കവിക്കൂട്ടം മാസിക മാർച്ച് 2021
കവിക്കൂട്ടം മാസിക
മാർച്ച് 2021
പ്രണാമം |
കവിക്കൂട്ടം സാഹിത്യ സമിതി ബ്ലോഗ് പ്രസിദ്ധീകരണം.
സൗജന്യ സ്വകാര്യ വിതരണത്തിനു മാത്രം.
രചനകൾ എഴുത്തുകാരുടെ മാത്രം കാഴ്ച്ചപ്പാടുകളാണ്.
- ഭൂമിയെന്നാൽ എനിക്കെന്റെ കുലപൈതൃകമല്ലയോ’
ശിവകുമാർ ആർ പി
സ്ഥായിഭാവങ്ങളിലും സഞ്ചാരി-വ്യഭിചാരി ഭാവങ്ങളിലുമായി തീരുന്നതാണോ സാഹിത്യം പങ്കുവയ്ക്കുന്ന വൈകാരികലോകം എന്നൊരു അവിശ്വാസം വിഷ്ണുനാരായണൻ നമ്പൂതിരിയെഴുതിയ ‘കവിതയുടെ ഡി എൻ എ’ എന്ന പുസ്തകത്തിൽ കാണാം. ഭൗതികപ്രപഞ്ചം, വസ്തുകണങ്ങളെകൊണ്ട് നിർമ്മിക്കപ്പെട്ടിരിക്കുന്നതുപോലെ ‘മനോമൂലകങ്ങളാണ്’ രചനയ്ക്കും ആസ്വാദനത്തിനും മനുഷ്യനെ സജ്ജനാക്കുന്നതെന്നാണ് അദ്ദേഹം വിശദീകരിച്ചത്. “അനന്തമായ ഭാവങ്ങളുടെയും ഭാവഛായകളുടെയും ഒളിനിഴലുകൾ’ എന്നാണ് മനോമൂലകങ്ങളെ അദ്ദേഹം വിശേഷിപ്പിക്കുന്നത്. ഇവ യുഗങ്ങളായുള്ള മനുഷ്യജീവിതാനുഭവത്തിൽനിന്നും പകർന്നു കിട്ടിയവയാണ്. അതുകൊണ്ട് DNA എന്ന സങ്കല്പനം ഉചിതമാണ്. ആറ്റം കണികകളെ മാറ്റി മറിച്ച് പുതിയ മൂലകങ്ങൾ സൃഷ്ടിക്കാവുന്നതുപോലെ ഈ മനോമൂലകങ്ങളെയും സൃഷ്ടിക്കാം. അതാണ് കവിത ചെയ്യുന്നത്.
സംസ്കൃതത്തിന്റെ പ്രബലമായ പാരമ്പര്യത്തിൽനിന്നു കൊണ്ടാണ് വിഷ്ണുനാരായണൻ നമ്പൂതിരി കവിതകളെഴുതിയത്. ‘കാവ്യാനുശീലനാഭ്യാസാദികളെക്കൊണ്ട് വൈശദ്യം നേടിയ മനസ്സ്’ എന്ന് ലീലാവതി വിശേഷിപ്പിക്കുന്നത് ഈ പ്രത്യേകതയെയാണ്. ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്നതുകൊണ്ട് അദ്ദേഹം വൈദേശികസാഹിത്യത്തെയും അതേ അളവിൽ തത്ത്വശാസ്ത്രങ്ങളെയും ഉൾക്കൊള്ളുകയും ചെയ്തു. മലയാള കവിതയിലൂടെ അദ്ദേഹം വിഹരിച്ച ഭാവനാലോകത്തിന്റെ മറുപുറമാണ് മുകളിൽ എഴുതിയ സാഹിത്യസിദ്ധാന്തപരികല്പനയിൽ വ്യക്തമാകുന്നത്. അവിടെ അദ്ദേഹം പാരമ്പര്യവിരോധിയാകുന്നു. കാവ്യരചനയുടെയും കാവ്യാസ്വാദനത്തിന്റെയും പ്രത്യേകതകളെക്കുറിച്ചാലോചിക്കാൻ രസതന്ത്രത്തിന്റെയും ഊർജ്ജതന്ത്രത്തിന്റെയും ജീവശാസ്ത്രത്തിന്റെയും സങ്കല്പനങ്ങളെചേർത്തു വച്ചുകൊണ്ട്, പരസ്പരം തമ്മിൽ ചേരാത്തതെന്ന് വിശ്വസിച്ചുവരുന്ന ഭാവനയുടെ ആത്മനിഷ്ഠതയെയും ഭൗതികതയുടെ വസ്തുനിഷ്ഠതയെയും കവിതകൊണ്ട് കൂട്ടിയിണക്കുകയാണ് ചെയതതെന്നും പറയാം.
വിഷ്ണുനാരായണൻ നമ്പൂതിരിയുടെ കവിതാപ്രമേയങ്ങളുടെ കാര്യത്തിലും ഈ വൈവിധ്യം പ്രകടമാണ്. പൊതുവേ കേരളത്തിലെ സാംസ്കാരികാധുനികതയുടെ തുടക്കക്കാലത്താണ് ആദ്യസമാഹാരം ‘സ്വാതന്ത്ര്യത്തെക്കുറിച്ചൊരു ഗീതം’ (1968) പുറത്തുവരുന്നത്. (അയ്യപ്പപ്പണിക്കരുടെ കുരുക്ഷേത്രം 1960 ൽ പുറത്തുവന്നിരുന്നു) ആ കവിതയിലും ഇന്ത്യയെന്ന വികാരത്തിലും അതിർത്തിയിലേക്കുള്ള യാത്രയിലും ക്വിറ്റിന്ത്യാസ്മരണയിലും ആഗസ്റ്റ് പതിനഞ്ചിലുമൊക്കെയായി രാഷ്ട്രീയബോധം തുടരുന്നുവെങ്കിലും പ്രണയഗീതത്തിലും ഭൂമിഗീതത്തിലും ഒക്കെ കാണുന്നതുപോലെയുള്ള സൗമ്യമായ കാല്പനികത, മുഖം എവിടെ -പോലെയുള്ള കവിതകളിലെ അസ്തിത്വവ്യഥകൾ, റിപ്പബ്ലിക്, വ്ലാദിമിർ കൊമൊറോവ് തുടങ്ങിയ കവിതകളിലെ ജീവിതചിന്തകൾ, ദിലീപനിലും ഉർവശീനൃത്തത്തിലും ലക്ഷ്മണനിലും സുഭദ്രാർജ്ജുനത്തിലും കാണുന്നതുപോലെ ആധുനികമനുഷ്യന്റെ വേവലാതികളെ പൗരാണിക കഥാപാത്രങ്ങളിലൂടെ ആവിഷ്കരിക്കാനുള്ള വ്യഗ്രത- ഇതെല്ലാം അദ്ദേഹത്തിന്റെ കവിതയോടൊപ്പം തുടക്കം മുതൽ ഒത്തുനടന്ന പ്രവണതകളാണ്. അതുകൊണ്ട് ആ കവിതകളെ ഘട്ടംഘട്ടമായി തിരിക്കുക എളുപ്പമായിരിക്കില്ല. ഒന്നിച്ചുണ്ടായി പലതരത്തിൽ വളർച്ച നേടിയ പൊടിപ്പുകളാണ് അവ.
ആരണ്യകം എന്ന സമാഹാരത്തിൽ സ്വജീവിതകഥയെ ‘പിതൃയാനം‘ എന്ന കവിതയുടെ ചെപ്പിലടച്ചുവച്ചിട്ടുണ്ട് കവി. *“കൊഴിഞ്ഞതൊക്കെ ഞാനല്ലോ/തെളിയുന്നതുമങ്ങനെ”* എന്ന് നിരന്തരപരിണാമിയായ ജീവിതത്തിന്റെ പ്രവാഹത്തെ ആറ്റിക്കുറുക്കി അതിൽ അവതരിപ്പിക്കുന്നു. ഒരു ജന്മംകൊണ്ട് അവസാനിക്കാത്ത ജീവിതം ആർഷമെന്നു വിളിക്കാവുന്ന സങ്കല്പമാണ്. *‘ഭൂമിയോടൊട്ടി നിൽക്കുന്നോൻ/ ഭൂമിഗീതങ്ങളോർക്കുവോൻ/ ഭൂമിയെന്നാലെനിക്കെന്റെ/ കുലപൈതൃകമല്ലയോ’* എന്നും അതിൽ അദ്ദേഹം വ്യക്തമാക്കുന്നു. ഭൂമിയെപോലും പൈതൃകം (പിതാവിൽനിന്നു ലഭിച്ചത്) ആയികാണാനുള്ള പ്രവണത അതിൽ സിദ്ധമാണ്. പ്രണയഗീതങ്ങൾ, തുമ്പപ്പൂപോലെ വിശുദ്ധമായ കാലത്തിന്റെ ഓർമ്മയാണെന്ന് മറ്റൊരിടത്ത് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഭൂമിയെ പരിഗണിക്കാത്ത വികസനത്തിന്റെ കെടുതികളെപ്പറ്റി കേരളീയസമൂഹം നൊമ്പരം കൊണ്ടിരുന്ന 90 കാലയളവിൽ ‘വനപർവ’ത്തിൽ എഴുതി : *“നാടുനാടായി നിലനിൽക്കണമെന്നാലോ/ കാടുവളർത്തുവിൻ നാട്ടാരേ!”* മുദ്രാവാക്യപ്രായത്തിലുള്ള ഈ വരികൾക്ക് കാവ്യാത്മകസൗന്ദര്യം കുറവാണ്, എന്നാൽ ഇതല്ല ഭൂമിഗീതത്തിലെ കവിതകളുടെ സ്ഥിതി.
