ആശ - സുഗതകുമാരി

കവളങ്ങാടൻ

സുഗതകുമാരിയുടെ ആശ എന്ന കവിത ഒന്നു വായിക്കാൻ ശ്രമിക്കട്ടെ.
ഇപ്പോഴിക്കവിത പ്ലസ് വൺ മലയാളം പുസ്തകത്തിൻ്റെ ഒന്നാം പാഠമാണ്.

മുഖവുരയില്ലാതെ ചോദിക്കാം

പ്രത്യാശയുടെ ജീവിത ദർശനം ആശ എന്ന കവിത ഉൾക്കൊള്ളുന്നുണ്ടോ? 
ഉണ്ടെങ്കിൽ അത് എന്തിനുവേണ്ടിയുള്ള പ്രത്യാശയാണ്?

രാവിപ്പോൾ ക്ഷണമ ങ്ങൊടുങ്ങിടും ഉഷസ്സെങ്ങും പ്രകാശിച്ചിടും എന്ന് ആരംഭിക്കുന്ന പ്രസിദ്ധമായ മുക്തകത്തിൻറെ ആദ്യഭാഗം പോലെയാണ് ഈ കവിതയുടെയും തുടക്കം. രണ്ടും ഒരേതരം കവിതയല്ല.

 ഇരുളിൽ തമ്മിൽ കാണാൻ പറ്റാത്ത ഒരാളിനോടാണ് കവി സംസാരിക്കുന്നത്. രാവ് മായുമെന്നും പ്രഭാതം വരുമെന്നുമാണ് കവി ഉദ്ദേശിക്കുന്ന ആ അപരൻ / അപര വിശ്വസിക്കുന്നത്.

ഞാനും അങ്ങനെ വിശ്വസിക്കാം രാത്രി പോകും ഇരുളിൻ്റെ പാമ്പ് നിഴൽകുത്തിലേക്ക് ഫണം താഴ്ത്തി വീണു പോകും എന്ന് ഞാനും വിശ്വസിക്കാം എന്ന് കവി പറയുന്നു.

പാമ്പ് കാലത്തിൻ്റെ ചിഹ്നമാണ്. ഇരുൾ പ്പാമ്പ് എന്നാണ് പ്രയോഗം. ജീവിതത്തിൻ്റെ തിമിരമാണ്. നിഴലുകളുടെ വെള്ളച്ചാട്ടത്തിലേക്ക് അത് ഫണം താഴ്ത്തി ഒലിച്ചു പോകും - എന്ന നിൻ്റെ വിശ്വാസം ( കവിക്ക് ആ വിശ്വാസം ഇല്ലേ ?) ഞാനും ഏറ്റുവാങ്ങാം

നിഴലുകളുടെ വെള്ളച്ചാട്ടത്തിൽ ഒലിച്ചു പോകുന്ന കാലസർപ്പം.... 
നിഴലുകൾ എന്താണ് ? സത്യമായ എന്തിൻ്റെയോ അടയാളങ്ങൾ മാത്രമാണത്, ഈ നിഴലുകൾ ഒഴുകി വീഴുന്ന കുത്ത് ഭൗതിക ജീവിതമല്ലെങ്കിൽ പിന്നെന്താണ് ? ഭൗതിക ജീവിതമാകുന്ന കാളിന്ദിയിൽ ഫണം വിടർത്തി നിൽക്കുന്ന കാലസർപ്പം! കാളിയമർദ്ദനം എഴുതിയ സുഗതകുമാരി ഇവിടെ എന്താണ് ഉദ്ദേശിക്കുന്നത് ? 

ജീവിതത്തിൽ ഇരുൾ മാഞ്ഞ് വെളിച്ചം വരുമെന്ന് തന്നെയാണോ ?

അവശനായ ഈ കാറ്റ് നാളെ പൂമണം വീശി കുഞ്ഞിക്കയ്യുകൾ കൊട്ടിപ്പാടും 
ജീവിതം മടുത്ത ഒരാളിൻ്റെ ദുർബലമായ പ്രാണവായു പുതിയ ജന്മ സൗഭാഗ്യങ്ങൾ കൊതിക്കും

പൂമണം  കുഞ്ഞിക്കയ്യുകളുടെ കൂട്ടിയടി - വല്ലതും തോന്നുന്നുണ്ടോ?

ജീവിതത്തിനു പുറത്തേക്ക് പോകുന്ന ഒരാളെ യാത്രയാക്കുന്ന ചടങ്ങിൻ്റെ പൂമണവും കുഞ്ഞിക്കൈകളുടെ തർപ്പണ കരഘോഷവുമല്ലേ അത് ?

ഇരുളും മഞ്ഞും ഇറ്റിറ്റു വീഴുന്ന കുടീരത്തിൽ രാസലോലയായി നിലാവിൽ മുങ്ങിക്കുളിച്ച് പുലരിയെത്തും- നോക്കൂ കവി അതിനെ എത്രമാത്രം മോഹിക്കുന്നുണ്ടെന്ന്!

