ജാതി

ജാതി എന്ന സാമൂഹിക യാഥാർത്ഥ്യത്തിനെ കേരള ചരിത്രം എങ്ങനെയാണ് നേരിട്ടത് ?

ഇത് കേരളത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒരു ചരിത്രമല്ല.

രാമായണത്തിലും മഹാഭാരതത്തിലും ജാതി പറയുന്നുണ്ട്.

ഓരോ ജാതിയും ഓരോ തൊഴിലുമായി ബന്ധപ്പെട്ടവയായിരുന്നു.അതിനു ചില ഗുണങ്ങളുണ്ട് ഒരേ തൊഴിൽ ചെയ്യുന്നവർ ആ തൊഴിലിൽ കൂടുതൽ വിദഗ്ധരായി വന്നുകൊണ്ടിരിക്കും.എന്നാൽ കൂടുതൽ കായികാധ്വാനം ഉള്ള തൊഴിലുകൾ ചെയ്യുന്നവർ പുരാതനകാലം മുതൽ ദരിദ്രരായി തുടരുകയും സമൂഹത്തിൽ അധികാരമില്ലാത്തവരായി മാറുകയും 'മതം ഭരണം എന്നിവയുമായി ബന്ധപ്പെട്ട് നിൽക്കുന്നവർ ധനികരായി തുടരുകയും എന്നും അധികാരികളായിരിക്കുകയും ചെയ്തു.

കാലം മുന്നോട്ടു പോയപ്പോൾ ദരിദ്രർക്ക് വിദ്യാഭ്യാസമില്ല അവർക്ക് പൗരാവകാശങ്ങൾ ഇല്ല പൊതുവഴി ഉപയോഗിക്കാൻ ഉള്ള അനുവാദമില്ല ധനികർക്ക് അവരെ എന്തും ചെയ്യാം അത്തരത്തിലുള്ള ഭരണസംവിധാനങ്ങളാണ് ഇന്ത്യയിൽ നിലവിൽ ഉണ്ടായിരുന്നത്.

ജാതി ഒരു വലിയ സാമൂഹിക തിന്മയായി മാറിയത് ഇങ്ങനെയാണ് '

എന്നാൽ ഇന്ത്യൻ സമൂഹത്തിനെ ജാതിയിൽ നിന്നും മാറ്റി നിർത്തി ചിന്തിക്കുന്നത് സത്യസന്ധമായ പഠനം ആയിരിക്കുകയില്ല.

കാരണം ഓരോ ജാതിയും പ്രത്യേകമായ സാംസ്കാരിക പൈതൃകം പിന്തുടർന്ന് വന്നവയാണ്. മാത്രമല്ല ജാതിയിൽ താണവർ ജാതിയിൽ ഉയർന്നവർ എന്നിങ്ങനെയുള്ള മനോഭാവം കോടിക്കണക്കിന് മനുഷ്യരുടെ മനസ്സുകളിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

രാഷ്ട്രീയപാർട്ടികൾ ജാതിയെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്?

അവർ പൊതുവേദികളിൽ ജാതിയെ പറ്റി കഴിയുന്നത്ര മൗനം പാലിക്കും സമത്വം തുല്യത എന്നിവയെ കുറിച്ച് പറയുകയും ചെയ്യും എന്നാൽ സ്ഥാനാർത്ഥികളെ നിർണയിക്കുമ്പോൾ ഓരോ പ്രദേശത്തെയും എണ്ണത്തിൽ കൂടുതലുള്ളവരും സംഘടിതരായവരുമായ ജാതികളിലുള്ളവരെ മാത്രം അവർ പരിഗണിക്കുകയും ചെയ്യും. 

ജാതി സംഘടനകൾ വാളോങ്ങി നിൽക്കാൻ തുടങ്ങിയത് രാഷ്ട്രീയക്കാരുടെ താല്പര്യപ്രകാരമാണ്.

ജാതികൾ തമ്മിലുള്ള വിയോജിപ്പിനെ കുതന്ത്രങ്ങളിലൂടെ വലുതാക്കി കൊണ്ടുവരുകയും ഓരോ ജാതികളെയും തങ്ങളുടെ വോട്ട് ബാങ്കുകൾ ആക്കി നിലനിർത്താനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുകയും ചെയ്യുന്നത് ജാതി രാഷ്ട്രീയത്തിന്റെ പതിവ് ശൈലിയാണ്.