*“അനക്കമില്ലെങ്ങും/കനത്തരാവല്ലോ,/ചെറുവരമ്പിന്മേൽ/നിറയെ മുള്ളല്ലോ
നിനക്കുയരെ ഞാൻ/കൊളുത്തിവച്ചിടാം/ഒരൊറ്റ നക്ഷത്ര-/ക്കൊടിവിളക്കിതാ”*
-എന്നാണ് ‘മാർഗതാരക’ എന്ന കവിതയിലെ പ്രകൃതിയമ്മ ഉണ്ണിയോട് പറയുന്നത്. ചുരുക്കത്തിൽ പ്രമേയത്തിൽ കവിത പ്രകടമാക്കുന്ന വൈവിധ്യം അദ്ദേഹത്തിന്റെ ആവിഷ്കാരശൈലിയ്ക്കും ഉണ്ടെന്നർത്ഥം. സൈക്കിൾ വാഹനമായി ഉപയോഗിച്ച് കവിത മൂളി സഞ്ചരിക്കുന്ന ലാളിത്യം, ആവിഷ്കരണോപാധിയായ കവിതയുടെ കാര്യത്തിലും വിഷ്ണുനാരായണൻ നമ്പൂതിരി സ്വീകരിച്ചിരുന്നു. കവിതയിൽ അധികം അലങ്കരണങ്ങൾ കാണാൻ കഴിയില്ല. ഗദ്യത്തോട് അടുത്തുനിൽക്കുന്ന അനുഷ്ടുപ്പിലോ കേകയിലോ ആണ് ഏറിയകൂറും രചനകൾ. പറയാനുള്ളതു മാത്രം പറയുക എന്നതാണ് രീതി. അരബിന്ദോഘോഷ് ഭാവികവിത മന്ത്രരൂപിയായി തീരുമെന്ന് ഉപദർശിച്ചിരുന്നു. മന്ത്രങ്ങളുടെ പ്രത്യേകത അവ, അവയുടെ ഫലസിദ്ധിയിൽ ശക്തമായി വിശ്വസിക്കുകയും മറ്റെല്ലാ കാവ്യാത്മക ഘടകങ്ങൾക്കുനേരെയും ഉദാസീനമാവുകയും ചെയ്യുന്നു എന്നതാണ്. കവിതയുടെ നിർമ്മാണപ്രക്രിയയെ ഭൗതികശാസ്ത്രവുമായി ചേർത്തുവച്ച വിഷ്ണുനാരായണൻ നമ്പൂതിരിയിൽ അത്തരം അധിഭൗതികഘടകങ്ങൾ തിരയുന്നതിൽ പൊരുത്തക്കേടുണ്ടെന്നു തോന്നാം. പക്ഷേ അബോധാത്മകമായി അതീതവും വാസ്തവികവുമായ ഈ രണ്ടു ലോകങ്ങളെയും കൂട്ടിയിണക്കാനുള്ള ശ്രമം കവിതയിലൂടെ സംഭാവ്യമാണെന്ന വിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു എന്നതാണ് സത്യം. പൗരാണികമായ മൂല്യസഞ്ചയം ആധുനികജീവിതത്തിന് ഏറ്റവും ആവശ്യമാണെന്നും നന്മ, തലമുറകളായി പകർന്നുകിട്ടുന്ന വിശിഷ്ടഗുണമാണെന്നും ഉള്ള വിശ്വാസം പല രീതിയിൽ കവിതകളിൽ പ്രകടമാവുന്നു. എഴുത്തിന്റെ മഹാശില്പിയായ സോഫോക്ലിസിനെ വിചാരണ ചെയ്യുന്ന ‘റിപ്പബ്ലിക്ക് എന്ന കവിതയിൽ അദ്ദേഹം എഴുതി.
*“ഈ രശ്മികളുതിർക്കുന്ന മനസ്സിനെങ്ങു വാർദ്ധകം?
ഈ മനസ്സു തിളങ്ങുമ്പോൾ ഏതെൻസിനെവിടെ ക്ഷയം?”*
- വ്യക്തിമനസ്സിന്റെ നന്മതന്നെയാണ് സമൂഹത്തിന്റെയും രാജ്യത്തിന്റെയും അഭിവൃദ്ധിക്കു കാരണമെന്ന ആശയമാണല്ലോ ഇവിടെ തിളങ്ങുന്നത്. കഴിഞ്ഞുപോയ ലോകത്തെ കവിതയുടെ വർത്തമാനകാലത്തിലേക്ക് വിഷ്ണുനാരായണൻ നമ്പൂതിരി കൂട്ടിക്കൊണ്ടുവരാൻ ശ്രമിച്ചത് ഭാവിസമൂഹത്തിന്റെ നന്മയ്ക്കുവേണ്ടിയായിരുന്നു. കവിത പാരമ്പര്യവും പൈതൃകവുമായി ബന്ധപ്പെടുന്ന ഒരു വഴിയാണ് അത്.
- പല്ലികൾ ചൊല്ലുന്നത്...
( കഥ )
ഉറക്കം വരാതെ കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോഴും കൃഷ്ണപിള്ളയുടെ മനസ്സ് പ്രക്ഷുബ്ധമായിരുന്നു."പരട്ട കിളവാ " എന്നുള്ള തന്റെ മരുമകന്റെ വിളി തന്നിലുണ്ടാക്കിയ ആത്മനിന്ദയുടെ ചാറ്റൽ മഴയിൽ താൻ വീണ്ടും വീണ്ടും നനയുന്നതായി അയാൾക്ക് തോന്നി. നനവാർന്ന മിഴി തുടച്ച് തലയിണയിൽ മുഖം ചേർക്കുമ്പോൾ വേഗം നേരം വെളുക്കണേയെന്നായിരുന്നു ചിന്ത.നേരം പുലർന്നാൽ അപ്പോൾ തന്നെ നാട്ടിലേക്ക് പുറപ്പെടണം. പരിഷ്കാരത്തിന്റെ പട്ടണത്തിലെ അലിഖിത നിയമങ്ങളിൽ ശ്വാസം മുട്ടാൻ തനിക്ക് പറ്റില്ല. ജനിച്ചു വളർന്ന നാട്ടിൻപുറത്തിന്റെ പച്ചപ്പിൽ മിഴിനട്ടിരിക്കുന്നതിന്റെ സുഖമിവിടെ കിട്ടില്ലെന്ന് മനസ്സിൽ തോന്നിയത് ശരിയായിരുന്നുവെന്ന് കൃഷ്ണപിള്ളയ്ക്ക് ബോധ്യമായി.ഏകമകളായ ഗായത്രിയുടെ നിർബന്ധത്തിനു വഴങ്ങിയാണ് അവളോടൊപ്പം ഓണം ആഘോഷിക്കാൻ ബാംഗ്ളൂരിലേക്ക് എത്തിയത്. വളരെ പ്രതീക്ഷയോടെ നഗരത്തിലെത്തിലെത്തിയ തനിക്ക് ഇവിടുത്തെ നിയന്ത്രണങ്ങളുടെ ചരടുകൾ തന്റെ സ്വാതന്ത്ര്യത്തിന് വിലങ്ങാകുന്നുവെന്ന് മനസ്സിലായപ്പോഴാണ് വരേണ്ടിയിരുന്നില്ലെന്ന് തോന്നിയത്. നിരന്തരമായ പ്രാർത്ഥനയുടെ ഫലമായിട്ടാണ് മധ്യവയസ്സെത്തിയ കൃഷ്ണപിള്ളയ്ക്ക് ഭാര്യ മാലിനിയിൽ
ഗായത്രി ജനിക്കുന്നത്. ഒരു കുട്ടി മാത്രമായതിനാൽ വളരെ ലാളിച്ചാണ് വളർത്തിയത്. ടെക്നോപാർക്കിൽ ജോലി ചെയ്യവേയാണ് ഗായത്രി ശരത്തുമായി പ്രണയത്തിലാകുന്നത്.തുടർന്ന് ശരത്ത് തന്റെ ഒരു ബന്ധുവിനെയും കൂട്ടി വിവാഹാലോചനയുമായി വീട്ടിലെത്തി.എന്നാൽ ശരത്തിന്റെ പ്രകൃതവും സംസാരരീതിയും പരിഷ്കാരവും തന്റെ ഭാര്യയായ മാലിനിയ്ക്കിഷ്ടമായില്ല.
അതു തന്നോടു പറയവേ പല്ലി ചിലയ്ക്കുകയും " സത്യം..., കേട്ടോ പല്ലി ചൊല്ലിയത് " എന്നവൾ തന്നോട് അടക്കം പറയുകയും ചെയ്തത് താൻ മറന്നിട്ടില്ല. യാത്ര പറഞ്ഞിറങ്ങുമ്പോൾ മച്ചിൽ നിന്നും ശരത്തിന്റെ ഇടതു തോളിലേക്ക് പല്ലി വീഴുകയും " "കണ്ടോ അശുഭലക്ഷണം തന്നെയാണ്, ഈ വിവാഹം നടത്തേണ്ട " എന്നും മാലിനി പറഞ്ഞു.