നിന്നെപ്പോലും മറന്ന് ദുഃഖത്തോടെ മുഖം കുനിച്ചിരിക്കുന്ന താൻ ഉണർന്ന് എഴുന്നേൽക്കുമോ എന്ന് കവി ചോദിക്കുന്നു , കവിക്ക് എന്തോ അക്കാര്യത്തിൽ അത്ര വിശ്വാസമില്ല. 

ഇല്ല നീ വരില്ല എന്ന നിരാശയാണത്.

മരിച്ച് മരവിച്ച മഞ്ഞടുക്കുകൾ പൊട്ടി ഉരുകിത്തുള്ളി താൻ എങ്ങോട്ട് പായും എന്നാണ് കവി പറയുന്നത് ?

പുതിയ ജീവിതം കിങ്ങിണി കെട്ടി നൃത്തം ചെയ്യും- നോക്കൂ പുതിയ ജീവിതം....

വാസാംസി ജീർണ്ണാനി യഥാ വിഹായ....

കണ്ണുകൾ മൂടിക്കെട്ടും പാഴ് വല തുടച്ച് കണ്ണുനീർതുളുമ്പി താൻ എഴുന്നേൽക്കുമോ എന്ന് ചോദിക്കുന്ന കവി ഭൗതിക ജീവിതത്തിൻ്റെ പാഴ് വല ഭേദിച്ച് സത്യദർശനം ചെയ്യാൻ തനിക്ക് കഴിയുമോ എന്ന് ചോദിക്കുമ്പോൾ
ഹിരണ്മയേന പാത്രേണ എന്നു തുടങ്ങുന്ന ഈശാവാസ്യ മന്ത്രം കേൾക്കുന്നില്ലേ ഹേ സൂര്യാ സത്യത്തിൻ്റെ മുഖം മറയ്ക്കുന്ന സ്വർണ്ണപ്പാത്രം മാറ്റിത്തരൂ.....

ജീർണ്ണവസ്ത്രം കളഞ്ഞമ്പോടു ദേഹി പൂർണ്ണശോഭം നവവസ്ത്രം ധരിച്ചിടും.....

ഒരിടത്ത്  . ജീവിതത്തിൻ്റെ പ്രഭാതം ഒരിടത്ത് ദിനാന്ത്യത്തിൻ മൂടൽമഞ്ഞിലൂടെ ഇരുളിലൂടെ ആദിയാം വെളിച്ചത്തിൻ്റെ പരിവേഷം ചാർത്തി ദേവീ നീ വരും ...

കവിത എത്ര തീവ്രമായ വൈകാരികാവസ്ഥയെയാണ് ഏറ്റുവാങ്ങുന്നത്....

(ജീവിതം മടുത്ത് ഇനി വേണ്ട എന്നുറച്ച ഒരാൾ പരിപാവനമെന്നയാൾ കരുതുന്ന ഗംഗയെ കാണുന്നതും അതിൽ ലയിക്കാൻ കൊതിക്കുകയും ചെയ്യുന്നതുപോലെ)

കുളിർക്കെ ചിരിച്ചു നീ വന്നെത്തും ആത്മാവിൻ്റെ വിളക്കേ നിന്നെക്കണ്ടെൻ കയ്യുകൾ താനേ കൂമ്പും എന്ന് പറയുന്ന കവി ഏത് ദിവ്യാനുഭൂതിയിലാണ് മുഴുകി നിൽക്കുന്നത്....

ആത്മാവിനെ വഴികാട്ടുന്ന ഏതു വിളക്കിനെക്കുറിച്ചാണ് കവി പറയുന്നത് ?

ഹോ തീവ്രം ഉജ്ജ്വലം എന്നെക്കെയേ ഈ കവിതയെപ്പറ്റി പറയാനൊക്കൂ....

വീണ്ടും 
രാവിതുമായും വീണ്ടും പുലരി ചിരിച്ചെത്തും എന്ന വരികൾ കവിതാന്ത്യത്തിൽ ആവർത്തിക്കുമ്പോൾ ദീർഘമായ അർത്ഥവ്യതിയാ യാനമല്ലേ ആ വരികൾക്ക് വരുന്നത് ?

ശരിയാണ് പ്രത്യാശയുടെ പ്രതീക്ഷയുടെ കവിത തന്നെയാണ്
എന്നാലത് കാലത്തിൻ്റെയും ജീവിതത്തിൻ്റെയും ഭീഷണിയെ അതിജീവിച്ച് അത്മാവ് പുതിയ പുലരിയിലെത്തുമെന്ന പ്രതീക്ഷയാണ്.

കവളങ്ങാടൻ

(ഇത് എൻ്റെ ഒരു സ്വതന്ത്രവായനയാണ് നിങ്ങൾ വായിച്ചതു പോലല്ലെങ്കിൽ ക്ഷമിക്കണം)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ലാത്തിയും വെടിയുണ്ടയും - പാഠ വിശകലനം. കവളങ്ങാടൻ

രേഖ ആർ താങ്കൾ