല്ലാ കലണ്ടറിൻ ചില്ലയിൽ
        നിന്നു കൊഴിയും കറുത്ത പുഷ്പങ്ങളെ
        താഴെ വീഴാതെ സൂക്ഷിപ്പതെന്തിനോ
        പിരിയുമീ നേരം, ഇനിയില്ല കാഴ്ചകൾ ....

       
പ്രമോദ് കുറുവാന്തൊടി

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ലാത്തിയും വെടിയുണ്ടയും - പാഠ വിശകലനം. കവളങ്ങാടൻ

കുടിയൻ - അൻസിഫ് ഏലംകുളം

രേഖ ആർ താങ്കൾ