പല്ലി ചിലയ്ക്കുന്നതും വീഴുന്നതുമൊക്കെ സ്വാഭാവികമാണെന്നും അതിൽ ശുഭവും അശുഭവുമൊന്നും ചേർത്തു വെക്കേണ്ടതില്ലെന്നും പറഞ്ഞിട്ട് മാലിനി സമ്മതിച്ചു തരാൻ കൂട്ടാക്കിയില്ല. ശരത്തുമായി വിവാഹം നടത്തിക്കൊടുത്തിയെങ്കിൽ ഇറങ്ങിപ്പോകുമെന്ന് മകൾ പറഞ്ഞിട്ടും അവൾ സമ്മതിച്ചില്ല.മകളുടെ ഇഷ്ടം നടത്തിക്കൊടുക്കാമെന്ന് താൻ പറഞ്ഞിട്ടും അവൾ അനുകൂലിച്ചില്ല.അതിനിടെ ശരത്തിന് ബാംഗ്ളൂരിൽ ജോലി ശരിയായപ്പോൾ ഗായത്രി അവനോടൊപ്പം പോയി. രജിസ്റ്റർ മാര്യേജ് ചെയ്ത് ജീവിതമാരംഭിച്ചു. മാലിനി അതോടെ മാനസികമായി തകർന്നു. രണ്ടു വർഷക്കാലം യാതൊരു വിധ കൂടിക്കാഴ്ചയ്ക്കോ ഫോണിൽപ്പോലും ബന്ധപ്പെടാനോ ഗായത്രി തയ്യാറായില്ല. രോഗിണിയായ മാലിനിയുടെ മരണശേഷം ഒരു മാസം കഴിഞ്ഞ് ഒരു പ്രാവശ്യം വീട്ടിലെ ലാന്റ് ഫോണിലേക്ക് അവളുടെ വിളിയെത്തി. പകൽ മങ്ങി രാവ് മരങ്ങളെ പൊതിഞ്ഞ് താഴേക്കിറങ്ങാൻ തുടങ്ങവേയെത്തിയ ഫോൺ വിളി ഗായത്രിയായിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അമ്മയുടെ മരണമറിഞ്ഞതിപ്പോഴാണെന്നും വരാൻ കഴിയാത്തതിൽ ദു:ഖമുണ്ടെന്നും പറഞ്ഞ് കരഞ്ഞു. പിന്നീട് വല്ലപ്പോഴും വിളിക്കുമെങ്കിലും ശരത്ത് തന്നോട് സംസാരിക്കാൻ തയ്യാറായിരുന്നില്ല. പുഴയിൽ വിടരുകയും കൊഴിയുകയും ചെയ്യുന്ന നീർകുമിളകൾ പോലെ മൂന്നു നാലുവർഷമങ്ങനെ കടന്നു പോയി.
സഹോദരി ജാനകി അടുത്ത വീട്ടിൽ തന്നെയായതിനാൽ ഭക്ഷണമൊക്കെ അവിടെ നിന്നും കഴിച്ചും പറമ്പിലെ കൃഷി കാര്യങ്ങൾ നോക്കിയും ജീവിതം മുന്നോട്ടു കൊണ്ടുപോയി. കുറച്ചു ദിവസം എങ്കിലും തന്നോടൊപ്പം വന്നു നിൽക്കാൻ അവൾ പറയാറുണ്ടായിരുന്നു. പക്ഷേ മാലിനിയുടെ ഓർമ്മകൾ നിറയുന്ന വീട്ടിൽനിന്ന് മാറി നിൽക്കാൻ മനസ്സനുവദിച്ചിരുന്നില്ല.
ആകാശത്ത് കാർമേഘങ്ങൾ പറന്നാർത്തു നടന്ന ഒരു വൈകുന്നേരം മുറ്റത്ത് വിരിച്ചിരുന്ന പൂഴിമണ്ണിൽ ചരലുകൾ വീഴുന്ന ശബ്ദത്തിൽ മഴ പെയ്തതും നോക്കി ജനലരികിലിരിക്കവേയാണ് ലാന്റ്ഫോൺ ശബ്ദിച്ചത്.
തന്നെ ബാംഗ്ളൂരിലേക്ക് വിളിക്കാനായി മകളുടെ വിളിയായിരുന്നത്.
അങ്ങനെ കഴിഞ്ഞാഴ്ച മകളുടെ നിർബന്ധത്തിന് വഴങ്ങി ബാംഗ്ളൂരിന് വണ്ടി കയറാൻ തീരുമാനിക്കുകയായിരുന്നു. താൻ വന്നാൽ ശരിയാവില്ലെന്ന് ഫോണിൽ മകളോട് പറയുമ്പോൾ പല്ലി ചിലച്ചത് ഇപ്പോഴുമോർക്കുന്നു. അത് സത്യമായി വന്നതു പോലെ കൃഷ്ണപിള്ളയ്ക്ക് തോന്നി. ഇവിടെ വന്നതുമുതൽ വീടിനുള്ളിൽ തന്നെയാണ്. പത്തിരുപത് കുടുംബങ്ങൾ താമസിക്കുന്ന വില്ലയിലായിരുന്നു ഗായത്രിയും ശരത്തും താമസം. കൈലിയുമുടുത്ത് കൈയ്യില്ലാത്ത ബനിയനുമിട്ട് ഒരു തോർത്തും തോളിലിട്ട് നടക്കുന്ന തന്നെ പരിഷ്കൃത നഗരത്തിലെ മുറ്റത്തേക്കിറങ്ങാൻ പോലും സമ്മതിച്ചിരുന്നില്ല. അയൽക്കാർ കണ്ടാൽ സ്റ്റാറ്റസ് നഷ്ടപ്പെടുംപോലും. രാത്രിയിൽ പാർട്ടികളിൽ പങ്കെടുത്ത് മദ്യപിച്ച് വളരെ താമസിച്ചാണ് മരുമകന്റെ വരവെന്ന് കണ്ട് മകളോടത് സൂചിപ്പിച്ചപ്പോൾ അവൾ വിഷാദത്തോടെ മുഖം കുനിച്ചു നിന്നതല്ലാതെ മറുപടി പറഞ്ഞിരുന്നില്ല.
ആവർത്തനത്തിന്റെ മടുപ്പിക്കുന്ന മണവുമായി ദിവസങ്ങൾ കടന്നു പോകുന്നു. രാവിലെ ജോലിക്ക് പോകുകയും സന്ധ്യയ്ക്ക് ശേഷം തിരിച്ചു വരുന്നതും ഭാര്യയും ഭർത്താവും ഒരുമിച്ചാണ്. വന്നതിനു ശേഷം കുളിയൊക്കെ കഴിഞ്ഞ് പുറത്തേക്ക് പോകുന്ന ശരത്ത് മദ്യലഹരിയിൽ വളരെ താമസിച്ചേ തിരിച്ചെത്തിയിരുന്നുള്ളുവെന്നത് ഓർക്കുമ്പോൾ നിരവധി മേഘങ്ങൾ തന്റെ ചിന്തകളായ ആകാശത്തിലൂടെ നീങ്ങി നിരങ്ങിപ്പോക്കുന്നതു പോലെ കൃഷ്ണപിള്ളയ്ക്ക് തോന്നിയിരുന്നു. ഭക്ഷണം തയ്യാറാക്കിയതിനു ശേഷം
അവർ ജോലിക്കു പോയിട്ടു വരുന്നതുവരെ വെറുതെ ടെലിവിഷനിൽ കണ്ണും നട്ട് കൂട്ടിലടച്ച തത്തയെപ്പോലെയായിരുന്നു താനെന്ന യാഥാർത്ഥ്യമോർത്ത് കൃഷ്ണപ്പിള്ള നെടുവീർപ്പിടുമായിരുന്നു.
നഗരം കാണാൻ ഇറങ്ങണമെങ്കിൽ പാന്റുവാങ്ങിത്തരാം അതു ധരിക്കണമെന്നും മരുമകൻ കട്ടായം പറഞ്ഞു. എങ്കിലും താനതിനു തയ്യാറായില്ല. എങ്കിലും വന്നതല്ലേ, തിരുവോണം കഴിഞ്ഞ് അടുത്ത ദിവസം തന്നെ തിരിച്ചുപോകാമെന്ന് മനസിൽ കരുതി. പ്രഭാതത്തിൽ മത്തിൻ പടലങ്ങൾ വിതറുന്ന നേർത്ത കുളിർമ്മയിൽ മുറ്റത്തെ ചെമ്പകമരച്ചോട്ടിലിരുന്ന് കട്ടൻ കാപ്പിയും കുടിച്ച് പത്രം വായിക്കുന്ന സുഖമനുഭവിക്കാൻ തന്റെ മനസ്സ് വെമ്പുന്നതായി കൃഷ്ണപിള്ളയ്ക്ക് തോന്നി.രണ്ട് ദിവസം മുമ്പ് മകളെക്കൊണ്ട് കുറച്ച് ചെരാതുകൾ വാങ്ങിപ്പിച്ചിരുന്നു. ഉത്രാടദിനമായ ഇന്ന് വൈകുന്നേരം വീടിനു മുന്നിൽ ഉത്രാട വിളക്ക് തെളിയിച്ചു. സന്ധ്യ കഴിഞ്ഞെത്തിയ ശരത്ത് ഇത് കണ്ട് ദേഷ്യപ്പെട്ടു. " ഇന്ന് ദീപാവലി ആണെന്നു കരുതിയോ? ഓരോ കോപ്രായങ്ങൾ കാട്ടാൻ ഇത് കുഗ്രാമമല്ല "ശരത്തിന്റെ ഒച്ചയുയർന്നു. ഗായത്രി അവനെ വിളിച്ചകത്തേക്ക് കൊണ്ടുപോയി. മുറിക്കുള്ളിൽ എന്തൊക്കെയോ ബഹളങ്ങൾ കേട്ടു .