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞപ്പോൾ അതുവരെ സ്വാതന്ത്ര്യ സമരത്തിന് പിന്തുണയ്ക്കാതിരുന്ന ധനികവർഗ്ഗം പണം വാരിയെറിഞ്ഞ് അധികാരം കൈക്കലാക്കുന്ന ചരിത്രമാണ് നമ്മൾ കണ്ടത്.
മുക്കാൽ നൂറ്റാണ്ടുകാലത്തെ ജനാധിപത്യം പാവപ്പെട്ടവരെ എവിടെ എത്തിച്ചു എന്ന് ചിന്തിക്കുന്നത് നല്ലതാണ്.

ദളിതർ ആദിവാസികൾ തുടങ്ങിയവർ ഇപ്പോഴും സംഘടിതരല്ല . എന്നാൽ തങ്ങളുടെ ജീവിതാവസ്ഥകളെ കുറിച്ച് അവർ തിരിച്ചറിയുകയും അതിനെക്കുറിച്ച് പഠനങ്ങൾ നടത്തുന്ന ബുദ്ധി കേന്ദ്രങ്ങൾ അവർക്കിടയിൽ ഉണ്ടായി വരികയും ചെയ്തിട്ടുണ്ട്.
എങ്കിലും വിലപേശലിന്  ശക്തിയുള്ള നേതൃത്വം അവർക്കില്ല. എണ്ണത്തിൽ അവരെക്കാൾ കുറവുള്ളവരുടെ ജാതി സംഘടനകൾ ഭീഷണിയും സമ്മർദ്ദവും ചെലുത്തി പലതും നേടിയെടുക്കുന്നുമുണ്ട്.

 ജനാധിപത്യം ജാതി സംഘടനകളുടെ കൈകളിൽ പെട്ട് പരാജയപ്പെടുന്ന കാഴ്ച ഇന്ത്യയുടെ സമകാലിക യാഥാർത്ഥ്യമാണ്.

ദാരിദ്ര്യം ഇല്ലാതാക്കുക നിരക്ഷരത ഇല്ലാതെയാക്കുക സാമൂഹിക അസമത്വം ഇല്ലാതെയാക്കുക അന്ധവിശ്വാസങ്ങൾ അനാചാരങ്ങൾ ഇല്ലാതെയാക്കുക ഇതൊക്കെ ഇപ്പോഴും നിറവേറിയിട്ടില്ലാത്ത ലക്ഷ്യങ്ങളാണ്. പൊതുഖജനാവിലെ പണം ചെലവാക്കുമ്പോൾ ആരൊക്കെയോ അത് തങ്ങളുടെ പുരയിടങ്ങളിലേക്കു മാത്രം ചാലുവെട്ടി ഒഴുക്കിവിടുന്നു.

കേരളത്തിൻറെ കാര്യം പറഞ്ഞാൽ കേരളത്തിൽ ഇതുവരെ ഉണ്ടായിട്ടുള്ള ഒരു പൊതു വ്യക്തിത്വങ്ങളെയും നമ്മൾ ജാതി നോക്കാതെ അംഗീകരിച്ചിട്ടില്ല. ശങ്കരാചാര്യരെ ബ്രാഹ്മണർ മാത്രം അംഗീകരിക്കുന്നു, ശങ്കരാചാര്യർ ജാതിക്കെതിരെ എഴുതിയിട്ടുണ്ട്,

 എഴുത്തച്ഛനെ നായർ സമുദായം  കൂടുതലായി അംഗീകരിക്കുന്നു.
ശ്രീനാരായണഗുരു ജാതിക്കെതിരെ പ്രവർത്തിച്ച ഒരു ഹിന്ദു സന്യാസി ആയിരുന്നു 
ജാതി വിവേചനങ്ങൾ മതങ്ങളുടെ പേരിലുള്ള കലഹങ്ങൾ ഇല്ലാതാകണമെന്ന് അദ്ദേഹം ആഗ്രഹിച്ചു അതിനുവേണ്ടി തനിക്ക് ജാതിയില്ല മതമില്ല എന്ന് വരെ അദ്ദേഹം പ്രഖ്യാപിച്ചു എങ്കിലും അദ്ദേഹം ഇപ്പോഴും മലയാളികൾക്ക് ഈഴവരുടെ സന്യാസി മാത്രമാണ്.

ചട്ടമ്പിസ്വാമികൾ നമുക്ക് നായർ സന്യാസി മാത്രമാണ്.