കാളവണ്ടിക്കാലത്തല്ല നമ്മൾ ജീവിക്കുന്നതെന്നും തന്റെ വിലയും നിലയും കളയിക്കരുതെന്ന് നിന്റെ തന്തയോട് പറയണമെന്നും ഗായത്രിയോട് ഉറക്കെ പറയുന്നത് വെളിയിൽ കേൾക്കാമായിരുന്നു. വരേണ്ടിയിരുന്നില്ലെന്ന് വളരെ വ്യസനത്തോടെ കൃഷ്ണപിള്ള മനസിലോർത്തു. താനിങ്ങോട്ട് പുറപ്പെടാൻ നേരം പല്ലി ചിലച്ചപ്പോൾ അത് കിഴക്കേ ഭിത്തിയിലിരുന്നല്ല ചിലച്ചിരുന്നതെന്ന് ശ്രദ്ധിച്ചതും അശുഭമാണല്ലോ എന്ന് മനസിൽ തോന്നിയതും കൃഷ്ണപിള്ള ഓർത്തു.വീടു പൂട്ടി പുറത്തേക്കിറങ്ങുമ്പോൾ ഇടതു തോളിലേക്ക് ഒരു പല്ലിവീഴുകയും ചെയ്തപ്പോൾ യാത്ര അശുഭമാണെന്നു തോന്നുന്നല്ലോയെന്നു ജാനകിയോട് സൂചിപ്പിച്ചപ്പോൾ "സാരമില്ല മകളുടെ അടുത്തേക്കല്ലേ പോകുന്നത്, മറ്റൊന്നും ചിന്തിക്കണ്ട "എന്ന് അവൾ സമാധാനിപ്പിക്കുകയും ചെയ്തിരുന്നു.ഭാര്യ മാലിനിയ്ക്ക് ഇത്തരം കാര്യങ്ങളിലൊക്കെ നല്ല വിശ്വാസമായിരുന്നു. ഗൗളി ശാസ്ത്രത്തിലൊക്കെ വിശ്വസിച്ചിരുന്ന അവളുണ്ടായിരുന്നെങ്കിൽ ഒരു പക്ഷേ ഈ യാത്രയ്ക്ക് സമ്മതിക്കുമായിരുന്നില്ല. ട്രയിനിൽ ഇങ്ങോട്ടു പോരുമ്പോൾ ഇടയ്ക്കെപ്പോഴോ ഒന്നു മയങ്ങിയപ്പോൾ സ്വപ്നത്തിൽ മുകളിലൂടെ വിമാന വിളക്കുകൾ മിന്നി മിന്നിപ്പോകുന്നതും അതിൽ നിന്നും ഒരു പല്ലി തന്റെ ദേഹത്തേക്ക് ചാടുന്നതും കാണുകയും ഞെട്ടിയുണരുകയും ചെയ്തിരുന്നു. അപ്പോഴും ഒരു അശുഭലക്ഷണമായിത്തന്നെ അനുഭവപ്പെട്ടെങ്കിലും താനത് കാര്യമാക്കിയിരുന്നില്ല.
ശരത്തിന്‌റെ ഒച്ചയുയർന്നതിനാൽ വേഗം ദീപങ്ങൾ അണച്ച് ചെരാതുകൾ എടുത്ത് ഒരു കവറിലാക്കി വെച്ചു. കുളിയും കഴിഞ്ഞ് ശരത്ത് പുറത്തേക്ക് പോയി. നാളെ മുതൽ രണ്ടു പേരും മൂന്നു ദിവസത്തേക്ക് ലീവാണെന്ന് മകൾ പറഞ്ഞു. മറ്റന്നാൾ ശനി അല്ലേ അന്നു തിരിച്ചുപോകാമെന്നു വിചാരിക്കുകയാണെന്ന് മകളോട് സൂചിപ്പിച്ചിരുന്നു.
"അവിടയായാലും തനിച്ചല്ലേ.. കുറച്ചു ദിവസം കഴിയട്ടെ, ഇപ്പോളുടനെയെങ്ങും തിരിച്ചു പോകണ്ടാ " എന്നാണവൾ മറുപടി പറഞ്ഞത്. എങ്കിലും പോകാൻ തന്നെ ഉറച്ച തീരുമാനമെടുത്തിരുന്നു.
രാത്രി എട്ടുമണിക്കു ശേഷമാണ് ഗായത്രി ജോലികൾ ഒക്കെ തീർത്ത് കുളിക്കാനായി കയറിയത്. ചിന്തകൾ മാറി മറിഞ്ഞ് പായവേ തിരുവോണത്തിന്റെ സ്മരണകൾ കൃഷ്ണപിള്ളയുടെ മനസ്സിലൂടെ ഒഴുകിയെത്തി. ഗൗളിക്ക് ഓണം കൊടുക്കുന്ന ആചാരത്തെ കുറിച്ച് ഓർത്തപ്പോൾ അടുക്കളയിലേക്ക് കയറി. അടുത്ത ദിവസം രാവിലത്തേക്ക് ദോശയ്ക്കായി അരച്ചു വെച്ചിരുന്ന അരിമാവ് ചെറിയ പാത്രത്തിൽ സ്വല്പമെടുത്ത് വെള്ളമൊഴിച്ച് കുഴച്ചു.പിന്നെ പതുക്കെ വാതിലിനടുത്തേക്ക് നടന്നു. അരിമാവിൽ കൈമുക്കി കതകിൽ രണ്ടു മൂന്നു പ്രാവശ്യം പതിപ്പിച്ചു.തിരിഞ്ഞു നടന്ന് മറ്റൊരു മുറിയുടെ വാതിലിൽ കൈ പതിപ്പിച്ചു കൊണ്ടിരിക്കുമ്പോഴാണ് ശരത്ത് കയറി വരുന്നത്. തന്റെ ഈ പ്രവൃത്തി കണ്ടതും മുഖം ചുവന്ന് ശരത്ത് പൊട്ടിത്തെറിച്ചു.
"പരട്ടക്കിളവാ.. നിങ്ങളെന്ത് പണിയാണീ കാണിക്കുന്നത്. ഇത്തരം വൃത്തികേടുകൾ കാണിക്കാനള്ള സ്ഥലമല്ലിത്" ശരത്തിന്റ ഒച്ച കേട്ട് ഗായത്രി ഓടി വന്നു.
"ഉത്രാടരാത്രിയിൽ ഗൗളിക്ക് ഓണം കൊടുക്കുന്നത് പണ്ട് തൊട്ടേ പതിവാണ്.. മോനേ.... " വളരെ വിഷമത്തോടെയാണ് താനത് പറഞ്ഞത്.
"അതിവിടെ നടക്കില്ല, അതൊക്കെയങ്ങ് തന്റെ ഓണം കേറാ മൂലയിൽ പോയി ചെയ്താൽ മതി. അന്തസ്സും ആഭിജാത്യമുള്ള ആൾക്കാൾ താമസിക്കുന്ന വില്ലയാണിത്. "
ശരത്തിന്റെ ഒച്ചയുയർന്നു.
ഗായത്രി വ്യസനത്തോടെ ഒന്നും മിണ്ടാതെ നിന്നു.
കുനിഞ്ഞ മുഖത്തോടെ പോയി വെള്ളവും തുണിയുമെടുത്ത് കതകിൽ വരച്ചതെല്ലാം തുടച്ച് വൃത്തിയാക്കി.
നിറഞ്ഞ കണ്ണുകളോടെ കിടക്കയിൽ വീഴുമ്പോൾ പുലർച്ചെ തന്നെ പോകണമെന്ന ഉറച്ച തീരുമാനത്തിലെത്തിയിരുന്നു.
മകൾ ഭക്ഷണം കഴിക്കാൻ വിളിച്ചെങ്കിലും പോയില്ല.
ഭക്ഷണമിറങ്ങാൻ ഗദ്ഗദം അനുവദിക്കില്ലെന്നറിയാമായിരുന്നു.
കണ്ണീർ കണങ്ങൾ പൊഴിഞ്ഞ് നനവാർന്ന തലയിണയിൽ അമർത്തിയ മുഖത്തിനു നേരെ "എന്തിനാണിവിടെ വന്നത്? " എന്നൊരു ചോദ്യം മുഴങ്ങും പോലെ അയാൾക്ക് തോന്നി.
ഉറക്കമെത്താത്ത രാത്രിയിൽ കൃഷ്ണപിള്ളയുടെ ചിന്തകൾ വീട്ടിലേക്ക് പാഞ്ഞു.
ഇവിടേക്ക് വരുന്നത് ശരിയാവില്ലെന്ന് ഫോണിലന്ന് മകളോട് പറഞ്ഞപ്പോൾ പല്ലിചിലച്ചത് വീണ്ടുമോർത്തു. തന്റെ അഭിപ്രായം ശരിയാണെന്ന് പല്ലി ചൊല്ലി അറിയിച്ചതാവുമെന്ന ചിന്ത മനസ്സിൽ നിറഞ്ഞു.മാലിനിയുടെ വിശ്വാസങ്ങളോട് താനും ആഭിമുഖ്യം കാണിച്ചു തുടങ്ങിയോയെന്ന സംശയം കൃഷ്ണപിള്ളയുടെ മനസിൽ നിറഞ്ഞു. പഴമയെ തിരസ്ക്കരിക്കുന്ന പരിഷ്കാരികളുടെ കൂട്ടിൽ നിന്നും
പുല്ലാനികളും കൈതച്ചെടികളും നിറഞ്ഞ നാട്ടുവഴിയിലൂടെ ഇളവെയിലിൽ കരകളിൽ നായിൻകണകൾ പൂത്തു നിൽക്കുന്ന പുഴയിൽ മുങ്ങിനിവരാൻ കൃഷ്ണപിള്ളയുടെ മനസ്സ് തുടിച്ചു.
എന്തായാലും രാവിലെ തന്നെ പുറപ്പെടണം.പല്ലികളോട് ക്ഷമ ചോദിച്ച് തിരുവോണ രാത്രിയിലെങ്കിലും വാതിലുകളിൽ അരിമാവ് പതിപ്പിച്ച് ഗൗളിക്ക് ഓണം കൊടുക്കുന്ന പതിവ് നിലനിർത്തണം.തന്റെ വസ്ത്രങ്ങളെല്ലാം ബാഗിനുള്ളിലാക്കി വെച്ച് പുലരി വിരുയുന്നതും കാത്ത് കിടക്കയ്ക്കരികിലെ ജനാലയിലൂടെ വെളിയിലേക്ക് നോക്കിക്കിടന്നു. അതിലൂടെയെത്തുന്ന കാറ്റിനൊപ്പം പറന്ന് നാട്ടിലെത്താൻ കഴിഞ്ഞെങ്കിലെന്നയാൾ ആശിച്ചു.നാട്ടിലെ ഓണത്തെപ്പറ്റി ചിന്തിച്ചു കിടന്ന കൃഷ്ണപിള്ളയുടെ ചിന്തകളിലേക്ക് ഓണനിലാവ് പരക്കാൻ തുടങ്ങിയിരുന്നു. ഗ്രാമം തന്നെയാണ് തനിക്ക് നല്ലതെന്നു ചിന്തിക്കുമ്പോൾ ഭിത്തിയിലെവിടെയെങ്കിലുമിരുന്ന് പല്ലി ചിലക്കുന്നുണ്ടോയെന്ന് കൃഷ്ണപിള്ള പ്രതീക്ഷയോടെ നോക്കുന്നുണ്ടായിരുന്നു.
- പിണ്ണാക്ക്
ബുഷ്റ
അണ്ണാക്കിലൊട്ടീട്ടു കണ്ണു തുറിച്ച്,
വെള്ളം കുടിക്കാനായ് മണ്ടിക്കിതച്ച്,
ബാല്യത്തിന്നുള്ളതാം ബാലികേറാമല
കേറി നോക്കുന്നു ഞാൻ കൂട്ടുകാരേ,
അമ്മിണിയാടിന്നു കാടിയിൽ ചേർക്കാൻ പിണ്ണാക്കു വേണമെൻ പെൺകിടാവേ,
നാലാണയ്ക്കുള്ളതാം ബെല്ലവും വാങ്ങീ, വെക്കമടുക്കെൻ്റെ കൺമണിയേ .
ഉമ്മ പണം നീട്ടി കൽപ്പിച്ചതെല്ലാം വാങ്ങിക്കൊടുക്കലാണന്നുചിതം.
അല്ലായ്കിലന്നത്തെയന്നത്തിൽ മിഴിനീരു വീഴ്ത്തുകയാവണമെൻ നിയോഗം.
അബ്ബോക്കര്ക്ക തൂക്കി പ്പൊതിഞ്ഞു നീട്ടുന്നൊരാ, തേക്കിലക്കൂടുകൾ കൈത്തണ്ടിലേറ്റിയും
ആഗ്രഹക്കൂടുകൾ നാവിൻ്റെ തുമ്പത്തു മൊട്ടിട്ടുപൂക്കുന്നതറിയാതറിഞ്ഞും
എന്തോരെടങ്ങേറിതെന്നു ഞാൻ ഖിന്നയായ് , കൂനൻകുന്നെപ്പോഴും താണ്ടിടുമ്പോൾ,
വേണ്ടാവിചാരങ്ങളി
ബ്ലീസായ് വന്നെൻ്റ വിരലിനെ പൊതിയിലേക്കാഴ്ത്തിടുന്നു.
പിണ്ണാക്കു തിന്നുവാൻ കൊതിയാെട്ടുമില്ലെടോ,
നോവേറുമോർമകളധികമാകേ,
ബെല്ലപ്പൊതി ഞാനെൻ നെഞ്ചോടു ചേർത്തൊട്ടും ചോർന്നിടാതെന്നെന്നും കാത്തിടുന്നോൾ.
മുതിർന്നവർക്കുള്ളതാം നിയമാവലികളിൽ
പിള്ളേർക്കതെന്തുള്ളു നല്ലതായി,
ഉമ്മാക്കു മോന്തിക്കു
വെറ്റില തിന്നിടാം,
ഉപ്പാക്കുമന്തിക്കു ബീഡി വലിച്ചിടാം,
വല്യാപ്പ പാൽചായ മോന്തിക്കുടിക്കും,
വല്ലിമ്മയ്ക്കന്നുണ്ടു വെറ്റിലച്ചെല്ലം,
കുട്ടികളായൊരീ ഞങ്ങൾതന്നാശകൾ ചില്ലു ഭരണികൾക്കകത്തിരിക്കേ,
കടലപ്പൊതികളനവധി പേറുന്ന മുറമാെന്നാ കോലായിൽ പുഞ്ചിരിക്കേ,
മിഠായിക്കൊതി കൊണ്ട പെണ്ണാളവളെന്നപഖ്യാതിയെങ്ങനെ മാറ്റിടേണ്ടൂ!
പിണ്ണാക്കുപോലെയെൻ കവിളിലും തുടയിലും കൈതണ്ടമേലും കാൽ വണ്ണയിലും..
തൊലി പാതി നിറം മാറി വേദനയേറ്റുന്ന ഓർമകളുണ്ടേറെ കൂട്ടുകാരേ!
- കാകവിലാപം
മണികണ്ഠൻ.
ഭഗവതികളത്തിൽ.
അരുതരുത് കുയിൽകുഞ്ഞേ പോകരുത്
നീയെന്റെ
നെഞ്ചിലെ ചൂടേറ്റു വിരിഞ്ഞതല്ലേ...
എൻ ചിറകിലൊളിപ്പിച്ചു കാത്തതല്ലേ...
നിന്നെ ഞാൻ ഒത്തിരിയൊത്തിരി സ്നേഹിച്ചതല്ലേ...
എൻസ്വരം
നിനക്കോരപസ്വര മാണെങ്കിൽ
മൗനം വരിച്ചു ഞാൻ കൂട്ടിരിക്കാം.
നിൻ മൃദുഗാനത്തിൻ ശ്രുതിചേരുവാനായി
മാന്തളിർ സദ്യ ഒരുക്കിവെക്കാം.
അത്രമേൽ ഇഷ്ടമാണൊപ്പം പറക്കാനും
നിന്നെ ചിറകോരം ചേർത്തിടാനും . ജന്മബന്ധങ്ങൾ വെറും ജലരേഖയായ് കർമ്മ ബന്ധങ്ങൾക്ക് കൂട്ടിരിന്നു .
എത്ര രാവിന്റെ
തൂവൽ കൊഴിഞ്ഞാലും എത്ര മഴത്തുള്ളി വീണുടഞ്ഞാലും ഞാനാരുമല്ലെങ്കിലും നീയെനിക്കെല്ലാമാണെന്നറിയു ധന്യതകൾ.
നീ മറഞ്ഞാൽ
നിൻ മുഖം കാണാതിരുന്നെന്നാൽ കാണുവാനാകുമോ സുപ്രഭാതം ? അരുതരുത് കുഞ്ഞേ നീ പോകരുത് നീയെന്റെ നെഞ്ചിലെ ചൂടിൽ വിരിഞ്ഞതല്ലേ.
.....
- നാല്പത്
. മുനീർ അഗ്രഗാമി
നാല്പതു കഴിഞ്ഞവർ
തിരയടിക്കുന്നു
ചുറ്റിലും
അവർ കടൽ തന്നെ
ചുഴിയുള്ള
ആഴമുള്ള
അലകളുള്ള
അഴകു തന്നെ
നാല്പതു കഴിഞ്ഞവൾ
അസാന്നിദ്ധ്യത്തിന്റെ വെയിലേറ്റു
വെന്തു നീറുന്ന
മണൽപ്പരപ്പിന്റെ
നെഞ്ചിൽ കരഞ്ഞു വീഴുന്നു;
അഴിഞ്ഞുലഞ്ഞ
മുടി കോതി
പടിഞ്ഞാട്ടു നടക്കുന്നു
പാതി തണുത്ത വെളിച്ചത്തിൽ
ആഭരണമണിഞ്ഞ്
ഇരുട്ടുടുത്ത്
പ്രാചീന ഗന്ധമുള്ള
പഴംപാട്ടായ് ഇളകുന്നു
നാല്പത് കഴിഞ്ഞവനോട്
കഴിഞ്ഞു പോയ
വെളിച്ചത്തിന്
ഇരുട്ടുനൽകിയ പേരു തന്നെ
നാല്പതെന്ന്
നിശാഗന്ധി മൊഴിയുന്നു
നാല്പത് കഴിഞ്ഞവളോട്
നഗ്നമായ മൗനത്തിന്റെ
ഉടയാടകളിൽ
പുതിയ ശബ്ദത്തിന്റെ പൂക്കൾ തുന്നുന്ന
പെൺകുട്ടി തന്നെ നാല്പതെന്ന്
നക്ഷത്രങ്ങൾ സ്വകാര്യം പറയുന്നു
നല്പത്
നടന്നു തീർന്ന്
ഒറ്റപ്പെട്ട്
ഭൂമി തീർന്നെന്നോർത്ത്
നാല്പതു തിരകളിൽ നനഞ്ഞ
ഒരു പൂച്ച
നാല്പത്
കടലിൽ മുങ്ങിയ ,
നാലു കാലങ്ങളിലും
പാടുന്ന ഒരു പാട്ട്
നാല്പതു കഴിഞ്ഞ ഒരാൾ
പകുതി ഓർമ്മയും
പകുതി ജീവിതവുമാണ്
കടൽ പോലെ
പകുതി ജലവും
പകുതി കാഴ്ചയും
അവർ കടൽ തന്നെ
കണ്ണുകളിൽ
കണ്ടില്ലേ ആഴം ?
ഉടലിൽ
മുടിയിൽ
വയറിൽ
കണ്ടില്ലേ
തിരകൾ ?
നാല്പത് കഴിഞ്ഞവളുടെ കണ്ണിൽ
ഒരു രശ്മിയുണ്ട്
അതേത് സൂര്യന്റേതാണെന്ന്
അവൾ പറയില്ല
നാല്പത് കഴിഞ്ഞവന്റെ
നെഞ്ചിൽ ഒരു പ്രത്യേക മിടിപ്പുണ്ട്
അതാരുടെ ഹൃദയത്തിന്റേതാണെന്ന്
അവനും പറയില്ല.
അവർ തിരയടിക്കുമ്പോൾ
നല്ല നാവികൻ മാത്രം
അതറിയുന്നു.