ഇവർ എഴുതിയതൊന്നും ആരും വായിച്ചു നോക്കാറുമില്ല

ദളിതരുടെ ആധ്യാത്മിക നേതൃത്വം പരിവർത്തിത ക്രിസ്ത്യാനികൾക്കിടയിൽ ആണ് ഉണ്ടായത്,പൊയ്കയിൽ അപ്പച്ചൻ തുടങ്ങി അനേകം പേർ ആ കൂട്ടത്തിൽ ഉണ്ടായിട്ടുണ്ട്
 ദളിതർക്കിടയിൽ  സംസ്കൃത പാണ്ഡിത്യമുള്ളവർ ഉണ്ടായെങ്കിലും ഒരു  ഹിന്ദു സന്യാസി പോലും അവർക്കിടയിലുണ്ടായില്ല. 

  ഒരു രാഷ്ട്രീയ നേതാക്കളെയും നമ്മൾ ജാതി നോക്കാതെ അംഗീകരിച്ചിട്ടില്ല.
ഒരാൾ എത്ര വലിയ സാഹിത്യകാരനോ നേതാവോ സന്യാസിയോ ഒക്കെ ആണെങ്കിലും അയാളെ അയാളുടെ ജാതിക്കാർ മാത്രം അംഗീകരിക്കുക അല്ലെങ്കിൽ അയാളെ ഇന്ന ജാതിക്കാരൻ മാത്രമായി കാണുക - ഇത് നമ്മുടെ സാമൂഹിക ജീവിതത്തിന്റെ വലിയ പരാജയം തന്നെയാണ്. ജാതി അത്രമേൽ വേരോടിയ സമൂഹമാണ് മലയാളിയുടെത്.
സിനിമാനടന്മാരെ അംഗീകരിക്കുന്ന കാര്യത്തിലും നമുക്ക് ജാതിയുണ്ട്.

കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മുന്നേറിയിട്ടുണ്ട് എന്നുള്ളത് ഒരു വസ്തുതയാണ്.അത് ഇരുപതാം നൂറ്റാണ്ടിൽ ഇവിടെ ഉണ്ടായ സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളുടെ അനന്തരഫലമായിരുന്നു.എന്നാൽ ജാതിയുടെ പേരിൽ മാത്രം നടത്തപ്പെടുന്ന രാഷ്ട്രീയ പ്രവർത്തനവും സാഹിത്യപ്രവർത്തനവും വലിയ വിദ്യാഭ്യാസം നേടിയവർക്കിടയിൽ പോലും നിലനിൽക്കുന്ന കടുത്ത ജാതി ചിന്തയും നമ്മെ ആശങ്കാജനകമാംവിധം പിറകോട്ട് കൊണ്ടുപോകും എന്ന് തീർച്ചയാണ്.

കേരളത്തിലെ പുതിയ തലമുറ കഴിഞ്ഞകാല ചരിത്രങ്ങളെ കുറിച്ചൊ കഴിഞ്ഞകാല സാഹിത്യത്തിനെ കുറിച്ചോ സ്വാതന്ത്ര്യ സമരത്തിനെ കുറിച്ച് പോലുമോ കാര്യമായ അറിവുള്ളവരല്ല. അതുകൊണ്ടുതന്നെ അവർ പെട്ടെന്ന് ജാതി രാഷ്ട്രീയത്തിലേക്കും ജാതി സംഘടനകളുടെ ചൂഷണത്തിലേക്കും വഴുതിപ്പോകും.

ജാതികൾ തമ്മിലും മതങ്ങൾ തമ്മിലും നേർക്കുനേർ നിൽക്കുകയും  ഏറ്റുമുട്ടുകയും  വസ്തുതകൾക്ക് നിരക്കാത്ത ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നത്.ഗാന്ധിജിയും സ്വാതന്ത്ര്യ സമരവും വലിയ മഹാന്മാരായ നേതാക്കന്മാരും നമ്മുടെ സമൂഹത്തിൽ വളർത്തിക്കൊണ്ടുവന്ന സമത്വബോധവും ഐക്യവും നഷ്ടപ്പെട്ടുവെന്നതിന്റെ തെളിവാണ്.

എത്ര വിദ്യാഭ്യാസം ഉള്ളവരാണെങ്കിലും ഞങ്ങളുടെ ജാതിക്കാരെ അല്ലെങ്കിൽ ഞങ്ങളുടെ മതക്കാരെ മാത്രമേ അംഗീകരിക്കുകയുള്ളൂ എന്ന അവസ്ഥയിലേക്ക് പോകുന്നുണ്ടെങ്കിൽ അതിന് നമ്മളുടെ ഭാവി തലമുറ വലിയ വില കൊടുക്കേണ്ടിവരും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ലാത്തിയും വെടിയുണ്ടയും - പാഠ വിശകലനം. കവളങ്ങാടൻ

കവിക്കൂട്ടം മാസിക മാർച്ച് 2021

കവിത - ഗാഥ