- എനിക്കൊരു മുഴുഭ്രാന്തിയാകണം
രേഖ ആർ താങ്കൾ
തലച്ചോറിനെ കരണ്ടുതിന്നുന്ന
ഓർമ്മകളെ ചൊറിഞ്ഞെടുത്ത് വർത്തമാനത്തിൽ ചവിട്ടിതാഴ്ത്തി
പ്രാണവെപ്രാളം കണ്ടു
കൈകൊട്ടിച്ചിരിക്കണം
മായാത്ത പോറലുകൾക്ക്
മഷിപ്പച്ചതേടാതെ
സ്ലേറ്റു തന്നെ എറിഞ്ഞുടയ്ക്കണം
ഇരമ്പിപ്പായുന്ന അലർച്ചകൾക്കിടയിൽ ഭയപ്പാടേതുമില്ലാതെ
അലസം നടക്കണം
കൽപ്പിച്ചു കിട്ടിയ തിരുവസ്ത്രങ്ങൾ ഓരോന്നായി ഊരിയെറിയണം
കടിച്ചുകീറാനടുക്കുന്ന
വേട്ടനായ്ക്കളെ
അറപ്പില്ലാതെ അടങ്കലം പിടിച്ച്
വലിച്ചുകീറി പകുത്തുവയ്ക്കണം
ഇരുട്ടിനെ പൊതിഞ്ഞെടുത്ത കൊടിക്കൂറകൾ
നിറം നോക്കാതെ
പിച്ചിച്ചീന്തണം
വെളിച്ചം തുളഞ്ഞുകയറി
ചീറ്റിത്തെറിക്കുന്ന ചോര
നട്ടുച്ച കൂരിരുട്ടിലിരുന്ന്
ആസ്വദിച്ചു കുടിക്കണം
തോന്നുമ്പോഴൊക്കെ ആർത്തട്ടഹസിക്കാനും
പൊട്ടിക്കരയാനുമായി
എനിക്കൊരു മുഴുഭ്രാന്തിയാകണം
- മഴച്ചൂടിൽ
മഞ്ജുള___
വിഷുപ്പൂത്തിരികൾക്കിടയിൽ
തെളിഞ്ഞു നിന്ന
വിളറിയ ചിരിയുടെ..
നിശബ്ദത ,
ഏതോ മഴപ്പെരുക്കത്തെ
ഉള്ളിലേയ്ക്കു വലിച്ചിട്ടു.
മേഘക്കുടുക്കം
ഇരുളടിഞ്ഞ
മനക്കണ്ണിൽ,
അവളുടെ
പേരെഴുതിച്ചേർത്തു.
എത്ര കാത്തിരുന്നിട്ടും
നനഞ്ഞ ദിവസങ്ങളിലെ
യാത്രകൾ,
ഇല പൂത്തു പെയ്യും
മഴക്കാടു കടന്നില്ല.
ഇലപ്പെരുക്കങ്ങൾ
ചുവടു വച്ച്,
മഴയുടെ ഒറ്റത്തുള്ളിയിൽ
തറഞ്ഞു നിന്നു..
മഴക്കാല രാവിൻ്റെ
തൂവലഴിഞ്ഞൊരു
കരിമേഘം
ജാലക വിടവിലൂടെ
മുറ്റത്തു തെറിച്ചു വീണു.
കൺ മിഴിയ്ക്കുമ്പോൾ
ഒരായിരം വെളിച്ചം..
കൈ നീട്ടിത്തൊടാനായുമ്പോൾ
ഒരു മഴക്കാല സ്വപ്നം..,
അവൾ...
. പെയ്തൊഴിയുകയാണ്.
പതിയെ...
മുടിയഴിഞ്ഞ്,
അകലേയ്ക്കകലേയ്ക്ക്
ഒരു കരിനീലച്ചാർത്തായ്.
നീണ്ടു പെയ്യും നേരം
കാട്ടരുവിക്കരയിൽ
മഴവിൽപ്പടർപ്പാൽ
ഒരന്തിത്തിരി
എരിഞ്ഞു തുടങ്ങുന്നുണ്ടാവും.
ഇരുളിൽ പെയ്ത മഴത്തുണ്ടിനെ
ഒരപൂർവ്വ രാഗത്തിൽ
കുരുക്കിയിട്ടു കൊണ്ട്.
___
- : ബാലൻ പൂതേരിക്ക്
അകക്കണ്ണുകൊണ്ടങ്ങു കാണുന്നലോകം
പുറത്തേയ്ക്കുതിർക്കുന്ന സൗരഭ്യജാലം
മതിയ്ക്കുള്ളൊരാ,നല്ല സൗഭാഗ്യരാഗം
മദിയ്ക്കാതെ നിൻനാവുപാടുന്ന ഗാനം .
തുടിയ്ക്കുന്ന ഹൃത്തിൽക്കുടുങ്ങുന്നതെന്നും
വിരുന്നെത്തി വീണ്ടും ത്രസിപ്പിപ്പുരന്ധ്രം.
നിലയ്ക്കാത്തൊരുൾക്കാഴ്ച കൊണ്ടിപ്രകാരം
നിനയ്ക്കാതുയിർക്കട്ടെ ബാലൻ പ്രഭാവം.
തുലാഭാരമായ് പുസ്തകത്താൽ പ്രസാദം
പുരാധീശ തൃപ്പാദപൂജാ പ്രസാദം
നിനക്കിന്നു കൈവന്ന പത്മപ്രസാദം
വരം തന്നെയാ,കൃഷ്ണദേവ പ്രസാദം.
കരംകൂപ്പി ഞങ്ങൾ വണങ്ങുന്നുമോദം
സദാ നിന്നകക്കാമ്പുപുൽകും പ്രകാശം
പകർത്തുന്നതാം സ്നേഹ വൃന്ദത്തിനൊപ്പം
ശുഭം ഭാര്യ ശാന്തയ്ക്കു ,രാംലാൽ സുതന്നും.
: (അകക്കണ്ണു കൊണ്ട് പുറം ലോകം കണ്ട സാഹിത്യകാരൻ ബാലൻ പൂതേരിക്ക് പത്മശ്രീ ലഭിച്ചതറിഞ്ഞ് എഴുതിയത്.)
- തിരക്ക്
പ്രമോദ് കുറുവാന്തൊടി
എന്നും തിരക്കോ നിനക്കു പൊന്നേ
പണ്ടത്തെപ്പോലെയല്ലൊന്നുമൊന്നും
കാലത്തെണീറ്റിട്ടു രാവു ചായും വരെ
മണ്ടുന്നതുണ്ടു ഞാൻ ,കണ്ടതില്ലേ ?
കാലത്തു കാൽ വലിച്ചൊരു നടത്തം
വന്നിട്ടുയോഗയും അൽപ്പനേരം
ആയുസ്സു നീട്ടുവാനല്ലെടോ....പിന്നെയോ
മക്കൾക്കു ഭാരമാവാതിരിക്കാൻ
പത്രം മുഴുക്കെ വായിക്കണം ... അല്ലെങ്കിൽ
ചർച്ചയിൽ മന്തനായ് വാഴ്ക വേണം
താടി വടിക്കണം നിത്യവും .. അല്ലെങ്കിൽ
പ്രായം പരക്കെ വിളിച്ചു കൂവും
ഇങ്ങനെയൊക്കെ തിരക്കെങ്കിലും പിന്നെ
കിച്ചനിൽ കേറാതെ പോക വയ്യ
ഒരു മുറിത്തേങ്ങ ചിരകിയില്ലെങ്കിലോ
പരിഭവം കറിയിൽ വറുത്തിടില്ലേ...
പിന്നെപ്പുറപ്പെട്ടിറങ്ങും നേരം
പല വട്ടമോർക്കാം മറന്നതെന്തോ
പ്രായമേറുന്നൂ തലച്ചോറു പിന്നെയും
മണ്ടക്കു മേടിച്ചിരിച്ചു നിൽപ്പൂ
ആപ്പീസിലേറെത്തിരക്കാണു പിന്നെയും
ഞാനില്ലയെങ്കിലീ ലോകമുണ്ടോ .'
വൈകിട്ടു വന്നാലോ വാർത്തകൾ കേൾക്കണം
അല്ലെങ്കിലപ്ഡേറ്റഡാവുകില്ല...
എഫ് ബി യിൽ നാലു ഡയലോഗടിക്കണം
തൽക്ഷണ പ്രതികരണ ജീവിയല്ലേ
പറ്റുമെങ്കിൽ നാലു ചൂടൻ കമൻറുകൾ
എതിരാളി വാളിൽപ്പതിക്ക വേണം...
യൂണിയൻ നോക്കണം, സർവ്വീസു നോക്കണം
എല്ലാത്തിലും നിറഞ്ഞാടിടേണം
ശ്വാസം വിടാനൊട്ടു നേരമില്ലായെന്നി-
ടക്കിടെ താനെ പറഞ്ഞിടേണം
താനാര് ?വന്നു വിളിച്ചാലുടൻ പോരാൻ
എൻ്റെ വില താനറിഞ്ഞതില്ലേ
പോത്തിലോ കാറിലോ വന്നതെന്നാലെന്ത്
പോയിട്ടു പിന്നെ വാ .... നേരമില്ലാ....
- നേരെഴുത്തുകൾ....!!
സുരേഷ് നടുവത്ത്
എത്ര ശാന്തമായ് വൃശ്ചികം
നോമ്പുനോറ്റീടുന്നു
കെട്ട കാലത്തും ഒറ്റ
ച്ചൂട്ടുകൾ കത്തിക്കുന്നു
ആ വരും ധനു മാസ
രാത്രിയിൽ എത്തീടുന്നോ
രാതിരക്കാറ്റിന്നായി
കാത്തു
കാത്തുനിൽക്കുന്നു
മകരക്കൊയ്ത്തും കുംഭ
മഴ തൻ പ്രതീക്ഷയും
മീനച്ചൂടാവാഹിച്ച
മാമ്പൂക്കൾ പാടും പാട്ടും
മേടപ്പക്ഷിതൻ കണി
ക്കൈനീട്ടക്കൂക്കുംതോണി
പ്പാട്ടിനായ് എടവത്തിൻ
പാതിയെത്തിയ നോക്കും
മിഥുനം കൈ പിടിച്ച്
കർക്കടപ്പാടം താണ്ടി
ചിങ്ങപ്പൂ കൊഴിയുന്ന
കന്നിപ്പെണ്ണിൻ മുറ്റവും
ത്ലാപ്പൊത്തുംപ്ലാപ്പൊത്തുമായ്
പിന്നെയും വൃശ്ചികത്തിൻ
മണ്ഡലം പുകാനെത്തും
സൂര്യത്തേർച്ചക്രങ്ങളും
ഋജുവായ് പറയുന്നു
ഋതുവാണിവൾ ഋഷി
ഹൃദയമാവാഹിച്ച
പ്രണവ മന്ത്രമിവൾ ......!
ഏതു രോഗത്തിൻ കൂറ
ച്ചോക്കിനാൽ വരച്ചാലും
നേരെഴുത്തുകൾ മായ്ക്കാൻ
കാലത്തിനായിടുമോ....?
...................................
.....................................
- സീതയോട്
മൂത്തേടം
ആരുമറിയാതെയെന്മനക്കോട്ടയിൽ
അന്തഃപ്പുരമൊന്നൊരുക്കിവെച്ചു
അംബരം പൊൻനിറം തൂകുന്ന വേളയിൽ
ആരുമറിയാതെ കൂട്ടുകൂടാൻ
അംബരമംബരം തൂകുമീ വേളയിൽ
അബുജലോചനേ നിന്നെത്തഴുകിടും
അംബരനാഥന്റെ പൊൻകിരണങ്ങളും
അബുജേ നിന്നുടൽ കാന്തിയോടൊക്കുമോ!
ആയിരം ജന്മസുകൃതത്താലല്ലയോ
ആരോമലേ നീയെൻ സ്വന്തമായ്ത്തീർന്നതും
അന്തണരാവണൻ നിന്നെ കവർന്നപ്പോൾ
ആയുധശക്തിയാൽ നിന്നെ ഞാൻ വീണ്ടതും
ആയിരമായിരം കേൾവിയെ തീർക്കുവാൻ
അഗ്നിപരീക്ഷയിൽ വഹ്നിയെ വെന്നി നീ!
ആരോ പറഞ്ഞ പൊഴിയതു കേട്ടു ഞാൻ
അടവിതൻ മദ്ധ്യേ, നിന്നെക്കളഞ്ഞതും
അശ്വമേധത്തിന്നായ് കാഞ്ചനരൂപത്തിൽ
അംബികേ നിന്നുടൽ വീണ്ടും വരിച്ചതും.
അടവിതൻ മദ്ധ്യേ, നിന്നെക്കളഞ്ഞ ഞാൻ
ആശ്രമവാസിയായ് നീയെന്നറിഞ്ഞതും
അഗ്നിപരീക്ഷണം വീണ്ടുമൊരുക്കി ഞാൻ
ആര്യേ, നിനക്കായെൻ കൈകൾ വിരിച്ചതും
അഗ്നിയെ വെന്നിയും, എന്നെ കടന്നും നീ
അമ്മയാം ഭൂമിയെത്തന്നെ വരിച്ചില്ലേ?
അരചന്റെ ആചാരനിഷ്ഠകളൊക്കേ...
ആര്യേ, നിനക്കന്നേയറിവുള്ളതല്ലേ?
ആയിരമായിരം വർഷങ്ങൾ താണ്ടിയും
അവനിയിലിന്നും പഴിയെനിക്കല്ലോ!
- ഇമ്മാ..
മുഹ്‌സിനഅൽതാഫ്
പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്ക്ണ
ന്റനിയത്തി മുഹൈമിന
മിറ്റത്തേക്കിറങ്ങുമ്പോഴേക്കും
ചിറ്റ്വോറത്ത്ന്നും പാറിയെത്തും
ന്റുമ്മാനെ ആധി കേറ്റുന്ന
വർത്താനങ്ങൾ.
"പട്ച്ച്ട്ട്പ്പോ ന്താ
മാശമ്മാർക്കും കൂടി
പടിച്ചോലെ മാണ്ടാ" ന്ന്
പാത്തുമ്മത്താത്ത
"പയിനെട്ടില് കെട്ടിച്ചാ
അയിനൊക്കൂല കുട്ട്യാളേ" ന്ന്
മൈമൂനത്താത്ത.
"വല്യോളെന്നെ കണ്ടീലെ
ആര്ക്കും മാണ്ട.
ഇച്ചിരി ബെള്പ്പ് ണ്ടെങ്കി
ഞമ്മളട്ത്തൊരു കെട്ട്ണ്ടെയ്നീ
ഓന് സ്വത്തും മൊതലും പ്രസ്നല്ല
കുട്ടി നെറം മാണം ന്നൊള്ളു" ന്ന്
കയ്ജുത്താത്ത.
"വല്യോളെ മാതിരി
എളേനിം കൂടി
അച്ചേല്ക്ക് നിർത്തല്ലിം ട്ടോ
അയ്ശുതാത്താ
ഓളെങ്കിലും കയ്ച്ചിലായ്ക്കോട്ടെ" ന്ന്
നബീസത്താത്ത.
എല്ലാം കേട്ട്
ന്റുമ്മാന്റെ നെഞ്ചില് കൊണ്ടോട്ടി നേർച്ചന്റെ
ബാൻഡ്മുട്ട് തുടങ്ങിയപ്പോൾ
മുഹൈമിന
ഈറയോടെ വിളിച്ചു
"ഇമ്മാ....."
✍🏽
- ചില ആകാശങ്ങൾ
സുരേഷ് കുമാർ ജി
പക്ഷികൾ പറക്കുന്നു -
വെന്ന നാട്യത്തിൽ ഗൂഢ
ചിത്രങ്ങളെഴുതി മാ-
ച്ചീടുമീയാകാശത്തിൽ
എപ്പൊഴെങ്കിലുമൊരു
സന്ദേശകാവ്യം വഴി
തെറ്റിയെത്തുന്നൂ ,കൊത്തി
ക്കൊണ്ടുപോകുന്നൂ വീണ്ടും...!
ഒട്ടവ, നിഗൂഢങ്ങ
ളാകയാൽ ,പലപ്പോഴും
കൂട്ടി വായിക്കാൻ നീണ്ട
കാലങ്ങളെടുക്കുന്നൂ
അത്രമേൽ മനോഹര
മായവർ വരയ്ക്കുന്ന
ചിത്രങ്ങളെന്നാൽ, നമു
ക്കായിരിക്കയേയില്ല...!
എങ്കിലുമെങ്ങോട്ടേയ്ക്കോ
കൊണ്ടുപോകുവാനായി
എന്തിനോ നീർത്തീടുന്ന
മായികാകാശങ്ങളിൽ
പിന്നെയും വന്നങ്ങനെ
യുറ്റു നോക്കുന്നു പോയ
ജന്മത്തിൽ നിന്നെന്നപോൽ
സാന്ധ്യ മേഘങ്ങൾ വീണ്ടും...!
- ജീവൻ്റെ ജീവനുള്ള കവിതകൾ
ജീവിതത്തെ തൊടുമ്പോൾ
____________________________
ജിൻസി.ടി.ജെ
കുട്ടികളുടെ കവിതകൾ വായിക്കാറുണ്ട് കാരണം കുട്ടികൾ എന്നും എനിക്ക് പ്രിയപ്പെട്ടവരാണ് ,അവർ ഏതു പ്രായത്തിലുള്ളവരായാലും.അവരുടെ ഭാവനാലോകം വിശാലമാണ്. പല കുട്ടികളും വളരെ രസകരമായാണ് സാഹിത്യത്തെ സമീപിക്കാറുള്ളത്. ജീവിതത്തിലെ സമസ്ത മേഖലകൾ അവർ സാഹിത്യത്തിൽ കൊണ്ടുവരുന്നതായി കാണാം. ഇന്ന് വായന മരിച്ചു കൊണ്ടിരിക്കുകയാണെന്ന് മുറവിളി കൂട്ടികൊണ്ടിരിക്കുന്നുണ്ടെങ്കിലും പുതുതലമുറക്ക് നിരവധി വായനാ സാധ്യതകളുണ്ട്. അത് വളരെ വിശാലവുമാണ് എന്തും ഏതും അവരുടെ വിരൽത്തുമ്പിലാണ്.ഈ സാധ്യതകളെ അവർ ഉപയോഗപ്പെടുത്താറുമുണ്ട്. അവർ പുതിയ അറിവുകൾ നിർമ്മിക്കുന്നതും പ്രയോജനപ്പെടുത്തുന്നതും അത്തരം ലോകത്തു നിന്നു തന്നെയാണല്ലൊ.എന്നാൽ ഇ-വായന മുതിർന്നവരായ നമ്മുടെ സമൂഹം അത് പ്രോത്സാഹിപ്പിക്കാറില്ല.പുതു വായനകളെ ഉൾകൊള്ളാൻ കഴിയാത്തതാകാം അതിനു കാരണം.
സാഹിത്യ ലോകത്ത് 'കഥകളും കവിതകളും ലേഖനങ്ങളുമെല്ലാം എഴുതുകയും വായിക്കുകയും ചെയ്യുന്ന ധാരാളം കുട്ടികൾ നമ്മുടെയിടയിലുണ്ട്. അല്ലെങ്കിൽ നമ്മുടെ അടുത്ത് തന്നെയുണ്ട്. അവർ പ്രോത്സാഹിപ്പിക്കപ്പെടേണ്ട വരുമാണ്. ഇത്തരത്തിൽ പ്രോത്സാഹനം അർഹിക്കുന്ന ഒരാളാണ് ജീവൻ ജിനേഷ്. ജീവൻ്റെ മൂന്ന് കുട്ടിക്കവിതകൾ ഈയിടെ വായിക്കാനിടയായി. മൂന്ന് കവിതകളും വളരെ വായനാസാധ്യതയും ആസ്വദപരവുമാണെന്നും
തോന്നി. കുട്ടിക്കവിതകളെങ്കിലും കുഞ്ഞുണ്ണി കവിതകൾ പോലെ ചിന്തനീയമാണ് ഓരോ കവിതയും. അപ്പോഴേയ്ക്കും എന്ന ആദ്യ കവിതയിൽ
പ്രണയത്തെയും മരണത്തെയും എങ്ങനെ ബന്ധിപ്പിച്ചിരിക്കുന്നുവെന്ന് നോക്കൂ. പ്രണയത്തിൻ്റെ മാധുര്യം ആ എട്ടു വരികവിതയിൽ വളരെ മനോഹരമായാണ് അവതരിപ്പിച്ചിരിക്കുന്നത്.
"
പ്രണയമെന്തെന്നറിയാനാണ്
ഞാൻ പ്രണയിച്ചത്.
മരണമെന്തെന്നറിയാൻ
മരിക്കണമെന്നുണ്ടായിരുന്നു."
പ്രണയത്തിൻ്റെ ഒരു മറുപുറമാണ് കവിത.പ്രണയം ,വിരഹം, മരണം ( ആത്മഹത്യ ) ഈ തലത്തിലേക്കാണ് സാധാരണ കവികൾ പ്രണയത്തെ സങ്കല്പിച്ചെടുക്കാറ്. ഇന്നത്തെ ഭാഷയിൽ തേച്ചിട്ടു പോയ കാമുകി / കാമുകൻ. ഇവിടെ മറിച്ചാണ് ചിന്ത.പ്രണയം മരണത്തിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള മന്ത്രം എന്ന നിലയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. സ്നേഹം മരണത്തിൽ നിന്ന് പിന്തിരിപ്പിക്കുന്ന ശക്തി തന്നെയാണല്ലൊ ഇത് വൈലോപ്പിള്ളിയും ആശാനും ആവർത്തിച്ചിട്ടുള്ള ചിന്തയാണ്.ഈ വരികൾ വായിച്ചവരാരും ഇത് മറക്കമെന്ന് തോന്നുന്നില്ല.സമകാലിക പ്രസക്തിയുള്ള ഒരു കവിതയാണ് അടുത്തത് . കവിതയുടെ പേര് 'ഉത്തരം ദക്ഷിണം'.
തോളോടു തോൾ ചേർന്ന്
ജീവിത ഗ്ലോബിലെ
സ്നേഹാംശരേഖ പഠിപ്പിച്ച
മാഷും ഞങ്ങളും
രണ്ടു ധ്രുവങ്ങളിൽ തടവിലായി...
മഞ്ഞുരുകാൻ കാത്തുനിൽക്കവേ
ഓൺലൈൻ വെളിച്ചത്തിൽ തെളിയുന്നു
മുഖം മറച്ച വാക്കുകൾ..."
കൊറോണ കാലത്തെ അടയാളപ്പെടുത്തുന്ന കവിത. ഈ 'ലോക്ഡൗണിൽ ജീവിതത്തിൻ്റെ രണ്ട് ധ്രുവങ്ങളിൽ തടവിലാക്കപ്പെട്ട അധ്യാപക വിദ്യാർത്ഥികൾ.അവരുടെ മാനസിക സംഘർഷങ്ങൾ ഈ വരികളിൽ നിന്ന് വായിച്ചെടുക്കാം. അതിലെ 'ജീവിതഗ്ലോബ്, സ്നേഹാം ശരേഖ എന്നീ പദങ്ങൾ ചുള്ളിക്കാടിൻ്റെ കല്പനകളെ ഓർമ്മിപ്പിച്ചു.വളരെ ആകർഷിക്കുകയും ചെയ്തു. അധ്യാപക വിദ്യാർത്ഥി ബന്ധം മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു '.ഒരധ്യാപകന് കുട്ടിയോടും കുട്ടിക്ക് അധ്യാപകനോടും എത്രയെത്ര ചിന്തകൾ പങ്കു വയ്ക്കാനുണ്ടാകും. അതിനൊന്നും ആവാതെ പിടയുന്ന രണ്ട് മനസ്സുകളെ നമുക്കിവിടെ കാണാം.' മുഖം മറച്ച വാക്കുകൾ ' എന്ന പ്രയോഗം ഓൺലൈൻ പഠനത്തിൻ്റെ വിരസത ശരിക്കും മനസിലാക്കിത്തരുന്നു.
മൂന്നാമത്തെ കവിത 'വിളി'
ദൈവവിളിയും ഫോൺ വിളിയും തമ്മിൽ ബന്ധപ്പെടുത്തിയിരിക്കുന്നു.
" വിളി
ദൗർബല്യമായിരുന്നു
വണ്ടിയോടിക്കുമ്പോൾ
വന്ന വിളിയും അവഗണിച്ചില്ല.
അത്, പക്ഷേ
ദൈവത്തിന്റെ വിളിയായിരുന്നു"
ഒരു തലത്തിൽ നിന്നു നോക്കിയാൽ ഈ കവിത ചിന്തയും ബോധവത്ക്കരണവുമാണ്. ഏത് കാലത്തും നാം ഓർത്തിരിക്കേണ്ട സത്യവും നിയമവുമാണത്. നിയമം തെറ്റിക്കുന്നവർക്കുള്ള ഒരു താക്കീതും കൂടിയാണ്. ഈ
കവിത വായിച്ചപ്പോൾ ഇത്തരത്തിലുണ്ടായ പല സംഭവങ്ങളും ഓർമ്മിച്ചു.
ജീവൻ ജിനേഷിന്റെ ഈ മൂന്ന് കവിതകളും / ചിന്തകളും മുതിർന്നവർക്കു പോലും എത്തിചേരാൻ പറ്റാത്ത അർത്ഥ തലത്തിലേക്ക്, വായനാ സാധ്യത കളിലേക്ക് നമ്മെ കൂ
ട്ടിക്കൊണ്ട്
പോകുന്നുണ്ട്. മൂന്നും ഒരേ സമയം സമൂഹത്തിന് ഗുണപ്രദവും ആസ്വാദകർക്ക് ഹൃദയ രഞ്ജകവുമാണ്
_________
പ്രതിക്കൂട്ടിലെ നാരായം
കാലക്ഷരമെന്നുള്ളിൽ
കലിതുള്ളി കിടപ്പുണ്ട്
അരയക്ഷരമെന്നുള്ളിൽ
അരുവിപോൽ കിടപ്പുണ്ട്
മുഴുനീളമക്ഷരമെന്നുള്ളിൽ
മുറുമുറുപ്പോടെ കിടപ്പുണ്ട്
ചില്ലക്ഷരമെന്നുള്ളിൽ
ചിലമ്പിച്ചു കിടപ്പുണ്ട്
പുത്തനാമക്ഷരമെന്നുള്ളിൽ
പുഴപോലെ കിടപ്പുണ്ട്
കൂട്ടക്ഷരങ്ങളെന്നുള്ളിൽ
കടലലപോൽ കിടപ്പുണ്ട്
അമ്പൊത്തൊന്നക്ഷരമെന്നുള്ളിൽ
അലപായുന്നതുപോൽ
തലതല്ലിക്കരയുന്നുണ്ട്
പിഴപറ്റിയ നാരായത്തെ
പ്രതിക്കൂട്ടിൽ കേറ്റുന്നുണ്ട്
*
- തിരുശേഷിപ്പുകൾ
===============
എന്റെ വീട്
യുഗാന്തരങ്ങളായി
അടയ്ക്കപ്പെട്ട
കല്ലറകൾക്കു മുകളിൽ
ആത്മാക്കളുടെ
സംഗീതത്തിൽ
ഉള്ളം തളിർക്കുന്നു
പട്ടു പോയ കാലാൾപ്പട
ചരിത്ര വീഥികൾ
കോട്ട കൊത്തളങ്ങൾ
ചരിത്ര രേഖകൾ
മസ്തിഷ്കത്തിന്റെ
തീജ്വാല
പുരാതന ശിലകളിൽ
കൊത്തിവയ്ക്കപ്പെട്ട
ശാസനങ്ങൾ
കഴുവിലേറ്റപ്പെട്ടവന്റെ
ഊർദ്ധൻവലികൾ
അവസാന പിടച്ചിൽ
വീശി തെളിക്കുന്ന
ചൂട്ടു വെട്ടത്തിൽ
തിളങ്ങുന്ന കണ്ണുകൾ
പുതിയ തലമുറയുടെ
തുറസ്സുകൾ
പഴമയുടെ
തിരുശേഷിപ്പുകൾ
ക്ലാവ് പിടിച്ചവ
ഉള്ളിന്റെയുള്ളിൽ
തേച്ചു മിനുക്കി
മുന കൂട്ടുന്നു
മറവിയുടെ
ഇടുങ്ങിയ വഴി
ശൂന്യതയിലേക്ക്
തുറക്കുന്ന
നരച്ച നോട്ടം
ജാതി മതം മനുഷ്യൻ
കലഹിക്കുന്ന തെരുവ്
മിത്രങ്ങളെ ചുംബിക്കവേ
വെറുപ്പ് നിറയുന്ന മനസ്സ്
എന്നെ മറയ്ക്കുന്ന
വന്മതിലുകൾ
ഒരു ഭിത്തിക്കിരുവശം
അപരിചിതരായവർ
ചാപ്പ കുത്തിയ നെറ്റിത്തടം
ദൈവം സൗകര്യപൂർവം
മറന്ന ഇരതേടലുകൾ
അനസ്യൂതം മുഴങ്ങുന്നത്
ഞാൻ ഞാൻ ഞാൻ
നിത്യം
നിശബ്ദം
ഭൂമി ഉണരുന്നു
ഉറങ്ങുന്നു
ഉണരുന്നു
ഉറങ്ങുന്നു
ശുഭം
**** **** ****
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